ഹിമാചലിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു

ഷിംല: ഹിമാചൽ പ്രദേശിലെ അടൽ ടണലിന് സമീപം ടൂറിസ്റ്റുകൾ സഞ്ചരിച്ച സ്കോർപിയോ കാർ മറിഞ്ഞ് ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. രാജസ്ഥാനിലെ സികാർ സ്വദേശിയായ കൈലാഷ് (34) ആണ് മരണപ്പെട്ടത്. ചൊവ്വാഴ്ച രാത്രി മണാലിയിൽ നിന്ന് ലാഹോളിലേക്ക് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്.
അടൽ ടണലിന് പുറത്തിറങ്ങിയ ഉടൻ വലത്തോട്ട് തിരിയുന്ന ഒരു കുത്തനെയുള്ള വളവുണ്ട്. എന്നാൽ അമിതവേഗതയിലായിരുന്ന കാറിന്റെ ഡ്രൈവർക്ക് ഇരുട്ടിൽ ഈ വളവ് ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഇതോടെ നിയന്ത്രണം വിട്ട കാർ റോഡിൽ നിന്ന് നേരെ താഴേക്ക് മറിയുകയായിരുന്നു. ചന്ദ്ര നദിക്ക് കുറുകെ നിർമ്മാണത്തിലിരുന്ന പാലത്തിന്മേലേക്കാണ് കാർ ചെന്നു വീണത്. നിർമ്മാണത്തിനായി സ്ഥാപിച്ചിരുന്ന വലിയ ഇരുമ്പ് കമ്പികൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു കാറുണ്ടായിരുന്നത്.
അപകടത്തിൽ പരിക്കേറ്റ രാജേന്ദ്ര, ഡ്രൈവർ സിദ്ധാർത്ഥ്, ഉത്തർപ്രദേശ് സ്വദേശിയായ ആദിത്യ എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു. കാലവർഷം കനത്തതോടെ റോഡുകളിൽ വഴുക്കലുണ്ടാകാനും കാഴ്ച മങ്ങാനും സാധ്യതയുണ്ട്. അതിനാൽ മലയോര മേഖലകളിൽ രാത്രിയാത്രയും അമിതവേഗതയും ഒഴിവാക്കണമെന്ന് പൊലീസ് നിർദ്ദേശം നൽകി.











0 comments