സർക്കാരിന്റെ അനുമതിയില്ലാതെ ഓഹരിക്കൈമാറ്റം നടത്താൻ അദാനിഗ്രൂപ്പ് എങ്ങനെ ധൈര്യപ്പെട്ടു; അസാധാരണമായ ചിലത് സംഭവിച്ചു: പിണറായി

പിണറായി വിജയൻ
തിരുവനന്തപുരം: കൺസഷൻ കരാറിന് വിരുദ്ധമായി വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരികൾ കൈമാറാൻ അദാനി ഗ്രൂപ്പ് എങ്ങനെ ധൈര്യപ്പെട്ടു എന്നത് സംശയകരമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. അദാനി വിഴിഞ്ഞം പോർട്ടിന്റെ 49 ശതമാനം ഓഹരികൾ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (എംഎസ്‍സി)ക്കാണ് നൽകിയത്. ഓഹരിക്കൈമാറ്റത്തിലൂടെ അദാനി ഗ്രൂപ്പിന് ലാഭമുണ്ടാക്കാനുള്ള നീക്കമാണ് നടത്തിയത്. കരാർ പ്രകാരം 25 ശതമാനത്തിലധികം ഓഹരികൾ കൈമാറണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ മുൻകൂർ അംഗീകാരം ആവശ്യമാണ്. ഇതൊന്നുമില്ലാതെ ഓഹരിക്കൈമാറ്റം നടത്തിയതിൽ ഒട്ടേറെ സംശയങ്ങൾ ഉയരുന്നുണ്ട്. എവിടെയോ എന്തോ അസാധാരണമായ കാര്യങ്ങൾ സംഭവിച്ചു എന്ന് വ്യക്തമാണെന്നും പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഉടമസ്ഥാവകാശമാറ്റത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് എന്തെന്ന് ഇനിയും വ്യക്തമാക്കാനുണ്ട്. സർക്കാരിന്റെ അറിവോടെയാണോ അദാനി ഗ്രൂപ്പിന്റെ ഓഹരിക്കൈമാറ്റം എന്നും, കരാർ ലംഘിച്ച നടപടിക്കെതിരെ സർക്കാർ ഏത് തരത്തിലുള്ള നിയമനടപടിയാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്നും വിശദീകരിക്കണം. തന്റെ അറിവോടെയല്ല തീരുമാനമെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. എന്നാൽ അദാനി പോർട്ടിന്റെ അധികൃതർ സർക്കാരിനെ ഓഹരിക്കൈമാറ്റം അറിയിച്ചു എന്നും പറയുന്നു. ഇതിൽ വസ്തുത എന്താണെന്ന് തുറമുഖ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തന്നെയാണ് ജനങ്ങളോട് പറയേണ്ടത്.
കേരളത്തിന്റെ താൽപര്യത്തിന് വിരുദ്ധമായ നീക്കമാണ് അദാനിയുടെ ഓഹരിക്കൈമാറ്റം. വിഴിഞ്ഞം തുറമുഖത്തെ ബഹുരാഷ്ട്ര കുത്തകയ്ക്ക് വിൽക്കുന്നതിന്റെ ആദ്യപടിയായി ഈ ഓഹരിക്കൈമാറ്റത്തെ കാണാം. ഷിപ്പിങ് രംഗത്ത് പ്രവർത്തിക്കുന്ന എംഎസ്‍സി വിഴിഞ്ഞം തുറമുഖം നിയന്ത്രിച്ചാൽ അതൊരു കുത്തകയായി മാറും. അങ്ങനെ വരുമ്പോൾ മറ്റ് കമ്പനികളുടെ കപ്പലുകൾക്ക് നിയന്ത്രണമില്ലാതെ വിഴിഞ്ഞത്തേക്ക് അടുക്കാനാകില്ല.
സർക്കാർ പങ്കാളിത്തത്തോടെ അദാനി നടത്തുന്ന തുറമുഖമാണ് വിഴിഞ്ഞത്തേത്. ഓഹരിക്കൈമാറ്റത്തിലൂടെ എംഎസ്‍സിക്ക് നിയന്ത്രണാധികാരം ലഭിക്കും. വിദേശകമ്പനിയുടെ ആധിപത്യത്തിലേക്ക് വളഞ്ഞവഴിയിലൂടെ കാര്യങ്ങൾ നീങ്ങുകയാണ്. അതിലൂടെ നാടിന്റെ താൽപര്യമാണ് ഹനിക്കപ്പെടുന്നത്. സർക്കാരിന്റെ വരുമാനത്തിലും നഷ്ടം വന്നേക്കും. കരാറിൽ ഒരുമാറ്റവുമുണ്ടാകരുതെന്നും, അദാനി ഗ്രൂപ്പിന്റെ താൽപര്യത്തിന് ഒരു കാരണവശാലും സർക്കാർ വഴങ്ങിക്കൊടുക്കരുതെന്നും പിണറായി പറഞ്ഞു.











0 comments