print edition സെൻസെക്സ് 1313 പോയിന്റ് ഇടിഞ്ഞു; ഓഹരിവിപണി ഇടിഞ്ഞു

പ്രതീകാത്മക ചിത്രം
കൊച്ചി: ഓഹരിവിപണി തുടർച്ചയായ മൂന്നാംദിവസവും ഇടിഞ്ഞു. പശ്ചിമേഷ്യൻ യുദ്ധഭീതിയും വാണിജ്യ പാചകവാതക വില ഉയർത്തിയതും ഗാർഹിക സിലിണ്ടർ, പെട്രോൾ, ഡീസൽ വില വർധിപ്പിക്കുമെന്ന ആശങ്കയുമാണ് തിങ്കളാഴ്ച സൂചികകളെ വീഴ്‌ത്തിയത്.
ഇന്ധന ഉപയോഗം കുറയ്ക്കണമെന്നും രാസവളം, സ്വർണം എന്നിവ വാങ്ങുന്നത് ഒഴിവാക്കണമെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചതും വിപണിയെ സ്വാധീനിച്ചു.
അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില ഉയർന്നതും വിദേശനിക്ഷേപകർ വൻതോതിൽ നിക്ഷേപം പിൻവലിച്ചതും കാരണമായി.
ബിഎസ്ഇ സെൻസെക്‌സ് 1.70ശതമാനവും എൻഎസ്ഇ നിഫ്റ്റി 1.49ശതമാനവും നഷ്ടം രേഖപ്പെടുത്തി. സെൻസെക്സ് വ്യാപാരത്തിനിടെ 1370.79പോയിന്റ് നഷ്ടത്തിൽ 75,957.40ലേക്കും നിഫ്റ്റി 377.05പോയിന്റ് നഷ്ടത്തിൽ 23,799.10ലേക്കും താഴ്‌ന്നു. സെൻസെക്സ് ഒടുവിൽ 1312.91പോയിന്റ് ഇടിഞ്ഞ് 76,015.28ലും നിഫ്റ്റി 360.30പോയിന്റ് കുറഞ്ഞ് 23,815.85ലും വ്യാപാരം അവസാനിപ്പിച്ചു.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണിമൂല്യം മുൻദിവസത്തെ 473.10 ലക്ഷം കോടിയിൽനിന്ന് 466.58 ലക്ഷം കോടിയായി കുറഞ്ഞു. 6.52 ലക്ഷം കോടിയാണ് നിക്ഷേപകർക്ക് നഷ്ടം.










0 comments