ad
Deshabhimani

ചരിത്രം കുറിച്ച് അനില്‍ മേനോന്‍; ബഹിരാകാശത്തേക്ക് കുതിക്കുന്ന ആദ്യ മലയാളി

anil menon
വെബ് ഡെസ്ക്

Published on Jul 14, 2026, 08:37 PM | 2 min read

ബൈക്കനൂർ: ചരിത്രത്തിലാദ്യമായി ഒരു മലയാളി ബഹിരാകാശത്തേക്ക്. നാസ ബഹിരാകാശ സഞ്ചാരി അനിൽ മേനോൻ ഉൾപ്പെടെ മൂന്നുപേരെ വഹിച്ചുള്ള സോയൂസ് എംഎസ്-29 പേടകം കസാഖ്‌സ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽനിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കുതിച്ചുയർന്നു. ഇന്ത്യൻ സമയം ചൊവ്വാഴ്ച രാത്രി 8.17നായിരുന്നു വിക്ഷേപണം.


റഷ്യൻ ബഹിരാകാശ സഞ്ചാരികളായ പ്യോത്ര് ഡുബ്രോവ്, അന്ന കികിന എന്നിവരാണ് അനിൽ മേനോനൊപ്പമുള്ളത്. ഇരുവരുടെയും രണ്ടാമത്തെ ബഹിരാകാശ യാത്രയാണിത്. അനിൽ മേനോന്റെ ആദ്യത്തേതും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ എക്സ്പെഡിഷൻ 74, 75 ദൗത്യങ്ങളുടെ ഭാഗമായി സംഘം എട്ടുമാസത്തോളം നിലയത്തിൽ താമസിച്ച് ഗവേഷണങ്ങൾ നടത്തും. 2027 ഏപ്രിലിലാണ് ഭൂമിയിലേക്കുള്ള മടക്കയാത്ര നിശ്ചയിച്ചിരിക്കുന്നത്.


ഭൂമിയെ രണ്ടുതവണ ചുറ്റി ഏകദേശം മൂന്നുമണിക്കൂർ യാത്ര ചെയ്തശേഷം പേടകം ഇന്ത്യൻ സമയം രാത്രി 11.26ഓടെ ബഹിരാകാശ നിലയത്തിലെ പ്രിചാൽ മോഡ്യൂളുമായി ബന്ധിപ്പിക്കും. ബുധനാഴ്ച പുലർച്ചെ 1.25ഓടെ പേടകത്തിന്റെ വാതിൽ തുറന്ന് അനിൽ മേനോനും സംഘവും നിലയത്തിനുള്ളിലേക്ക് പ്രവേശിക്കുമെന്നാണ് നാസയുടെ സമയക്രമം.


നാസയുടെ ജെസിക്ക മേയർ, ജാക്ക് ഹാത്‌വേ, ക്രിസ് വില്യംസ്, യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ സോഫി അഡനോട്ട്, റഷ്യൻ സഞ്ചാരികളായ സെർജി കുഡ്-സ്വെർച്ച്കോവ്, സെർജി മികയേവ്, ആൻഡ്രി ഫെദ്യയേവ് എന്നിവരാണ് നിലവിൽ ബഹിരാകാശ നിലയത്തിലുള്ളത്. അനിൽ മേനോനും സംഘവും ഇവർക്കൊപ്പമാണ് പ്രവർത്തിക്കുക.


ബഹിരാകാശത്തുവച്ച് കൂടുതൽ ഗുണമേന്മയുള്ള സെമികണ്ടക്ടർ ക്രിസ്റ്റലുകൾ നിർമിക്കുന്ന പരീക്ഷണമാണ് ദൗത്യത്തിലെ പ്രധാന ഗവേഷണങ്ങളിലൊന്ന്. മികച്ച കംപ്യൂട്ടറുകൾ, നിർമിതബുദ്ധി സംവിധാനങ്ങൾ, ചികിത്സാ ഉപകരണങ്ങൾ എന്നിവയുടെ നിർമാണത്തിന് ഈ പഠനം സഹായിച്ചേക്കും. എഐ, ഓഗ്മെന്റഡ് റിയാലിറ്റി എന്നിവയുടെ സഹായത്തോടെ ഭൂമിയിലെ ഡോക്ടർമാരുടെ നേരിട്ടുള്ള സഹായമില്ലാതെ അൾട്രാസൗണ്ട് പരിശോധന നടത്താനുള്ള സംവിധാനവും അനിൽ മേനോൻ പരീക്ഷിക്കും.


