ad
Deshabhimani

ഓൺലൈൻ ഇടപാടുകളിലെ ഓട്ടോ പേമെന്റുകൾക്ക് മേലുള്ള നിബന്ധന കടുപ്പിച്ച് റിസര്‍വ് ബാങ്ക്

RBI
വെബ് ഡെസ്ക്

Published on Apr 23, 2026, 12:53 PM | 1 min read

മുംബൈ: ഓൺലൈൻ സാമ്പത്തിക ഇടപാടുകളിൽ ഓട്ടോ പേമെന്റുകൾക്ക് മേലുള്ള മാർഗനിർദേശങ്ങൾ കടുപ്പിച്ച് റിസർവ് ബാങ്ക്. ഓട്ടോ പേമെന്റ് നൽകാൻ ഉപയോക്താവ് നൽകുന്ന ഇ-മാൻഡേറ്റുകൾ എങ്ങനെയായിരിക്കണം എന്നുള്ള നിബന്ധനകളിലാണ് മുഖ്യ മാറ്റം. അക്കൗണ്ടുകളിൽ നിന്ന് തനിയെ പേമെന്റ് നടത്തുന്നതിന് നിലവിലുള്ള പ്രവർത്തനചട്ടക്കൂട് വിപുലമാക്കി. വലിയ ഇടപാടുകളിലെ സുരക്ഷ ഉറപ്പാക്കുകയാണ് ആർബിഐ.


ഇപ്പോഴും, ഇത്തരത്തിൽ മുൻകൂട്ടി നിര്‍ദ്ദേശം നൽകി തനിയെ നടത്തുന്ന 15,000 രൂപ വരെയുള്ള ഇടപാടുകൾക്ക് വൺ ടൈം പാസ്‌വേഡ് അഥവാ ഒടിപി ആവശ്യമില്ല. ഇതിന് മുകളിലായാൽ ഉപഭോക്താവിൽനിന്ന് അധിക സ്ഥിരീകരണം വാങ്ങിക്കണം. ഇക്കാര്യത്തിലാണ് മുഖ്യ മാറ്റം നിര്‍ദ്ദേശിച്ചിട്ടുള്ളത്.


ഇ-മാൻഡേറ്റ് അനുസരിച്ചുള്ള സിസ്റ്റം തനിയെ നടത്തുന്ന ഡെബിറ്റ് ഇടപാടുകൾ ഉപഭോക്താക്കൾക്ക് സന്ദേശം നൽകിയ ശേഷമാവണം. ഇടപാടിന് മുൻപും ശേഷവും സന്ദേശം ഉറപ്പാക്കണം. മാത്രമല്ല 24 മണിക്കൂർ മുൻപുതന്നെ സന്ദേശം കൈമാറിയിരിക്കണം. പണം സ്വീകരിക്കുന്ന സംരംഭത്തിന്റെ അല്ലെങ്കിൽ കച്ചവടക്കാരന്റെ പേര്, തുക, പണംപിടിക്കുന്ന തീയതി എന്നിവ സന്ദേശത്തിൽ വ്യക്തമാക്കണം. പണംപിടിക്കുന്നതിനു മുൻപായി ഉപഭോക്താവിന് ഇടപാട് റദ്ദാക്കാനും അവസരംനൽകണം.


അതേസമയം, ഇൻഷുറൻസ് പ്രീമിയം, മ്യൂച്വൽ ഫണ്ട് സബ് സ്ക്രിപ്ഷൻ, ക്രെഡിറ്റ് കാർഡ് ബിൽ എന്നിവയ്ക്ക് ഒടിപി ഇളവുണ്ട്. ഈ വിഭാഗത്തിൽ 15,000 രൂപമുതൽ ഒരുലക്ഷം രൂപവരെയുള്ള ഇടപാടുകൾ ഒടിപി കൂടാതെത്തന്നെ ഓട്ടോ ഡെബിറ്റാകും.


ഇതോടൊപ്പം, ഇ-മാൻഡേറ്റ് ഇടപാടുകൾക്ക് ഫീസ് ഈടാക്കാൻ പാടില്ലെന്ന് ആര്‍ബിഐ ബാങ്കുകൾക്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. അനധികൃത ഇലക്‌ട്രോണിക്സ് ഇടപാടുകളിൽ ഉപഭോക്താക്കൾക്കുള്ള ബാധ്യത പരിമിതപ്പെടുത്തുന്ന ചട്ടങ്ങൾ നിലവിലുണ്ട്. ഇവ തനിയെ ആവർത്തിക്കുന്ന ഇടപാടുകളിലും ബാധകമാക്കി. ഓട്ടോ ഡെബിറ്റ് തട്ടിപ്പുകൾ നിശ്ചിതസമയത്തിനുള്ളിൽ റിപ്പോർട്ട് ചെയ്താൽ ഉപഭോക്താക്കൾക്ക് സംരക്ഷണം ലഭിക്കുന്നതാണ് ഈ വ്യവസ്ഥയിലെ ആകര്‍ഷണം.


ഒ.ടി.ടി., മൊബൈൽ ബില്ലുകളുൾപ്പെടെ ചെറിയ തുകയുടെ ഇ-മാൻഡേറ്റുകൾക്ക് പുതിയ മാർഗനിർദേശങ്ങൾ ബാധകമാക്കിയിട്ടില്ല. വലിയ തുകയുടെ ഇടപാടുകൾക്ക് ഉപഭോക്താക്കൾ പ്രത്യേകം അനുമതി നൽകേണ്ടി വരും. ഇടപാടിനുമുൻപ് 24 മണിക്കൂർ സമയം ലഭിക്കും. ഇത് ആലോചനയ്ക്കും ഇടപാടിലെ ഇതര പരിഗണനയ്ക്കും ലഭിക്കുന്ന ഇടവേളയാവും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home