ad
Deshabhimani

മകളെ പീഡിപ്പിക്കാൻ ശ്രമിച്ചയാളുടെ കാൽ അടിച്ചൊടിച്ച് പിതാവ്; ആദ്യം അച്ഛനെ അറസ്റ്റ് ചെയ്ത് പൊലീസ്

rape attempt
വെബ് ഡെസ്ക്

Published on Jul 02, 2026, 01:04 PM | 1 min read

തിരുവനന്തപുരം: പോത്തൻകോട്ട് പതിമൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാൽ അടിച്ചൊടിച്ച് പെൺകുട്ടിയുടെ പിതാവ്. സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള പ്രതിക്കെതിരെ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ, ആദ്യം പ്രതിയുടെ പരാതിയിൽ പെൺകുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പെൺകുട്ടിയുടെ അയൽവാസിയായ 40കാരൻ കുട്ടിയെ തന്ത്രപൂർവ്വം സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അവിടെവെച്ച് ഇയാൾ കുട്ടിയെ ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ചു. ഈ സമയം അപ്രതീക്ഷിതമായി പെൺകുട്ടിയുടെ അച്ഛൻ സംഭവസ്ഥലത്തേക്ക് എത്തി.


മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ പിതാവ് കയ്യിലുകിട്ടിയ തടിക്കഷണം കൊണ്ട് പ്രതിയെ ക്രൂരമായി മർദിക്കുകയായിരുന്നു. ഈ അടിയിലാണ് പ്രതിയുടെ കാൽ ഒടിഞ്ഞത്. മർദനമേറ്റ പ്രതി, മുൻവൈരാഗ്യം കാരണം തന്നെ വീട്ടിൽ കയറി ആക്രമിച്ചതാണെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകി.


യാഥാർത്ഥ്യം അറിയാതെ പെൺകുട്ടിയുടെ പിതാവിനെ പോത്തൻകോട് പൊലീസ് ഉടൻ തന്നെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. പിതാവ് റിമാൻഡിലായതിന് പിന്നാലെയാണ് മകളെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് അദ്ദേഹം പ്രതിയെ മർദിച്ചതെന്ന യഥാർത്ഥ വിവരം പുറത്തുവരുന്നത്.


തുടർന്ന് പൊലീസ് പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുകയും പ്രതിക്കെതിരെ കർശനമായ പോക്സോ വകുപ്പുകൾ ചുമത്തുകയുമായിരുന്നു. നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രതിയുടെ അറസ്റ്റ് ഉടൻ തന്നെ രേഖപ്പെടുത്തുമെന്ന് പോത്തൻകോട് പൊലീസ് അറിയിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home