ad
Deshabhimani

ക്രൂഡ് വില കുതിക്കുന്നു; ഡോളർ ദുർബലം, രൂപയ്ക്ക് താൽക്കാലിക ആശ്വാസം

Rupee vs Dollar

പ്രതീകാത്മക എഐ ചിത്രം

വെബ് ഡെസ്ക്

Published on Jul 23, 2026, 03:50 PM | 2 min read

മുംബൈ : പശ്ചിമേഷ്യയിൽ സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിൽ ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നു. എന്നിരുന്നാലും വ്യാഴാഴ്ച വ്യാപാരത്തിന്റെ ആദ്യഘട്ടത്തിൽ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 5 പൈസ ഉയർന്ന് 96.48 ൽ എത്തി. വിദേശ നിക്ഷേപകർ പണം പിൻവലിക്കുന്നത് തുടരുന്നതിനാലും ആഭ്യന്തര ഓഹരി വിപണിയിലുണ്ടായ തകർച്ചയും രൂപയ്ക്ക് മേൽ കടുത്ത സമ്മർദം ചെലുത്തിയെങ്കിലും ആഗോള വിപണിയിൽ ഡോളർ ദുർബലമായത് വിനിമയ മൂല്യത്തിൽ നേരിയ ആശ്വാസം നൽകുകയായിരുന്നു.


ഇന്റർബാങ്ക് വിദേശനാണ്യ വിനിമയ വിപണിയിൽ ഡോളറിനെതിരെ 96.53 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച രൂപ പിന്നീട് മുൻപത്തെ ക്ലോസിംഗിൽ നിന്ന് 5 പൈസ ഉയർന്ന് 96.48 എന്ന നിലയിലെത്തി. കഴിഞ്ഞ ദിവസം ‌യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 28 പൈസ ഇടിഞ്ഞ് 96.53 ലാണ് വ്യാപാരം അവസാനിപ്പിച്ചിരുന്നത്. ആർബിഐക്ക് വേണ്ടി പൊതുമേഖലാ ബാങ്കുകൾ 96.50 നിരക്കിന് അടുത്ത് ഡോളർ വൻതോതിൽ വിറ്റഴിച്ചതാണ് വിപണിയിൽ വലിയൊരു തകർച്ച തടയാൻ കാരണമായത്. ബുധനാഴ്ചയും രൂപയുടെ മൂല്യം താഴ്ന്ന നിലയിലാണ് അവസാനിച്ചിരുന്നത്. നിലവിൽ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കിന് സമീപമാണ് നിൽക്കുന്നത്. ആഗോള വിപണിയിൽ എണ്ണവില ഇനിയും ഉയർന്നാൽ രൂപയുടെ മൂല്യം ഇനിയും കുത്തനെ ഇടിയാൻ സാധ്യതയുണ്ട്.


പ്രമുഖ ആറ് കറൻസികൾക്കെതിരെയുള്ള ഡോളറിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.14 ശതമാനം ഇടിഞ്ഞ് 100.97 ൽ വ്യാപാരം നടത്തി. അതേസമയം ആഗോള എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് വ്യാപാരത്തിൽ 2.26 ശതമാനം ഉയർന്ന് ബാരലിന് 96.20 ഡോളർ എന്ന കടുത്ത നിരക്കിലാണ് എത്തിനിൽക്കുന്നത്. ചെങ്കടലിലൂടെയും ഹോർമുസ് കടലിടുക്കിലൂടെയുമുള്ള എണ്ണക്കപ്പൽ ഗതാഗതത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ഭൗമരാഷ്ട്രീയ ആശങ്കകൾ കാരണമാണ് ക്രൂഡ് ഓയിൽ വില ഉയർന്ന നിലയിൽ തുടരുന്നതെന്ന് ഫോറെക്സ് വ്യാപാരികൾ വ്യക്തമാക്കുന്നു.


ആഭ്യന്തര ഓഹരി വിപണിയിൽ വ്യാഴാഴ്ചയും ഇടിവ് തുടരുകയാണ്. ആദ്യഘട്ട വ്യാപാരത്തിൽ സെൻസെക്സ് 230.95 പോയിന്റ് ഇടിഞ്ഞ് 76,521.02 എന്ന നിലവാരത്തിലും നിഫ്റ്റി 57.15 പോയിന്റ് ഇടിഞ്ഞ് 23,937 എന്ന നിലയിലുമാണ് എത്തിനിൽക്കുന്നത്. എക്സ്ചേഞ്ച് വിവരങ്ങൾ പ്രകാരം ബുധനാഴ്ച മാത്രം വിദേശ നിക്ഷേപകർ 819.20 കോടി രൂപയുടെ ഓഹരികൾ ആഭ്യന്തര വിപണിയിൽ നിന്ന് വിറ്റഴിച്ചൊഴിഞ്ഞിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home