രൂപയ്ക്ക് റെക്കോർഡ് തകർച്ച, മൂല്യം 94.29-ൽ; ഓഹരി വിപണിയിൽ ഒരു മണിക്കൂറിനിടെ പൊലിഞ്ഞത് 7 ലക്ഷം കോടി

മുംബൈ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യൻ സാമ്പത്തിക മേഖലയിൽ ഇടിവ്. അമേരിക്ക-ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരമായ 94.29-ൽ എത്തി.
വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചയുടനെ രൂപയുടെ മൂല്യത്തിൽ 33 പൈസയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ആഗോള വിപണിയിലെ അനിശ്ചിതത്വം ഇന്ത്യൻ ഓഹരി വിപണിയെയും പിടിച്ചുലച്ചു. വ്യാപാരം ആരംഭിച്ച് ആദ്യ ഒരു മണിക്കൂറിനുള്ളിൽ നിക്ഷേപകർക്ക് 7 ലക്ഷം കോടി രൂപയുടെ നഷ്ടമാണുണ്ടായത്.
സെൻസെക്സ് 1000 പോയിന്റിലധികം ഇടിഞ്ഞ് 74,000 നിലവാരത്തിലേക്ക് താഴ്ന്നു. നിഫ്റ്റി 23,000-ന് താഴെയാണ് വ്യാപാരം തുടരുന്നത്. ഇറാൻ എണ്ണപ്പാടങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണ ഭീഷണിയും ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങളും കാരണം രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയരുന്നത് ഇന്ത്യയെപ്പോലുള്ള ഇറക്കുമതി രാജ്യങ്ങളെ ബാധിക്കുന്നു.
യുദ്ധസാഹചര്യത്തിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ വിദേശ നിക്ഷേപകർ ഡോളറിലേക്ക് മാറുന്നതും ഇന്ത്യൻ വിപണിയിൽ നിന്ന് പണം പിൻവലിക്കുന്നതും രൂപയ്ക്ക് തിരിച്ചടിയായി. ഇന്ധനവില വർദ്ധനവ് തടയാൻ കേന്ദ്ര സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി വെട്ടിക്കുറച്ചത് വരുമാന നഷ്ടമുണ്ടാക്കുമെന്ന ആശങ്കയും വിപണിയിലുണ്ട്.
സ്ഥിതിഗതികൾ നിയന്ത്രിക്കാൻ റിസർവ് ബാങ്ക് വിപണിയിൽ ഇടപെടാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. യുദ്ധം നീണ്ടുപോയാൽ വിപണിയിൽ ഇനിയും വലിയ ഇടിവുകൾ ഉണ്ടായേക്കാം.









0 comments