ശബരിമല സ്വർണ്ണക്കൊള്ള; 'കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ആസൂത്രിത നീക്കം നടത്തുന്നു': പിണറായി വിജയൻ

തിരുവനന്തപുരം : യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതുമുതൽ ശബരിമല സ്വർണ്ണക്കൊള്ള കേസിലെ അന്വേഷണം അട്ടിമറിക്കാനുള്ള ആസൂത്രിതമായ നീക്കങ്ങളാണ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കോടതി ഇടപെടലുകൾ മൂലം ശബരിമലയുടെ ഭരണപരവും ആചാരപരവുമായ കാര്യങ്ങളിൽ സർക്കാരിന് തീരുമാനങ്ങളെടുക്കാൻ സാധിക്കുന്നില്ലെന്ന ദേവസ്വം മന്ത്രി കെ മുരളീധരന്റെ പ്രസ്താവനയെയും അദ്ദേഹം വിമർശിച്ചു.
മുരളീധരന്റെ പ്രസ്താവന അനവസരത്തിലുള്ളതാണെന്നും അന്വേഷണം അട്ടിമറിക്കാനുള്ള ഗൂഢലക്ഷ്യമാണ് നടക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമർശനം.
ഈ സർക്കാർ അധികാരത്തിൽ വന്നതുമുതൽ ശബരിമല സ്വർണ്ണക്കൊള്ള കേസിലെ അന്വേഷണം അട്ടിമറിക്കാനുള്ള ആസൂത്രിതമായ നീക്കങ്ങൾ നടക്കുന്നുണ്ട്. ബഹു. ഹൈക്കോടതി നിശ്ചയിച്ച പ്രത്യേക അന്വേഷണ സംഘമാണല്ലോ ഈ കേസ് അന്വേഷിക്കുന്നത്. ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതിഭാഗം അഭിഭാഷകനെ ദേവസ്വം ബോർഡ് സ്പെഷ്യൽ ഗവ. പ്ലീഡർ പദവി പുതുതായി സൃഷ്ടിച്ച് യുഡിഎഫ് സർക്കാർ നിയമിക്കുകയുണ്ടായി. വ്യാപക പ്രതിഷേധങ്ങളെ തുടർന്നാണ് അത് റദ്ദുചെയ്യേണ്ടിവന്നത്. പ്രതിഭാഗം വക്കീലിന് പ്രോസിക്യൂഷൻ ഏൽപ്പിച്ചാൽ കേസ് നല്ലരീതിയിൽ നടത്താനാകും എന്ന വിചിത്ര ന്യായമാണ് അന്ന് മന്ത്രി പറഞ്ഞത്. പ്രതിപക്ഷത്തുള്ളപ്പോൾ ദേവസ്വം വിഷയങ്ങളിൽ കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണങ്ങൾ സ്വാഗതം ചെയ്തവർ അധികാരത്തിലെത്തിയപ്പോൾ കോടതിയുടെ ഇടപെടൽ സംബന്ധിച്ച നിലപാട് തന്നെ മാറ്റുകയാണ്. കോടതിയുടെ മേൽനോട്ടത്തെ തങ്ങളുടെ സൗകര്യപൂർവ്വം സ്വാഗതം ചെയ്യുകയും സ്വീകരിക്കുകയും അല്ലാത്തപ്പോൾ തടസ്സങ്ങളായി ചിത്രീകരിക്കുകയും ചെയ്യുന്നതിന് പിന്നിലെ ഗൂഢലക്ഷ്യം വ്യക്തമാണെന്ന് പിണറായി വിജയൻ കുറിച്ചു.
ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റാൻ ബാധ്യതപ്പെട്ട ഒരു മന്ത്രിയിൽ നിന്നുമുണ്ടായ ഈ പരാമർശം ഗൗരവമായി കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണഘടനാ സ്ഥാപനങ്ങളെയും നിയമവ്യവസ്ഥയെയും വെല്ലുവിളിക്കുന്ന രീതിയിൽ മന്ത്രിമാർ സംസാരിക്കുന്നതും ഉചിതമായ രീതിയല്ല. ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റാൻ ബാധ്യതപ്പെട്ട ഒരു മന്ത്രിയിൽ നിന്നും കോടതിക്കെതിരായി ഉണ്ടായ ഈ പരാമർശം ഗൗരവമായി കാണണം. സ്വർണ്ണക്കൊള്ള കേസിനെ ദുർബ്ബലപ്പെടുത്താനുള്ള ഏത് ശ്രമവും എതിർക്കപ്പെടും. ജനങ്ങൾ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തേണ്ടതാണ്, പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.










0 comments