പെല്ലറ്റ് ഗൺ ഉപയോഗിച്ചിട്ടില്ലെന്ന് പൊലീസ്, വെടിച്ചീളുകൾ തറച്ച വിദ്യാര്‍ഥികളിൽ ഒരാളുടെ കാഴ്ച പോയി

ന്യൂഡൽഹി: വിദ്യാഭ്യാസ രംഗത്തെ താറുമാറാക്കിയ കേന്ദ്ര സര്‍ക്കാരിനെതിരെ അമര്‍ഷവുമായി എത്തിയ വിദ്യാര്‍ഥികൾ നടത്തിയ 'സംസദ് ചലോ' മാർച്ചിനിടെ പൊലീസ് അതിക്രമത്തിൽ പെല്ലറ്റ് തോക്കിൽ നിന്നുള്ള വെടിയേറ്റ 19കാരന് കാഴ്ച നഷ്ടമായി.
സാഹിൽ ലോചാബ് എന്ന യുവാവിന്റെ വലതുകണ്ണിന്റെ കാഴ്ചയാണ് നഷ്ടമായത്. ജൂൺ 20-ന് ജന്തർമന്തറിലാണ് യുവാവിന്റെ മുഖത്തേക്ക് പൊലീസ് പോയിന്റ് ബ്ലാങ്കിൽ വെടിയുതിര്‍ത്തത്.
നജാഫ്ഗഡ് സ്വദേശിയായ സാഹിലിന്റെ മുഖത്തും കഴുത്തിലും നെഞ്ചിലും വലത് തോളിലും കൈയിലും നിരവധി പെല്ലറ്റുകൾ തറച്ചിട്ടുണ്ട്. ഒരു പെല്ലറ്റ് വലതുകണ്ണിലെ കോർണിയ തുളച്ചുകയറി. കൂടാതെ, വലത് ശ്വാസകോശത്തിലും ഹൃദയത്തിന് ചുറ്റുമുള്ള കൊഴുപ്പുകളിലും പെല്ലറ്റുകൾ കണ്ടെത്തിയിട്ടുണ്ട്.
പൊലീസ് ഓഫീസറാവാൻ കൊതിച്ച വിദ്യാര്‍ഥി
ഡൽഹി സർവകലാശാലയിലെ ഓപ്പൺ ലേണിങ് വിദ്യാർത്ഥിയായ സാഹിൽ, എസ്.എസ്.സി (SSC CGL) പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. ഭാവിയിൽ ഒരു പൊലീസ് ഓഫീസറാവുക എന്നതായിരുന്നു സാഹിലിന്റെ സ്വപ്നം.
തനിക്ക് നിലവിൽ വലതുകണ്ണുകൊണ്ട് ഒന്നും കാണാൻ സാധിക്കുന്നില്ലെന്നും പൂർണ്ണമായും ഇരുട്ടാണെന്നും സാഹിൽ കുടുംബത്തോട് പറഞ്ഞു. ഡൽഹി എയിംസ് ട്രോമ സെന്ററിൽ ചികിത്സയിലുള്ള വിദ്യാര്‍ഥി നിലവിൽ ഒരു സർജറിക്ക് വിധേയനായിട്ടുണ്ട്. പ്യൂപ്പിളുമായി ബന്ധപ്പെട്ട അടുത്ത ശസ്ത്രക്രിയയ്ക്ക് ശേഷം കാഴ്ച തിരിച്ചുകിട്ടുമോ എന്ന പരീക്ഷണത്തിലാണ് ഡോക്ടർമാർ.
Related News
മുഖത്തും ഇരു കണ്ണുകളിലുമായി ഏഴ് പെല്ലറ്റ് മുറിവുകളുമായി ഗുഡ്ഗാവ് സ്വദേശിയായ ഷെയ്ഖ് മൻസൂരി (25) എന്ന യുവാവും ചികിത്സയിലുണ്ട്. ജന്തർമന്തറിൽ പൊലീസ് നടപടിക്കിടെ ഗുരുതരമായി പരിക്കേറ്റ സാക്ഷി (21) എന്ന യുവതിയെ രാം മനോഹർ ലോഹ്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ നിന്ന് ഐസിയുവിലേക്ക് മാറ്റി. ഇവരുടെ രക്ഷിതാക്കളെ പുറത്തു വിടാതെ ആശുപത്രിക്ക് അകത്ത് തടഞ്ഞിരിക്കയാണ്. പൊലീസ് അതിക്രമത്തിന്റെ വിവരങ്ങൾ പുറത്തെത്തുന്നത് തടയുകയാണ്.
പെല്ലറ്റ് ഗൺ ഉപയോഗിച്ചിട്ടില്ലെന്ന് ആവര്‍ത്തിക്കയാണ് പൊലീസ് ചെയ്തത്. പൊലീസിന് പുറമെ അര്‍ധ സൈനിക വിഭാഗങ്ങളും മഫ്ടിയിലും അല്ലാതെയുമുള്ള സേനാംഗങ്ങളും വിദ്യാര്‍ഥികൾക്കെതിരെ ഇറങ്ങിയിരുന്നു. ഷോക് ബാറ്റണുകളും ആണി തറച്ച ലാത്തികളും വിദ്യാര്‍ഥികൾക്കെതിരെ ഉപയോഗിച്ചു.










0 comments