ചാഞ്ചാടി വിപണി; ഒടുവിൽ നഷ്ടത്തോടെ അവസാനം

പ്രതീകാത്മക എഐ ചിത്രം
മുംബൈ : പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുള്ള ഭൗമരാഷ്ട്രീയ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ ഓഹരി വിപണി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. വ്യാപാരത്തിന്റെ തുടക്കത്തിൽ മികച്ച മുന്നേറ്റം പ്രകടമായെങ്കിലും അവസാന ഘട്ടത്തിലുണ്ടായ വിൽപന സമ്മർദം വിപണിയെ താഴേക്ക് നയിക്കുകയായിരുന്നു. ഇന്ന് എഫ്എംസിജി, ഐടി, പൊതുമേഖലാ ബാങ്കുകൾ എന്നിവയാണ് പ്രധാനമായും വിൽപന നടത്തിയത്.
ബിഎസ്ഇ സെൻസെക്സ് 114 പോയിന്റ് അഥവാ 0.15 ശതമാനം ഇടിഞ്ഞ് 77,844.52 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. വ്യാപാരത്തിനിടെ 78,384.70 വരെ ഉയർന്ന് കരുത്ത് കാട്ടിയ ശേഷമാണ് സെൻസെക്സ് താഴേക്കെത്തിയത്. നിഫ്റ്റി 4.30 പോയിന്റ് ഇടിഞ്ഞ് 24,326.65 എന്ന നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചു.
സെൻസെക്സിൽ ഹിന്ദുസ്ഥാൻ യൂണിലിവറാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. ടിസിഎസ്, ടെക് മഹിന്ദ്ര, ടൈറ്റൻ, സൺ ഫാർമ, ഐടിസി എന്നിവയും നഷ്ടം രേഖപ്പെടുത്തി. ഈ അഞ്ച് വൻകിട ഓഹരികളിലെ തകർച്ചയാണ് സെൻസെക്സിനെ പ്രധാനമായും ബാധിച്ചത്. അതേസമയം വിപണിയിലെ ഇടിവിനിടയിലും മഹിന്ദ്ര ആൻഡ് മഹിന്ദ്ര, എൻടിപിസി, കൊട്ടക് മഹിന്ദ്ര ബാങ്ക് എന്നിവ നേട്ടമുണ്ടാക്കി.
ഐടി സൂചിക 0.56 ശതമാനവും പൊതുമേഖലാ ബാങ്ക് സൂചിക 0.54 ശതമാനവും ഇടിവ് രേഖപ്പെടുത്തി. പശ്ചിമേഷ്യൻ സംഘർഷം എണ്ണവിലയെയും വിതരണ ശൃംഖലയെയും ബാധിക്കുമെന്ന ആശങ്ക നിക്ഷേപകരെ ജാഗ്രതയുള്ളവരാക്കുന്നതാണ് വിപണിയിലെ ഈ ചാഞ്ചാട്ടത്തിന് കാരണം.










0 comments