കരകയറാനാവാതെ രൂപ; വിദേശ നിക്ഷേപകർ ഓഹരികൾ വിറ്റൊഴിക്കുന്നു

പ്രതീകാത്മക ചിത്രം | Photo Credit: REUTERS
മുംബൈ : വിദേശ നിക്ഷേപകർ ഇന്ത്യൻ കമ്പനികളുടെ 60,847 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ രണ്ട് വർഷമായി തുടരുന്ന മൂലധന പിൻവലിക്കലിന്റെ തുടർച്ചയാണിതെന്നാണ് വിലയിരുത്തൽ. 2026 ഏപ്രിൽ വരെയുള്ള കണക്കാണിതെന്ന് നാഷണൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ് വ്യക്തമാക്കുന്നു.
ഈ വർഷം മൂന്നാം തവണയാണ് വിദേശ നിക്ഷേപം ഇത്തരത്തിൽ പുറത്തേക്ക് ഒഴുകുന്നത്. 2026 ഫെബ്രുവരിയിൽ 22,615 കോടി രൂപയുടെ അറ്റ നിക്ഷേപം വന്നിരുന്നു. ഇതിന് പിന്നാലെ മാർച്ചിൽ 1.1 ലക്ഷം കോടി രൂപയിലധികം നിക്ഷേപം പിൻവലിക്കപ്പെട്ടു. ഇത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണ്. ഏപ്രിലിലെ വിറ്റഴിക്കൽ മാർച്ചിനെ അപേക്ഷിച്ച് കുറവാണ്.
ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ മാത്രം 1.9 ലക്ഷം കോടി രൂപയുടെ വിദേശ പണമാണ് ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് പുറത്തേക്ക് പോയത്. ഇതാണ് രൂപയുടെ മൂല്യം തുടർച്ചയായി ഇടിയുന്നതിനും വ്യാഴാഴ്ച ഒരു ഡോളറിന് 95 രൂപ എന്ന നിലയിലേക്ക് എത്തിയതിനും പ്രധാന കാരണമായത്.
പശ്ചിമേഷ്യൻ പ്രതിസന്ധി മൂലം ഇറക്കുമതി ചെലവ് വർധിച്ചതും ഓഹരി വിപണിയിൽ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ പിൻവാങ്ങലും കാരണം ജനുവരി മുതൽ ഏപ്രിൽ വരെ രൂപയുടെ മൂല്യത്തിൽ 5.5 ശതമാനം ഇടിവുണ്ടായിട്ടുണ്ട്.
"വിദേശ നിക്ഷേപങ്ങളുടെ പുറത്തേക്കുള്ള ഒഴുക്കും വിനിമയ നിരക്കിലെ മാറ്റങ്ങളും പരസ്പരം സ്വാധീനിക്കുന്നു. രൂപയുടെ മൂല്യം കുറയുന്നത് വിദേശ നിക്ഷേപകർക്ക് ഡോളറിൽ ലഭിക്കുന്ന ലാഭത്തെ ബാധിക്കുന്നു. ഇത് കൂടുതൽ നിക്ഷേപം പിൻവലിക്കാൻ അവരെ പ്രേരിപ്പിക്കുന്നു. ഇത് വീണ്ടും കറൻസിക്ക് മേൽ സമ്മർദം ചെലുത്തുന്നു." ധനമന്ത്രാലയത്തിന്റെ പ്രതിമാസ സാമ്പത്തിക അവലോകനത്തിൽ വ്യക്തമാക്കുന്നു.
ഹോർമുസ് പ്രതിസന്ധി അവസാനിക്കാതത്ത് എണ്ണവില വർധിക്കാനും വിദേശ നിക്ഷേപം തുടർന്നും പിൻവലിക്കപ്പെടാനും കാരണമാകുമെന്ന് ധനകാര്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇത് ഡോളറിന് 96 രൂപ എന്ന നിലയിലേക്ക് വിനിമയ നിരക്ക് എത്തിച്ചേക്കാം. നിലവിലെ പ്രതിസന്ധി തുടർന്നാൽ രൂപയുടെ മൂല്യം 97 വരെ ഇടിയാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു കൂട്ടിച്ചേർത്തു.
ആഗോള തലത്തിൽ എണ്ണവില കുറയാതെ രൂപയുടെ മൂല്യം 94.8 എന്നത് മുകളിലേക്ക് ഉയരാൻ സാധ്യതയില്ലെന്നും ധനകാര്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. രൂപയുടെ മൂല്യത്തെക്കുറിച്ചുള്ള ധനകാര്യ വിദഗ്ധർ അഭിപ്രായങ്ങളും ആഗോള ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോൾ വിദേശ നിക്ഷേപകർ ഉടനടി തിരിച്ചു നിക്ഷേപിക്കില്ലെന്നാണ് വിലയിരുത്തൽ.











0 comments