ad
Deshabhimani

റാസ് ലഫാൻ മിസൈൽ ആക്രമണം; ഇന്ത്യയിലേക്കുള്ള എൽഎൻജി വിതരണത്തെ ബാധിക്കും

LNG

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Mar 19, 2026, 05:10 PM | 2 min read

ദോഹ : ഖത്തറിലെ പ്രധാന പ്രകൃതിവാതക കേന്ദ്രമായ റാസ് ലഫാൻ വ്യാവസായിക ന​ഗരത്തെ ലക്ഷ്യമിട്ട് ഇറാൻ പുതിയ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി ഖത്തർ പ്രതിരോധ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു.


വ്യാഴാഴ്ച പുലർച്ചെ ഖത്തർ എനർജിയുടെ നിരവധി പ്രകൃതിവാതക കേന്ദ്രങ്ങൾക്ക് നേരെ മിസൈൽ ആക്രമണമുണ്ടായതായും ഇത് വലിയ തീപിടുത്തത്തിനും വ്യാപകമായ നാശനഷ്ടങ്ങൾക്കും കാരണമായതായും പ്രസ്താവനയിൽ പറയുന്നു. നാശനഷ്ടങ്ങൾ നിയന്ത്രിക്കാൻ അടിയന്തര സംഘത്തെ ഉടൻ വിന്യസിച്ചെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കമ്പനി അറിയിച്ചു.


ഇറാനിലെ പ്രധാന ഗ്യാസ് ഫീൽഡായ സൗത്ത് പാഴ്സ് ഇസ്രയേൽ ആക്രമിച്ചതോടെയാണ് ഇറാൻ ഖത്തറിലെ പ്രകൃതിവാതക കേന്ദ്രം ആക്രമിച്ചത്. ഇസ്രയേലിന്റെ നടപടിയെക്കുറിച്ച് തനിക്ക് മുൻകൂട്ടി അറിയില്ലായിരുന്നുവെന്നും സ്ഥലത്ത് കൂടുതൽ ആക്രമണങ്ങൾ നടത്തില്ലെന്ന് ഇസ്രയേൽ സമ്മതിച്ചിട്ടുണ്ടെന്നും ട്രംപ് പ്രതികരിച്ചു.

അതെസമയം സൗത്ത് പാഴ്സ് ആക്രമണത്തിന് ശേഷം ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ "ലോകത്തെ മുഴുവൻ വിഴുങ്ങാൻ സാധ്യതയുള്ള അനിയന്ത്രിതമായ പ്രത്യാഘാതങ്ങൾ" ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.


ഇസ്രയേൽ തുടങ്ങിവച്ച ഊർജ യുദ്ധത്തിന്റെ വിലയാണ് ഖത്തർ ഇപ്പോൾ നൽകുന്നത്. ഇറാൻ തങ്ങളുടെ പ്രധാന എൽഎൻജി കേന്ദ്രങ്ങൾ ആക്രമിക്കുന്നത് തുടരുകയാണ്. റാസ് ലഫാനിൽ ഇറാന്റെ ആക്രമണത്തിന് ശേഷം വ്യാപകമായ നാശനഷ്ടം സംഭവിച്ചതായി ഖത്തർ എനർജി വ്യക്തമാക്കി.


ആക്രമണത്തിന് ശേഷം എണ്ണവില ശക്തമായി കുതിച്ചുയർന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് ഏകദേശം 112 ഡോളർ വരെ എത്തി. ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി വിതരണക്കാരിൽ ഒന്നായ ഖത്തറിൽ നിന്നുള്ള എൽഎൻജി കയറ്റുമതി തടസ്സപ്പെടുമെന്ന ആശങ്കകൾക്കിടയിലാണ് വില ഉയർന്നത്.


2025 ൽ ഖത്തർ ഏകദേശം 80 ദശലക്ഷം മെട്രിക് ടൺ എൽഎൻജി വിതരണം ചെയ്തിട്ടുണ്ട്. 2024-25 ലെ മൊത്തം ആഗോള എൽഎൻജി കയറ്റുമതിയുടെ ഏകദേശം 18.8 ശതമാനമാണിത്. ഇതോടെ അമേരിക്കക്കും ഓസ്ട്രേലിക്കും ശേഷം ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി കയറ്റുമതിക്കാരിൽ ഒന്നായി ഖത്തർ മാറി. പ്രധാനമായും റാസ് ലഫാനിൽ നിന്നാണ് കയറ്റുമതി ചെയ്തത്.


ഇന്ത്യയുടെ എൽഎൻജിയുടെ മുൻനിര സ്രോതസാണ് ഖത്തർ. 2023ൽ ഇന്ത്യ ഖത്തറിൽ നിന്ന് ഏകദേശം 10.6 മുതൽ 10.7 ദശലക്ഷം ടൺ എൽഎൻജി ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇത് ഇന്ത്യയുടെ മൊത്തം എൽഎൻജി ഇറക്കുമതിയുടെ ഏകദേശം 35 മുതൽ 54 ശതമാനമാണ്. 2025-26ൽ ഇന്ത്യയുടെ എൽഎൻജി ഇറക്കുമതിയുടെ ഏകദേശം 46.8 ശതമാനവും ഖത്തറിൽ നിന്നാണ്. 2025-26ൽ ഇന്ത്യ ഏറ്റവും കൂടുതൽ എൽഎൻജി ഇറക്കുമതി ചെയ്തത് ഖത്തറിൽ നിന്നാണ്.


ഇന്ത്യയിലെ വ്യവസായങ്ങൾ, വൈദ്യുതി ഉൽപാദനം, വളം ഉൽപാദനം, സിറ്റി ​ഗ്യാസ് വിതരണം, കൽക്കരി, എണ്ണ എന്നിവക്ക് ഒരു ബദൽ എന്നീ നിലകളിൽ എൽ‌എൻ‌ജി ഒരു നിർണായക ഇന്ധനമാണ്. ഖത്തറിൽ എൽഎൻജി ഉല്പാദനം താൽക്കാലികമായി നിർത്തിവച്ചതോടെ ഇന്ത്യയിലേക്കുള്ള വിതരണത്തിൽ തടസങ്ങൾ നേരിട്ടേക്കാം. ഏഷ്യയിലെ എൽഎൻജി സ്‌പോട്ട് വില ഇരട്ടിയിലധികമായി. എൽഎൻജിയുടെയും ക്രൂഡ് ഓയിലിന്റെയും വില ഉയരുന്നത് രാജ്യത്തെ പണപ്പെരുപ്പത്തിലേക്ക് നയിക്കും.


ചില പവർ പ്ലാന്റുകൾ വൈദ്യുതിക്കായി ഇറക്കുമതി ചെയ്ത വാതകമാണ് ഉപയോഗിക്കുന്നത്. എൽഎൻജി വില ഉയർന്നാൽ ഉല്പാദന ചെലവ് വർധിക്കും. എൽഎൻജി വിതരണത്തിൽ തടസമുണ്ടായാൽ വാഹനങ്ങളിൽ ഉപയോഗിക്കുന്ന സിഎൻജിയുടെയും നഗരങ്ങളിലെ പൈപ്പ് ലൈൻ ഗ്യാസിന്റെയും വിതരണത്തെ ബാധിക്കാൻ സാധ്യതയുണ്ട്. ചുരുക്കത്തിൽ പശ്ചിമേഷ്യയിൽ നിലവിലെ സാഹചര്യം തുടർന്നാൽ അത് രാജ്യത്തെ സമ്പദ്ഘടനയെ സാരമായി തന്നെ ബാധിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home