ഭാരമില്ലാത്ത സാഹചര്യത്തിൽ മനുഷ്യശരീരത്തിലെ രക്തയോട്ടത്തിനും രക്തക്കുഴലുകൾക്കും ഉണ്ടാകുന്ന മാറ്റങ്ങൾ പഠിക്കുന്ന പരീക്ഷണത്തിൽ അനിൽ മേനോൻ തന്നെ പങ്കെടുക്കും. ബഹിരാകാശത്ത് രക്തക്കുഴലുകൾക്ക് സമാനമായ ശരീരകോശങ്ങൾ നിർമിക്കുന്ന ബയോപ്രിന്റിങ് പരീക്ഷണവും നിലയത്തിലെ വെള്ളം ഉപയോഗിച്ച് ചികിത്സയ്ക്കാവശ്യമായ ഐവി ദ്രാവകം തയ്യാറാക്കുന്ന പഠനവും ദൗത്യത്തിന്റെ ഭാഗമാണ്. ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ദീർഘകാല യാത്രകൾ കൂടുതൽ സുരക്ഷിതമാക്കുകയാണ് ഗവേഷണങ്ങളുടെ ലക്ഷ്യം.


പാലക്കാട് ഒറ്റപ്പാലത്തുനിന്നുള്ള മലയാളിയായ ശങ്കരൻ മേനോന്റെയും ഉക്രെയ്ൻ സ്വദേശിനി എലിസബത്ത് സമോയ്‌ലെൻകോയുടെയും മകനായി അമേരിക്കയിലെ മിനിയാപൊളിസിലാണ് അനിൽ മേനോൻ ജനിച്ചത്. എമർജൻസി വിഭാഗം ഡോക്ടറും മെക്കാനിക്കൽ എൻജിനിയറുമായ അദ്ദേഹം യുഎസ് സ്‌പേസ് ഫോഴ്‌സിലെ കേണലാണ്.


2014ൽ നാസയിൽ ഫ്ലൈറ്റ് സർജനായി ചേർന്ന അനിൽ മേനോൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ സഞ്ചാരികളുടെ ആരോഗ്യസംരക്ഷണ ചുമതല വഹിച്ചു. പിന്നീട് സ്‌പേസ് എക്‌സിലെ ആദ്യ ഫ്ലൈറ്റ് സർജനായി പ്രവർത്തിച്ച അദ്ദേഹം, മനുഷ്യരുമായി ആദ്യമായി യാത്ര നടത്തിയ ക്രൂ ഡ്രാഗൺ പേടകത്തിന്റെ ഡെമോ-2 ദൗത്യത്തിനുള്ള മെഡിക്കൽ സംവിധാനങ്ങൾ ഒരുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.


2021ലാണ് നാസ അനിൽ മേനോനെ ബഹിരാകാശ സഞ്ചാരിയായി തെരഞ്ഞെടുത്തത്. 2024ൽ പരിശീലനം പൂർത്തിയാക്കിയ അദ്ദേഹം രണ്ടുവർഷത്തെ പ്രത്യേക തയ്യാറെടുപ്പിനുശേഷമാണ് ആദ്യ ബഹിരാകാശ ദൗത്യത്തിലേക്ക് കടന്നത്. അഫ്ഗാനിസ്ഥാനിൽ യുഎസ് വ്യോമസേനയ്ക്കൊപ്പം സേവനമനുഷ്ഠിച്ച അനിൽ, ഹെയ്തിയിലെയും നേപ്പാളിലെയും ഭൂകമ്പ ദുരന്തങ്ങളിൽ ഡോക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home