ആഗോള എണ്ണവിപണിയിൽ ആശ്വാസം; ഇറാൻ - യുഎസ് ചർച്ചകൾക്ക് പിന്നാലെ വില താഴ്ന്നു

ലണ്ടൻ : ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഇറാനും യുഎസും തമ്മിൽ ദോഹയിൽ നടത്തിയ ചർച്ചകൾക്ക് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഇടിഞ്ഞു. വ്യാഴാഴ്ച ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഒരു ശതമാനത്തോളം കുറഞ്ഞു. തുടർച്ചയായ മൂന്നാം ദിവസമാണ് വിപണിയിൽ വിലയിടിവ് രേഖപ്പെടുത്തുന്നത്.
കഴിഞ്ഞ ജൂൺ മാസത്തിൽ യുദ്ധം താൽകാലികമായി നിർത്താൻ കാരണമായ ധാരണാപത്രത്തിലെ വ്യവസ്ഥകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് മധ്യസ്ഥത വഹിച്ച ഖത്തർ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചതാണ് വിപണിക്ക് അനുകൂലമായത്. എങ്കിലും ഇരുരാജ്യങ്ങളും തമ്മിൽ ശാശ്വതമായ സമാധാനത്തിലേക്ക് നീങ്ങുന്നതിന്റെ വ്യക്തമായ സൂചനകളൊന്നും നിലവിലില്ല.
ഇന്ന് അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് വില 1.1 ശതമാനം ഇടിഞ്ഞ് ബാരലിന് 70.80 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് വില 1.2 ശതമാനം കുറഞ്ഞ് ബാരലിന് 67.74 ഡോളറായി. കഴിഞ്ഞ ദിവസത്തെ വ്യാപാരത്തിലും രണ്ട് സൂചികകളും 1 ശതമാനത്തിലധികം ഇടിഞ്ഞ് നാല് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയിരുന്നു.
യുദ്ധത്തിന് മുൻപ് ആഗോള എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കൈകാര്യം ചെയ്തിരുന്നത് തന്ത്രപ്രധാനമായ ഹോർമുസ് പാത വഴിയായിരുന്നു. നിലവിൽ ഈ ജലപാത തുറന്നുപ്രവർത്തിക്കുകയും ക്രൂഡ് ഓയിൽ വിതരണം തുടരുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ, വിപണിയിൽ ഇന്ധന ലഭ്യത വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിപണി വിഹിതം പിടിച്ചെടുക്കാനായി വിവിധ രാജ്യങ്ങൾ തമ്മിലുള്ള മത്സരം വില വീണ്ടും താഴേക്ക് കൊണ്ടുവന്നേക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
ഞായറാഴ്ച ചേരുന്ന ഒപെക് പ്ലസ് (OPEC+) രാജ്യങ്ങളുടെ യോഗത്തിൽ ഓഗസ്റ്റ് മാസം മുതൽ എണ്ണ ഉൽപാദന ലക്ഷ്യം വീണ്ടും വർധിപ്പിക്കുന്ന കാര്യത്തിൽ അനുകൂലമായ തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന.











0 comments