ad
Deshabhimani

എഐഎഡിഎംകെയ്ക്ക് വീണ്ടും തിരിച്ചടി; മുൻ മന്ത്രിമാരുൾപ്പെടെ മുതിർന്ന നേതാക്കൾ ടിവികെയിൽ

vjay eps
വെബ് ഡെസ്ക്

Published on Jul 02, 2026, 12:53 PM | 1 min read

ചെന്നൈ: എഐഎഡിഎംകെയ്ക്ക് വീണ്ടും തിരിച്ചടി. മൂന്ന് മുൻ മന്ത്രിമാരാണ് ഇത്തവണ പാർടി വിട്ട് മുഖ്യമന്ത്രി വിജയ് നയിക്കുന്ന ടിവികെയിലേക്ക് ചേക്കേറിയത്. മുൻ മന്ത്രിമാരായ ഡോ. സി വിജയബാസ്കർ, എം ആർ വിജയബാസ്കർ, എം എസ് എം ആനന്ദൻ എന്നിവരാണ് ഭരണകക്ഷിയായ ടിവികെയിലേക്ക് കൂടുമാറിയത്. മാമല്ലപുരത്തെ സ്വകാര്യ റിസോർട്ടിൽ നടന്ന ചടങ്ങിൽ ടിവികെ ജനറൽ സെക്രട്ടറിയും ജലവിഭവ, ​​ഗ്രാമവികസന മന്ത്രിയുമായ എൻ ആനന്ദിന്റെ സാന്നിധ്യത്തിലായിരുന്നു ഇവർ അം​ഗത്വം സ്വീകരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ടിവികെയിലേക്കുള്ള എഐഎഡിഎംകെ അം​ഗങ്ങളുടെ കൂടുമാറ്റം പാർടിയെ പ്രതിസന്ധിയിലാക്കിയിരുന്നു.


വിരാലിമല മണ്ഡലത്തിലെ ജനങ്ങളുമായും അനുയായികളുമായും ആലോചിച്ചെടുത്ത കൂട്ടായ തീരുമാനമാണിതെന്നും എഐഎഡിഎംകെ നേതൃത്വത്തിന്റെ തെറ്റായ തീരുമാനങ്ങളാണ് പാർടി വിടാൻ കാരണമെന്നും മുൻ ആരോഗ്യമന്ത്രി കൂടിയായിരുന്ന സി വിജയബാസ്കർ പറഞ്ഞു. 45 വർഷത്തെ എഐഎഡിഎംകെ ബന്ധം അവസാനിപ്പിച്ചാണ് എംഎസ്എം ആനന്ദന്റെ മാറ്റം. നിലവിലെ എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയുടെ കീഴിൽ പാർടി സ്വാർഥ സംഘടനയായി മാറിയെന്നാണ് അദ്ദേഹം പ്രതികരിച്ചത്. തിരുച്ചിറപ്പള്ളിയിൽ നിന്നുള്ള വളർമതി, ജില്ലാ സെക്രട്ടറിമാരായ പി കെ വൈരമുത്തു, ഇളമ്പായ് തമിഴ്‌സെൽവൻ, ഒറത്തനാട് ശേഖർ, ട്രിച്ചി ശ്രീനിവാസൻ എന്നിവരും ടിവികെയുടെ ഭാഗമാകും.


പുതുക്കോട്ട, കരൂർ തുടങ്ങിയ ജില്ലകളിൽ നിന്നുള്ള നൂറുകണക്കിന് എഐഎഡിഎംകെ പ്രവർത്തകരും ഇവരോടൊപ്പം മാമല്ലപുരത്തെ പരിപാടിയിൽ പങ്കെടുത്തുവെന്നാണ് വിവരം. പൊതുമരാമത്ത്, കായിക വികസന മന്ത്രിയും ടിവികെ ജനറൽ സെക്രട്ടറിയുമായ ആധവ് അർജുനയും മറ്റു മന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു. മെയ് 29ന് മുൻ മന്ത്രിമാരായ വെള്ളമാണ്ടി നടരാജൻ, ആനന്ദൻ, മുൻ എംഎൽഎമാരായ നടരാജ്, സാധൻ പ്രഭാകർ എന്നിവരുൾപ്പെടെ മുന്നൂറിലധികം എഐഎഡിഎംകെ പ്രവർത്തകർ ടിവികെയിൽ ചേർന്നിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ എഐഎഡിഎംകെ വിട്ട് വിജയ്‌ക്കൊപ്പം ചേർന്ന ആദ്യത്തെ മുതിർന്ന നേതാവ് കെ എ സെങ്കോട്ടയ്യൻ ആയിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home