സ്വര്‍ണത്തിൽ ഇടിവ്, പവന് 70,000 രൂപ
കാളകള്‍ കുതിച്ചു ; ഓഹരിവിപണിയിൽ ഉണർവ്

കൊച്ചി
ഇന്ത്യൻ ഓഹരിവിപണി ആഴ്ചയുടെ ആദ്യദിവസം റെക്കോഡിലേക്ക് കുതിച്ചു. യുഎസും -ചൈനയും പകരച്ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിക്കാൻ തീരുമാനിച്ചതും ഇന്ത്യ–-പാകിസ്ഥാൻ വെടിനിർത്തലുമാണ് പ്രധാനമായും കാളകള്‍ക്ക് മുന്നേറാൻ കരുത്തുപകർന്നത്. ബിഎസ്ഇ സെൻസെക്സ് 3.74 ശതമാനവും എൻഎസ്ഇ നിഫ്റ്റി 3.82 ശതമാനവും നേട്ടം രേഖപ്പെടുത്തി. നാലുവർഷത്തിനിടയിലെ സൂചികകളുടെ ഏറ്റവും മികച്ച പ്രകടനമാണിത്.
സെൻസെക്സ് 1349. 33 പോയിന്റ് നേട്ടത്തിൽ 80,803.80 ലാണ് തുടങ്ങിയത്. വ്യാപാരത്തിനിടയിൽ 3041 പോയിന്റിലധികം ഉയർന്ന് 82,495.97ലെത്തി. ഒടുവിൽ 2,975.43 പോയിന്റ് നേട്ടത്തോടെ 82,429.90 ലും 24,944.80 വരെ ഉയർന്ന നിഫ്റ്റി 916.70 പോയിന്റ് ഉയർന്ന് 24,924.70ലുമാണ് തിങ്കളാഴ്‌ച വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണിമൂല്യം മുൻദിവസത്തെ 417.01 ലക്ഷം കോടിയിൽനിന്ന് 432.56 ലക്ഷം കോടിയായി ഉയർന്നു. 15.55 ലക്ഷം കോടിയാണ് നിക്ഷേപകർക്ക് ഒറ്റദിവസത്തെ നേട്ടം. ബിഎസ്ഇ ഐടി സൂചിക 6.75 ശതമാനവും റിയാല്‍റ്റി 5.87 ശതമാനവും പവര്‍ 4.82 ശതമാനവും മുന്നേറി. ഇന്‍ഫോസിസ് 7.91 ശതമാനവും എച്ച്സിഎല്‍ ടെക് 6.35 ശതമാനവും നേട്ടമുണ്ടാക്കി.
സ്വര്‍ണത്തിൽ ഇടിവ്, പവന് 70,000 രൂപ
സംസ്ഥാനത്ത് തിങ്കളാഴ്‌ച സ്വർണവില കുറഞ്ഞു. രണ്ടുതവണയായി പവന് 2360 രൂപയും ഗ്രാമിന് 295 രൂപയുമാണ് കുറഞ്ഞത്. തലേദിവസത്തെ വിലയിൽനിന്ന് പവന് 1320 രൂപ കുറഞ്ഞ് 71,040 രൂപയിലാണ് രാവിലെ വ്യാപാരം തുടങ്ങിയത്. ഉച്ചയോടെ 1040 രൂപകൂടി കുറഞ്ഞു. ഇതോടെ പവന്‍ വീണ്ടും 70,000 രൂപയിലേക്കും ഗ്രാം വില 8750 രൂപയിലേക്കും താഴ്ന്നു. സമീപകാലത്ത് ഒറ്റദിവസം ഇത്രയും വില ഇടിയുന്നത് ആദ്യമാണ്.
ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപയാണ് ഉയര്‍ന്ന പവന്‍ വില. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഇടിഞ്ഞതാണ് സംസ്ഥാനത്ത് വില കുറയാൻ കാരണം.
യുഎസും -ചൈനയും പരസ്പരം ചുമത്തിയ പകരച്ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിക്കാന്‍ തീരുമാനിച്ചതും ഇന്ത്യ–-പാക് വെടിനിര്‍ത്തലുമാണ് അന്താരാഷ്ട്രവിലയില്‍ വന്‍ ഇടിവുണ്ടാക്കിയത്. വില ഇനിയും താഴ്ന്നേക്കാമെന്നാണ് വിപണിവിദഗ്ധര്‍ പറയുന്നത്.









0 comments