ad
Deshabhimani

വോട്ടർപട്ടിക പുതുക്കൽ; ഹരിയാനയിലും ആന്ധ്രാപ്രദേശിലും കാലാവധി നീട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ

SIR

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 14, 2026, 08:29 PM | 1 min read

ന്യൂഡൽഹി: ഹരിയാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നടന്നുവരുന്ന വോട്ടർപട്ടികയുടെ തീവ്ര പുനരവലോകന (എസ്‌ഐആർ) കാലാവധി തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടി. ഇരു സംസ്ഥാനങ്ങളിലെയും വോട്ടർപട്ടിക പുതുക്കൽ നടപടികൾക്ക് 10 ദിവസത്തെ സമയമാണ് കമ്മീഷൻ അധികമായി അനുവദിച്ചിരിക്കുന്നത്.


പുതുക്കിയ സമയവിവരപ്പട്ടിക പ്രകാരം ബൂത്ത് ലെവൽ ഓഫീസർമാരുടെ വീടുതോറുമുള്ള വോട്ടർ വിവരശേഖരണം ജൂലൈ 24 വരെ തുടരും. നേരത്തെ ഇത് ജൂലൈ 14-ന് അവസാനിപ്പിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. ആന്ധ്രാപ്രദേശിലെ ചീഫ് ഇലക്ടറൽ ഓഫീസറുടെ അപേക്ഷയും വിവിധ രാഷ്ട്രീയ പാർട്ടികളുടെ ആവശ്യവും പരിഗണിച്ചാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ മേയ് 14-ലെ വിജ്ഞാപന പ്രകാരമുള്ള സമയക്രമത്തിൽ മാറ്റം വരുത്തിയത്.


വോട്ടർമാരുടെ വിവരങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന നടപടികൾ പൂർത്തിയാക്കാൻ ഈ നീട്ടിനൽകൽ സഹായകരമാകും. മേയ് മാസത്തിൽ പ്രഖ്യാപിച്ച വോട്ടർപട്ടിക പുതുക്കലിന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായാണ് ഹരിയാനയിലും ആന്ധ്രയിലും നിലവിൽ ഈ പ്രക്രിയ പുരോഗമിക്കുന്നത്.


പുതുക്കിയ കലണ്ടർ പ്രകാരം ജൂലൈ 31-ന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. ഇതിന്മേൽ പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കുന്നതിനായി ജൂലൈ 31 മുതൽ ഓഗസ്റ്റ് 30 വരെ വോട്ടർമാർക്ക് സമയം ലഭിക്കും.


ഇവ പരിശോധിച്ചു തീർപ്പാക്കിയ ശേഷം ഒടുവിൽ ഒക്ടോബർ 3-ന് അന്തിമ വോട്ടർപട്ടിക പുറത്തുവിടുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. അർഹരായ എല്ലാ വോട്ടർമാരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കാൻ രാഷ്ട്രീയ പാർട്ടികളും ഉദ്യോഗസ്ഥരും സജീവമായി രംഗത്തുണ്ടാകണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home