റിപ്പോ നിരക്ക് : ബാങ്കുകള്‍ വായ്പയുടെ പലിശനിരക്ക് കുറച്ചുതുടങ്ങി

rates
avatar
വാണിജ്യകാര്യ ലേഖകൻ

Published on Jun 10, 2025, 12:32 AM | 1 min read

കൊച്ചി : റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാലവായ്പയുടെ പലിശനിരക്കായ റിപ്പോ 0.50 ശതമാനം കുറച്ചതോടെ ബാങ്കുകൾ വായ്പാ പലിശനിരക്കുകൾ കുറച്ചുതുടങ്ങി. ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, യൂകോ ബാങ്ക് എന്നിവയാണ് നിലവില്‍ പലിശനിരക്ക് കുറച്ച പൊതുമേഖലാ ബാങ്കുകൾ. ഈ ബാങ്കുകള്‍ അവയുടെ റിപ്പോയുമായി ബന്ധപ്പെടുത്തിയിട്ടുള്ള വായ്പകളുടെ നിരക്ക് (ആർഎൽഎൽആർ) 50 ബേസിസ് പോയിന്റാണ് (0.5 ശതമാനം) കുറച്ചത്.


ഇതോടെ ബാങ്ക് ഓഫ് ബറോഡയുടെ നിരക്ക് (ആർഎൽഎൽആർ) 8.15 ശതമാനമായി. ബാങ്ക് ഓഫ് ഇന്ത്യ 8.35 ശതമാനം, പഞ്ചാബ് നാഷണൽ ബാങ്ക് 8.35 ശതമാനം, യൂകോ ബാങ്ക് 8.30 ശതമാനം എന്നിങ്ങനെയുമാണ്‌ പുതിയ നിരക്കുകൾ. വരുംദിവസങ്ങളില്‍ കൂടുതല്‍ ബാങ്കുകള്‍ നിരക്ക് കുറച്ചേക്കും. 2019 ഒക്ടോബർ ഒന്നിനുശേഷം എടുത്ത ഫ്ലോട്ടിങ് നിരക്കിലുള്ള ഭവന, വാഹന വായ്പ അടക്കമുള്ള റീട്ടെയിൽ വായ്പകളുടെയും പുതിയ വായ്പകളുടെയും പലിശയാണ് ഇതിലൂടെ കുറയുക.


ഉദാഹരണത്തിന്, 25 വർഷ കാലാവധിയിൽ 8.5 ശതമാനം പലിശയിൽ എടുത്ത 20 ലക്ഷത്തിന്റെ ഭവനവായ്പയ്ക്ക്, കാലാവധി തീരുമ്പോഴേക്കും 28,31,363 രൂപ ആകെ പലിശ നൽകേണ്ടിവരും. നിരക്ക് 0.5 ശതമാനം കുറയുമ്പോൾ 2,00,466 രൂപ പലിശയിൽ കുറവ്‌ വരും. പ്രതിമാസ വായ്പ തിരിച്ചടവ് ​ഗഡുവിൽ (ഇഎംഐ) 669 രൂപ കുറയും. എന്നാൽ, പൊതുവിൽ ബാങ്കുകൾ ഇഎംഐ കുറയ്ക്കാതെ നിലവിലുള്ള തുകതന്നെ വാങ്ങുകയാണ് ചെയ്യുന്നത്. ഇതിലൂടെ അധികം വരുന്ന തുക മുതലിനോട് ചേരുന്നതിനാൽ വായ്പയുടെ കാലാവധി കുറയുമെന്നും വായ്പയെടുത്തവർക്ക് അങ്ങനെ പലിശ ലാഭിക്കാനാകുമെന്നും ബാങ്കുകൾ പറയുന്നു. റിസർവ് ബാങ്ക് റിപ്പോ എത്ര കുറച്ചാലും ഫിക്സഡ് നിരക്കിലുള്ള വായ്പകളുടെ പലിശനിരക്ക് കുറയില്ല.



deshabhimani section

Related News

View More
0 comments
Sort by

Home