കൊല്ലത്ത് ബസിൽനിന്ന് തെറിച്ചുവീണ് വിദ്യാർഥിനിക്ക് പരിക്ക്

ചടയമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽനിന്ന് തെറിച്ചുവീണ് വിദ്യാർഥിനിക്ക് പരിക്ക്. നിലമേൽ എൻഎസ്എസ് കോളേജിലെ അവസാന വർഷ ഡിഗ്രി വിദ്യാർഥിനി പോരേടം കൃഷ്ണവിലാസത്തിൽ ദേവികയ്ക്കാണ് പരിക്കേറ്റത്. ചൊവ്വ രാവിലെ 8.45നായിരുന്നു അപകടം. പുനലൂരിലേക്ക് പോകാൻ പോരേടത്തുനിന്നാണ് ദേവിക ബസിൽ കയറിയത്. ചന്തമുക്കിൽ നിർത്തി യാത്രക്കാരെ കയറ്റി അമിതവേഗത്തിൽ ബസ് മുന്നോട്ട് പോകവേ ദേവിക പുറത്തേക്കു തെറിച്ചുവീഴുകയായിരുന്നു. യാത്രക്കാരും നാട്ടുകാരും ഉച്ചത്തിൽ വിളിച്ചു കൂവിയെങ്കിലും ഡ്രൈവർ ബസ് നിർത്തിയില്ല. കുറച്ചുദൂരം മുന്നോട്ടു പോയശേഷമാണ് ബസ് നിർത്തിയത്.
ബസിന്റെ പിന്നിൽ മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വൻഅപകടം ഒഴിവായി. ബസിൽ തിരക്കുണ്ടായിരുന്നു. പരിക്കേറ്റ ദേവികയെ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചടയമംഗലം പൊലീസ്, ചടയമംഗലം ജോയിന്റ് ആർടിഒ പ്രവീൺ എന്നിവർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. അലക്ഷ്യമായി വാഹനം ഓടിച്ച ഡ്രൈവർക്കെതിരെയും ഡോർ ശരിയാംവണ്ണം അടച്ചു എന്ന് ഉറപ്പു വരുത്താത്ത കണ്ടക്ടർക്കെതിരെയും ലൈസൻസ് റദ്ദാക്കൽ നടപടി അടക്കം സ്വീകരിക്കുമെന്ന് ജോയിന്റ് ആർടിഒ അറിയിച്ചു.










0 comments