ഇറാനിൽ വീണ്ടും യുഎസ് ആക്രമണം; പശ്ചിമേഷ്യയിൽ തിരിച്ചടിച്ച് തെഹ്റാൻ, യുദ്ധഭീഷണി

ഇറാന്റെ ഐആര്‍ജിസി കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണങ്ങളുടെ ദൃശ്യങ്ങള്‍
ദുബായ്: ഇറാനിലെ വിവിധ സൈനിക കേന്ദ്രങ്ങളിൽ യുഎസ് വീണ്ടും ആക്രമണം നടത്തിയതിന് പിന്നാലെ പശ്ചിമേഷ്യയിൽ വ്യാപകമായി തിരിച്ചടിച്ച് തെഹ്റാൻ. ബഹ്റൈന്‍, ജോർദാന്‍, ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച മൂന്ന് ചരക്കുകപ്പലുകള്‍ എന്നിവയാണ് ഇറാന്റെ ആക്രമണത്തിന് ഇരയായത്. ഇതോടെ സംഘർഷം താൽക്കാലികമായി നിർത്താനുള്ള ഇടക്കാല ധാരണ തകർച്ചയുടെ വക്കിലെത്തി.
ഇറാന്റെ തീരപ്രതിരോധ സംവിധാനങ്ങൾ, മിസൈൽ–ഡ്രോൺ കേന്ദ്രങ്ങൾ, കടൽസേനാ സംവിധാനങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ആക്രമണം സ്ഥിരീകരിച്ച ഇറാൻ നാശനഷ്ടങ്ങളോ ആളപായമോ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
യുഎസ് ആക്രമണത്തിന് പിന്നാലെ ഇറാൻ ബഹ്റൈനിലേക്കും ജോർദാനിലേക്കും മിസൈലുകൾ തൊടുത്തു. ഇറാനിൽനിന്നെത്തിയ നാല് മിസൈലുകൾ തകർത്തതായി ജോർദാൻ സൈന്യം അറിയിച്ചു. യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനമായ ബഹ്റൈനിൽ മൂന്ന് തവണ മിസൈൽ മുന്നറിയിപ്പ് മുഴങ്ങി.
ഹോർമുസിലൂടെ സഞ്ചരിച്ച മൂന്ന് കപ്പലുകളെയും ഇറാൻ ആക്രമിച്ചു. യുഎഇയുമായി ബന്ധമുള്ള മൊംബാസ, അൽ ബഹിയ എന്നീ കപ്പലുകളിലെ ആക്രമണത്തിൽ ഒരാൾ മരിക്കുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒമാൻ തീരത്തിനു സമീപം സ്റ്റോൾട്ട് മഗ്നീഷ്യം എന്ന കപ്പലിലും ആക്രമണമുണ്ടായി. തീപിടിത്തമുണ്ടായെങ്കിലും ജീവനക്കാർ സുരക്ഷിതരാണെന്ന് കപ്പൽ കമ്പനി അറിയിച്ചു.
ഇറാന്റെ തുറമുഖങ്ങൾ വീണ്ടും ഉപരോധിക്കുമെന്നും ഹോർമുസിലൂടെ സുരക്ഷിതമായി കടന്നുപോകുന്ന കപ്പലുകളിൽനിന്ന് ചരക്കിന്റെ മൂല്യത്തിന്റെ 20 ശതമാനം വരെ ഈടാക്കുമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ബുധനാഴ്ച അർധരാത്രിമുതൽ ഉപരോധം പുനഃസ്ഥാപിക്കുമെന്നാണ് യുഎസ് അറിയിച്ചത്.
ലോകത്ത് വ്യാപാരം ചെയ്യുന്ന അസംസ്കൃത എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും അഞ്ചിലൊന്ന് ഹോർമുസ് കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. സംഘർഷം വീണ്ടും രൂക്ഷമായതോടെ ബ്രെന്റ് ക്രൂഡ് വില ബാരലിന് 87 ഡോളറിന് മുകളിലെത്തി.
ബഹ്റൈൻ, കുവൈത്ത്, ഖത്തർ, യുഎഇ, ഒമാൻ ഉൾക്കടൽ എന്നിവിടങ്ങളിലെ വ്യോമപാത ഒഴിവാക്കണമെന്ന് യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി വിമാനക്കമ്പനികൾക്ക് മുന്നറിയിപ്പ് നൽകി. മിസൈലുകളും ഡ്രോണുകളും യുദ്ധവിമാനങ്ങളും വ്യോമപ്രതിരോധ സംവിധാനങ്ങളും ഉപയോഗിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ യാത്രാവിമാനങ്ങൾക്ക് വലിയ അപകടസാധ്യതയുണ്ടെന്ന് ഏജൻസി അറിയിച്ചു.
സംഘർഷം സമ്പൂർണ യുദ്ധത്തിലേക്ക് നീങ്ങുന്നത് തടയാൻ പാകിസ്ഥാന്റെ നേതൃത്വത്തിൽ മധ്യസ്ഥശ്രമം തുടരുകയാണ്. യുഎസിനെയും ഇറാനെയും വീണ്ടും ചർച്ചയിലെത്തിക്കാൻ മേഖലാ രാജ്യങ്ങൾ ശ്രമിക്കുന്നുണ്ടെങ്കിലും അടിയന്തര നയതന്ത്രപരിഹാരം ഉണ്ടായില്ലെങ്കിൽ യുദ്ധം കൂടുതൽ വ്യാപിക്കുമെന്നാണ് ആശങ്ക.










0 comments