ഉത്തരാഖണ്ഡിൽ മഴക്കെടുതി രൂക്ഷം: വ്യാപക നാശനഷ്ടം

Photo;NDTV
ഡെറാഡൂൺ : കാലവർഷം ആരംഭിച്ച് വെറും 48 മണിക്കൂറിനുള്ളിൽ ഉത്തരാഖണ്ഡിൽ കനത്ത പ്രകൃതിക്ഷോഭവും നാശനഷ്ടവും. നിർത്താതെ പെയ്യുന്ന മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മലയിടിച്ചിലിലും അറുപതിലധികം റോഡുകൾ പൂർണ്ണമായും തടസ്സപ്പെട്ടു. റോഡുകളിലെ മണ്ണും വലിയ പാറക്കല്ലുകളും നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണെങ്കിലും, തുടർച്ചയായുണ്ടാകുന്ന മണ്ണിടിച്ചിൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിന് വലിയ തടസ്സം സൃഷ്ടിക്കുന്നു. ഡെറാഡൂൺ, ബാഗേശ്വർ ഉൾപ്പെടെയുള്ള നിരവധി പ്രദേശങ്ങളിൽ കനത്ത മഴ ജനജീവിതം പൂർണ്ണമായി സ്തംഭിപ്പിച്ചു.
ഡെറാഡൂണിലെ റോഡുകൾ വെള്ളത്തിനടിയിലായി. മല്ദേവ്തയിലേക്കുള്ള റോഡും സോങ് നദി അണക്കെട്ടിലേക്കുള്ള പാതയും വലിയ പാറക്കല്ലുകൾ വീണ് മണിക്കൂറുകളോളമാണ് അടഞ്ഞുകിടന്നത്. രുദ്രപ്രയാഗിൽ പെയ്യുന്ന അതിശക്തമായ മഴയെത്തുടർന്ന് അലകനന്ദ നദിയിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരുകയാണ്. നദിയിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം അതീവ ജാഗ്രതയിലാണ്.
നദീതീരങ്ങളിൽ താമസിക്കുന്നവരോട് അതീവ ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശം നൽകി. ശ്രീനഗറിനും രുദ്രപ്രയാഗിനും ഇടയിലുള്ള സിരോബ്ഗഡ് സ്ലൈഡ് സോണിൽ മലയിൽ നിന്ന് വൻതോതിൽ മണ്ണും കല്ലും ഇടിഞ്ഞുവീണതിനെത്തുടർന്ന് ബദരീനാഥ് ദേശീയപാത വീണ്ടും അടച്ചു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഈ പ്രദേശം മൺസൂൺ കാലത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
അടുത്ത 24 മണിക്കൂറിനുള്ളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഡെറാഡൂൺ, ബാഗേശ്വർ, നൈനിറ്റാൾ, പൗരി, തെഹ്‌രി എന്നീ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇതിനെത്തുടർന്ന് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് എല്ലാ ജില്ലകൾക്കും പ്രത്യേക ജാഗ്രതാ നിർദേശം നൽകി. കഴിഞ്ഞ 24 മണിക്കൂറിനിടെ ബാഗേശ്വരിലെ ഗരുഡിൽ 68 മില്ലിമീറ്ററും, ഡെറാഡൂണിൽ 65 മില്ലിമീറ്ററും, ചമ്പാവത്തിലും ബൻബാസയിലും 61 മില്ലിമീറ്ററും, മുസ്സൂറിയിൽ 52 മില്ലിമീറ്ററും, സോമേശ്വറിൽ 36 മില്ലിമീറ്ററും, നരേന്ദ്ര നഗറിൽ 34 മില്ലിമീറ്ററും മഴയാണ് രേഖപ്പെടുത്തിയത്.











0 comments