ഗുജറാത്തിലും മഹാരാഷ്ട്രയിലും പ്രളയക്കെടുതി: കേരളത്തിൽ നിന്നുള്ള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു

Image Credit : PTI
മുംബൈ: തെക്കൻ ഗുജറാത്തിലും മഹാരാഷ്ട്രയിലും കാലവർഷം കനത്തതോടെ പശ്ചിമ റെയിൽവേ പാതയിൽ ട്രെയിൻ ഗതാഗതം തകിടം മറിഞ്ഞു. വാപി - ഉദ്‌വാഡ സെക്ഷനിലുണ്ടായ മണ്ണിടിച്ചിലും ട്രാക്കുകളിൽ വെള്ളം കയറിയതുമാണ് ഗതാഗതത്തെ ബാധിച്ചത്. ഇതേത്തുടർന്ന് കേരളത്തിൽ നിന്നുള്ള പ്രമുഖ സർവീസുകൾ ഉൾപ്പെടെ നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടു.
കൊച്ചുവേളി - അമൃതസർ എക്സ്പ്രസ് ട്രെയിനും തിരുവനന്തപുരം സെൻട്രൽ - ഹസ്രത് നിസാമുദ്ദീൻ എക്സ്പ്രസ് ട്രെയിനും പൻവേലിൽ നിന്നും വഴിതിരിച്ചുവിട്ട് ജൽഗാവ് - പാൽധി - ഉദ്ന വഴി സൂറത്തിൽ എത്തിക്കാനാണ് റെയിൽവേയുടെ തീരുമാനം. കൂടാതെ സൂറത്ത്, ഉദ്ന എന്നിവിടങ്ങളിൽ നിന്നുള്ള ആറ് ട്രെയിനുകൾ പൂർണമായും റദ്ദാക്കിയിട്ടുണ്ട്. മറ്റ് നിരവധി സർവീസുകൾ ഭാഗികമായും റദ്ദാക്കി.
കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ഗുജറാത്തിലെ 20 ജില്ലകളിലും, പൂനെ ഉൾപ്പെടെ മഹാരാഷ്ട്രയിലെ 5 ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് 'റെഡ് അലർട്ട്' പ്രഖ്യാപിച്ചു.തുടർച്ചയായി പെയ്യുന്ന മഴയിൽ മുംബൈ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. റോഡ്-റെയിൽ ഗതാഗതത്തെ പ്രളയം മോശമായി ബാധിച്ചതോടെ നഗരത്തിലെ ജനജീവിതം പൂർണമായും സ്തംഭിച്ച അവസ്ഥയിലാണ്. വരും മണിക്കൂറുകളിലും ശക്തമായ കാറ്റും അതിതീവ്ര മഴയും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതിനാൽ തീരദേശവാസികളോടും താഴ്ന്ന പ്രദേശങ്ങളിലുള്ളവരോടും അതീവ ജാഗ്രത പാലിക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.










0 comments