ad
Deshabhimani

റിസര്‍വ് ബാങ്ക് പണനയം പ്രഖ്യാപിച്ചു ; റിപ്പോ നിരക്ക് 0.25 ശതമാനം കുറച്ചു

rbi and corporates
avatar
വാണിജ്യകാര്യ ലേഖകന്‍

Published on Dec 06, 2025, 12:40 AM | 2 min read


കൊച്ചി

റിസര്‍വ് ബാങ്ക് 2025–-26 സാമ്പത്തിക വര്‍ഷത്തെ അഞ്ചാമത്തെ പണനയം പ്രഖ്യാപിച്ചു. റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശനിരക്കായ റിപ്പോ 0.25 ശതമാനം (25 ബേസിസ് പോയിന്റ്സ്) കുറച്ചു. ഇതോടെ നിരക്ക് 5.5 ശതമാനത്തില്‍നിന്ന്‌ 5.25 ശതമാനമായി. നിരക്ക് ഉടന്‍ പ്രാബല്യത്തിലാകുമെന്നും പണനയം പ്രഖ്യാപിച്ച്‌ റിസര്‍വ് ബാങ്ക്‌ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. മൂന്നുമുതല്‍ അഞ്ചുവരെ നടന്ന പണനയ സമിതി (എപിസി) യോഗം ഏകകണ്ഠമായാണ് നിരക്കുമാറ്റം തീരുമാനിച്ചത്‌. ബാങ്കിങ് സംവിധാനത്തിലേക്കുള്ള പണലഭ്യത വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷ(ഒഎംഒ)നിലൂടെ ലക്ഷം കോടി രൂപ മൂല്യമുള്ള സര്‍ക്കാര്‍ സെക്യൂരിറ്റികളും മൂന്നുവര്‍ഷ ഡോളര്‍/ രൂപ ബൈ–സെൽ സ്വാപ്പില്‍ 500 കോടി ഡോളറും വാങ്ങുമെന്നും ഗവർണർ പറഞ്ഞു.


തുടര്‍ച്ചയായി രണ്ടുതവണ മാറ്റമില്ലാതെ നിര്‍ത്തിയശേഷമാണ് റിപ്പോനിരക്ക് കുറച്ചത്.

രാജ്യത്തെ വിലക്കയറ്റത്തോത്‌ ഗണ്യമായി താഴ്ന്നതാണ് നിരക്ക് കുറയ്ക്കാന്‍ കാരണമെന്ന് റിസര്‍വ് ബാങ്ക് പറയുന്നു. മോദി ഭരണത്തില്‍ രാജ്യം പുറത്തുവിടുന്ന ജിഡിപി, വിലക്കയറ്റത്തോത്‌ അടക്കമുള്ള സ്ഥിതിവിവരക്കണക്കുകള്‍ പൊള്ളയാണെന്ന്‌ കഴിഞ്ഞദിവസം അന്താരാഷ്ട്ര നാണയനിധി വെളിപ്പെടുത്തിയിരുന്നു.


വായ്‌പക്കാർക്ക്‌ 
ആശ്വാസമാകും

റിപ്പോനിരക്ക് കുറയുമ്പോൾ ബാങ്കുകൾ ഭവന, വാഹന, വ്യക്തി​ഗതവായ്പ അടക്കമുള്ള വായ്പകളുടെ പലിശനിരക്കും കുറയ്ക്കുമെന്നതിനാല്‍ പുതിയ വായ്പ എടുക്കുന്നവർക്ക് ആശ്വാസമാകും. നിലവിലുള്ള, 2019 ഒക്ടോബർ ഒന്നിനുശേഷം എടുത്ത ഫ്ലോട്ടിങ് നിരക്കിലുള്ള റീട്ടെയ്ൽ വായ്പകളുടെ പലിശനിരക്കും കുറയും. ഫിക്സഡ് നിരക്കിലുള്ള വായ്പയെടുത്തവര്‍ക്ക് നിരക്ക് കുറഞ്ഞതിന്റെ നേട്ടം കിട്ടില്ല. രാജ്യത്തെ ബഹുഭൂരിപക്ഷവും എടുത്തിരിക്കുന്ന ഭവനവായ്പകള്‍, അടച്ചുതീരുംവരെ പലിശനിരക്കില്‍ മാറ്റംവരാത്ത "ഫിക്സഡ്' നിരക്കിലുള്ളതായതിനാല്‍ നിരക്കിളവിന്റെ നേട്ടം സാധാരണക്കാരിലേക്ക് എത്തുന്നത് കുറവായിരിക്കും. അതേസമയം, റിസര്‍വ് ബാങ്ക് വായ്പ പലിശ കുറച്ചതിന്റെ ചുവടുപിടിച്ച് ബാങ്കുകള്‍ നിക്ഷേപപലിശയില്‍ കുറവുവരുത്തുന്നത് നിക്ഷേപപലിശയെ ആശ്രയിക്കുന്നവര്‍ക്ക് തിരിച്ചടിയാകും.


