ad
Deshabhimani

വേനലവധി; ജൂലൈ ആദ്യപകുതിയിൽ ദുബായ് വിമാനത്താവളത്തിലൂടെ 30 ലക്ഷം യാത്രക്കാർ കടന്നുപോകുമെന്ന് അധികൃതർ

Dubai airport.jpg
വെബ് ഡെസ്ക്

Published on Jul 02, 2026, 02:16 PM | 2 min read

ദുബായ് : വേനലവധി യാത്രകൾ ആരംഭിക്കുന്നതോടെ ജൂലൈ ആദ്യപകുതിയിൽ 30 ലക്ഷത്തിലധികം യാത്രക്കാർ കടന്നുപോകുമെന്ന് പ്രതീക്ഷിച്ച് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം പ്രത്യേക സജ്ജീകരണങ്ങളൊരുക്കി. ജൂലൈ മൂന്നുമുതൽ യുഎഇയിലെ മിക്ക സ്കൂളുകളും വേനലവധിക്ക് അടയ്ക്കുന്നതിനാൽ ജൂലൈ രണ്ടുമുതൽ യാത്രക്കാരുടെ തിരക്ക് ഗണ്യമായി വർധിക്കുമെന്നാണ് വിമാനത്താവള അധികൃതരുടെ വിലയിരുത്തൽ.

​ജൂലൈ 12നായിരിക്കും ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുക. അന്നേദിവസം മാത്രം 2.25 ലക്ഷത്തിലധികം യാത്രക്കാർ വിമാനത്താവളം ഉപയോഗിക്കുമെന്നാണ് കണക്ക്. തുടർന്നുള്ള രണ്ടാഴ്ചക്കാലം പ്രതിദിനം രണ്ടുലക്ഷത്തിലധികം യാത്രക്കാർ എത്തുമെന്നാണ് പ്രതീക്ഷ. ആകെ യാത്രക്കാരിൽ ഏകദേശം 50 ശതമാനവും ട്രാൻസിറ്റ് യാത്രക്കാരായിരിക്കുമെന്നതും ആഗോള വ്യോമഗതാഗത കേന്ദ്രമെന്ന ദുബായുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നതുമാണ്.


​യാത്രക്കാരുടെ സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുന്നതിനായി "സമ്മർ റെഡിനസ് പ്ലാൻ' ദുബായ് എയർപോർട്സ് നടപ്പാക്കിയിട്ടുണ്ട്. യാത്രക്കാർ പുറപ്പെടുന്നതിന് മൂന്ന് മണിക്കൂറിൽ കൂടുതൽ മുമ്പ് വിമാനത്താവളത്തിലെത്തേണ്ടതില്ലെന്നും ഓൺലൈൻ ചെക്ക്-ഇൻ സേവനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്നും അധികൃതർ നിർദേശിച്ചു. എമിറേറ്റ്സ് യാത്രക്കാർക്ക് ഹോം ചെക്ക്-ഇൻ, സിറ്റി ചെക്ക്-ഇൻ, സെൽഫ് സർവീസ് ചെക്ക്-ഇൻ തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്.


12 വയസ്സിന് മുകളിലുള്ള കുട്ടികളുള്ള കുടുംബങ്ങൾക്ക് പാസ്‌പോർട്ട് പരിശോധന വേഗത്തിൽ പൂർത്തിയാക്കാൻ സ്മാർട്ട് ഗേറ്റുകൾ ഉപയോഗിക്കാം. ഭിന്നശേഷിക്കാർക്കായി പ്രത്യേക സഹായസേവനങ്ങൾ, പരിശീലനം ലഭിച്ച ജീവനക്കാരുടെ പിന്തുണ, ടെർമിനൽ രണ്ടിൽ പ്രത്യേക അസിസ്റ്റഡ് ട്രാവൽ ലോഞ്ച് എന്നിവയും ഒരുക്കിയിട്ടുണ്ട്. ​പവർ ബാങ്കുകളും അധിക ബാറ്ററികളും കൈസഞ്ചിയിൽ മാത്രം കരുതണമെന്നും ലക്ഷ്യസ്ഥാനത്തെ യാത്രാനിയമങ്ങളും ആവശ്യമായ രേഖകളും മുൻകൂട്ടി പരിശോധിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. വിമാനങ്ങളുടെ സമയക്രമവും ഗേറ്റ് വിവരങ്ങളും "ഡിഎക്സ്‌ബി എക്സ്‌പ്രസ് മാപ്സ്‌' പ്ലാറ്റ്ഫോമിലൂടെ ക്യൂആർ കോഡ് സ്കാൻ ചെയ്ത്‌ ലഭ്യമാക്കാം.


​ടെർമിനൽ മൂന്നിലെ കോൺകോഴ്സ് ബി-യിൽ ഒരുക്കിയിരിക്കുന്ന "ഐ ഹാർട്ട് ഡിഎക്സ്‌ബി' ഇന്ററാക്ടീവ് ഇൻസ്റ്റലേഷനിലൂടെ യാത്രക്കാർക്ക് സെൽഫി അപ്‌ലോഡ് ചെയ്ത്‌ യുഎഇ പതാകയുടെ നിറങ്ങളിൽ ദുബായുടെ മൊസൈക്ക് ചിത്രത്തിന്റെ ഭാഗമാകാനും ആശംസാസന്ദേശങ്ങൾ പങ്കുവെക്കാനും അവസരമുണ്ട്. ​കഴിഞ്ഞവർഷം ദുബായ് അന്താരാഷ്ട്ര വിമാനത്താവളം 9.52 കോടി യാത്രക്കാരെ സ്വീകരിച്ച് ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ വർഷം രേഖപ്പെടുത്തിയിരുന്നു. അതേസമയം, ഭാവിയിലെ വ്യോമഗതാഗത വികസനത്തിന്റെ ഭാഗമായി അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം വിപുലീകരിക്കാൻ 3500 കോടി ഡോളറിന്റെ പദ്ധതിയും പുരോഗമിക്കുകയാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home