ഉക്രെയ്ൻ ഡ്രോൺ ആക്രമണങ്ങളുടെ ആഘാതം; ഇന്ത്യയിൽ നിന്ന് പെട്രോൾ വാങ്ങി റഷ്യ

പ്രതീകാത്മക എഐ ചിത്രം
ന്യൂഡൽഹി : രാജ്യത്ത് തുടരുന്ന കടുത്ത ഇന്ധനക്ഷാമം പരിഹരിക്കുന്നതിനായി റഷ്യ ഇന്ത്യയിൽ നിന്ന് കടൽമാർഗം പെട്രോൾ ഇറക്കുമതി ചെയ്യാൻ ആരംഭിച്ചു. ഊർജ നിലയങ്ങൾക്ക് നേരെ ഉക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളെത്തുടർന്നാണ് റഷ്യയിൽ ഇന്ധനക്ഷാമെ രൂക്ഷമായത്. വിപണിയിലെ രണ്ട് ഔദ്യോഗിക വൃത്തങ്ങളാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.
പെട്രോൾ പമ്പുകളിലെ നീണ്ട ക്യൂവിനും നിയന്ത്രിത വിതരണത്തിനും പുറമെ വില സർവ്വകാല റെക്കോർഡിലേക്ക് ഉയർന്നതും റഷ്യൻ ജനതയെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ന്യായമായ വിലയിൽ ഇന്ധനം ഇറക്കുമതി ചെയ്യുന്നതിനായി റഷ്യ മറ്റ് രാജ്യങ്ങളുമായി ചർച്ചകൾ നടത്തുകയാണെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു
ഇന്ത്യയിൽ നിന്ന് കുറഞ്ഞത് 60,000 മെട്രിക് ടൺ പെട്രോളെങ്കിലും റഷ്യയിലേക്ക് അയച്ചിട്ടുണ്ടെന്നാണ് സ്രോതസുകളിൽ നിന്നുള്ള സൂചന. 30,000 മുതൽ 40,000 ടൺ വരെ ശേഷിയുള്ള രണ്ട് കൂറ്റൻ ടാങ്കറുകളിലാണ് ഇന്ധനം കൊണ്ടുപോകുന്നത്. എന്നാൽ ഇന്ത്യയിലെ ഏത് എണ്ണശുദ്ധീകരണ ശാലയാണ് റഷ്യയിലേക്ക് പെട്രോൾ എത്തിക്കുന്നത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
അയൽരാജ്യമായ ബെലാറസിൽ നിന്നുള്ള ഇന്ധന ഇറക്കുമതിക്ക് പുറമെ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നായി പ്രതിമാസം ആകെ 400,000 ടൺ പെട്രോൾ ഇറക്കുമതി ചെയ്യാനാണ് റഷ്യ പദ്ധതിയിടുന്നത്. ഇന്ധനത്തിന് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള വേനൽക്കാലത്ത് റഷ്യയിലെ പ്രതിദിന പെട്രോൾ ഉപയോഗം കുറഞ്ഞത് 110,000 ടൺ ആണ്.
എണ്ണശുദ്ധീകരണ ശാലകൾക്ക് നേരെയുള്ള ഉക്രെയ്ന്റെ ഡ്രോൺ ആക്രമണങ്ങൾ ചില പ്രദേശങ്ങളിൽ ഇന്ധനക്ഷാമം ഉണ്ടാക്കിയിട്ടുണ്ടെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ അറിയിച്ചു. എങ്കിലും പ്രതിസന്ധിയെ തങ്ങൾ വിജയകരമായി നേരിടുകയാണെന്നാണ് പുടിൻ അവകാശപ്പെട്ടു. ഇന്ധനക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ റഷ്യൻ പാർലമെന്റ് കഴിഞ്ഞ ആഴ്ച നികുതി നിയമത്തിൽ ഭേദഗതികൾ വരുത്തിയിരുന്നു. ഇന്ത്യയിൽ നിന്നുള്ള വിതരണച്ചെലവും വിലയും അടിസ്ഥാനമാക്കി ഇന്ധന ഇറക്കുമതിക്ക് സബ്‌സിഡി നൽകാനും റഷ്യ തീരുമാനിച്ചിട്ടുണ്ട്.
മറുഭാഗത്ത് ജൂൺ ആദ്യ പകുതിയിൽ ബെലാറസ് റഷ്യയിലേക്കുള്ള പെട്രോൾ റെയിൽ വിതരണം എഴുപതിനായിരം ടണ്ണിലധികമായി വർധിപ്പിച്ചു. ഇത് മേയ് ആദ്യ പകുതിയെ അപേക്ഷിച്ച് ഏകദേശം മൂന്നിരട്ടി വർധനവാണ്.
ഹോർമുസ് കടലിടുക്കിലെ തടസങ്ങൾ മറികടക്കാൻ ഇന്ത്യൻ എണ്ണശുദ്ധീകരണ ശാലകൾ വലിയ തോതിൽ റഷ്യൻ എണ്ണ വാങ്ങിക്കൂട്ടിയിരുന്നു. ഇതോടെ ജൂണിൽ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതി സർവ്വകാല റെക്കോർഡിലേക്ക് ഉയരുകയും ചെയ്തു. കപ്പൽ ട്രാക്കിംഗ് വിവരങ്ങൾ നൽകുന്ന എൽഎസ്ഇജി, കെപ്ലർ എന്നിവരുടെ പ്രാഥമിക കണക്കുകൾ പ്രകാരമാണിത്.
ജൂൺ മാസത്തിൽ ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ പകുതിയിലധികവും റഷ്യയിൽ നിന്നായിരുന്നു. മേയ് മാസത്തിൽ ഇത് 36.5 ശതമാനം മാത്രമായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. ജൂണിൽ പ്രതിദിനം ശരാശരി 2.70 ദശലക്ഷം ബാരൽ എണ്ണയാണ് റഷ്യയിൽ നിന്ന് മാത്രം ഇറക്കുമതി ചെയ്യുന്നത്. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഊർജ വ്യാപാരം പുതിയൊരു തലത്തിലേക്ക് ഉയർന്നിരിക്കുകയാണ്.











0 comments