ജിഡിപി നിരക്ക്‌ 
7.30 ആയിരിക്കും

രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദന (ജിഡിപി) വളര്‍ച്ചനിരക്ക് നടപ്പുസാമ്പത്തിക വര്‍ഷം 7.30 ശതമാനമായിരിക്കുമെന്ന് റിസര്‍വ് ബാങ്ക് പറയുന്നു. 6.8 ശതമാനമായിരിക്കുമെന്നാണ് കഴിഞ്ഞ പണനയത്തില്‍ പറഞ്ഞത്. നടപ്പുവര്‍ഷം പ്രതീക്ഷിക്കുന്ന ഉപഭോക്തൃവിലയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം കഴി‍ഞ്ഞതവണ പറഞ്ഞ 2.6 ശതമാനത്തില്‍നിന്ന് രണ്ട് ശതമാനമായി കുറച്ചു. മൂന്നാംപാദത്തില്‍ വിലക്കയറ്റം 0.6 ശതമാനമായിരിക്കും. നാലാംപാദത്തില്‍ 2.9 ശതമാനമായും 2026–27 സാമ്പത്തികവര്‍ഷം ഒന്ന്, രണ്ട് പാദങ്ങളില്‍ യഥാക്രമം 3.9, നാല് ശതമാനമായും വര്‍ധിക്കും.


റിസര്‍വ് ബാങ്ക് ഭേദഗതി പുറത്തിറക്കി

ക്രെഡിറ്റ് സ്കോര്‍ മാസം നാലുതവണ 
പുതുക്കും

വായ്പാ അപേക്ഷകരുടെ യോഗ്യത വിലയിരുത്താന്‍ ധനകാര്യസ്ഥാപനങ്ങള്‍ ഉപയോഗിക്കുന്ന ക്രെഡിറ്റ് സ്കോര്‍ സംബന്ധിച്ച് റിസര്‍വ് ബാങ്ക് പുതിയ നിര്‍ദേശം പുറത്തിറക്കി. 2026 ജൂലൈ ഒന്നുമുതല്‍ മാസം നാലുതവണ ഇടപാടുകാരുടെ വായ്പാ വിവരങ്ങള്‍ ക്രെഡിറ്റ് ഇന്‍ഫോര്‍മേഷന്‍ കമ്പനികളെ (സിഐസി) അറിയിക്കണമെന്ന്‌ റിസർവ്‌ ബാങ്ക്‌ നിർദേശിച്ചു. രാജ്യത്ത് ക്രെഡിറ്റ് ഇൻഫർമേഷൻ റിപ്പോർട്ടിങ് കാര്യക്ഷമമാക്കാനാണ് ഇതെന്നും വ്യക്തമാക്കി. നിലവില്‍ രണ്ടാഴ്ചയില്‍ ഒരിക്കലാണ് ധനസ്ഥാപനങ്ങള്‍ വിവരം കൈമാറുന്നത്.


ഭേദഗതി പ്രാബല്യത്തിലാകുന്നതോടെ ഓരോ മാസവും ഒമ്പത്, 16, 23, മാസത്തിന്റെ അവസാനദിവസം എന്നിങ്ങനെ നാലുതവണയാണ് ബാങ്കുകള്‍ വായ്പാവിവരങ്ങള്‍ സിഐസികള്‍ക്ക് നല്‍കേണ്ടത്. ഓരോമാസത്തെയും പൂര്‍ണതോതിലുള്ള വിവരം അടുത്തമാസം അഞ്ചിനും നല്‍കണം. ഇതില്‍ ബാങ്കിന്റെ എല്ലാ സജീവ അക്കൗണ്ടുകളും ഉള്‍പ്പെടുത്തണം. വായ്പയെടുത്തവരുടെ സെന്‍ട്രല്‍ കെവൈസി (സി- കെവൈസി) നമ്പറും കൈമാറണം.


വായ്പയെടുത്തവര്‍, പൂര്‍ണമായി അടച്ചുതീര്‍ത്താലും പലപ്പോഴും ബാങ്കുകള്‍ സാങ്കേതികമായി വായ്പ "ക്ലോസ്’ ചെയ്യാത്തതിനാല്‍ ക്രെഡിറ്റ് സ്കോര്‍ മോശമാകുകയും പുതിയ വായ്പ കിട്ടാത്ത അവസ്ഥയുണ്ടാകുകയും ചെയ്യും. ഓരോ ആഴ്ചയും ക്രെഡിറ്റ് സ്കോര്‍ പുതുക്കുമ്പോള്‍ ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാകുമെന്നാണ് പ്രതീക്ഷ.


അടച്ചുതീര്‍ത്ത വായ്പയുടെ വിവരങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ സിഐസികള്‍ക്ക് ലഭിക്കും. ക്രെഡിറ്റ് കാര്‍ഡ് ഇടപാടുള്‍പ്പെടെ വായ്പാതിരിച്ചടവില്‍ വീഴ്ചവരുത്തിയാല്‍ അതും ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടും. ഇത് പുതിയ വായ്പാലഭ്യതയെ ബാധിക്കും. 300 മുതല്‍ 900 വരെയാണ് ഇന്ത്യയില്‍ ക്രെഡിറ്റ് സ്കോർ. ഇതില്‍ 750നുമുകളില്‍ സ്കോര്‍ നേടുന്നവർക്കാണ്‌ ബാങ്കുകള്‍ പൊതുവില്‍ വായ്പ നല്‍കാന്‍ താൽപ്പര്യപ്പെടുന്നത്‌.


ഇടപാടുകാരുടെ വായ്പ വിവരങ്ങള്‍ കൃത്യസമയത്ത് നല്‍കാത്ത ധനസ്ഥാപനങ്ങളുടെ വിവരങ്ങളും റിസര്‍വ്ബാങ്ക് ശേഖരിക്കും. സിഐസികള്‍ക്ക്‌ വിവരം കൈമാറുന്നതില്‍ വീഴ്ചവരുത്തുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ആറുമാസത്തിലൊരിക്കല്‍ (മാര്‍ച്ച് 31നും സെപ്തംബര്‍ 30നും) റിസര്‍വ് ബാങ്കിന്റെ "ദക്ഷ്' പോര്‍ട്ടലില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും പറയുന്നു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home