പശ്ചിമേഷ്യൻ സംഘർഷം : ആഗോള വിപണിയിൽ ആശങ്ക; രൂപയ്ക്ക് റെക്കോർഡ് തകർച്ച

പ്രതീകാത്മക ചിത്രം
മുംബൈ : പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നതിനിടെ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തിൽ സർവകാല റെക്കോർഡ് തകർച്ചയിലെത്തിയ രൂപ നേരിയ തോതിൽ തിരിച്ചുകയറി. യുഎസ് ഡോളറിനെതിരെ 48 പൈസ നേട്ടമുണ്ടാക്കി 91.59 എന്ന നിലയിലാണ് രൂപ ഇപ്പോൾ വ്യാപാരം തുടരുന്നത്.
ആഭ്യന്തര ഓഹരി വിപണിയിലെ ഉണർവാണ് രൂപയ്ക്ക് നേരിയ ആശ്വാസമായത്. തിങ്കളാഴ്ച 41 പൈസയും ബുധനാഴ്ച 56 പൈസയും ഇടിഞ്ഞ് 92.05 എന്ന റെക്കോർഡ് താഴ്ചയിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചിരുന്നത്. ചൊവ്വാഴ്ച ഹോളി പ്രമാണിച്ച് വിപണിക്ക് അവധിയായിരുന്നു. വ്യാഴാഴ്ച രാവിലെ 92.16ൽ വ്യാപാരം ആരംഭിച്ച രൂപ, ഒരു ഘട്ടത്തിൽ 91.30 വരെ താഴ്ന്ന ശേഷമാണ് 91.57ൽ എത്തിയത്.
പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം തടസ്സപ്പെട്ടതാണ് വില വർധനയ്ക്ക് കാരണം. ഇന്ത്യയുടെ ഇന്ധന ആവശ്യത്തിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്നതിനാൽ, എണ്ണവില വർധന രാജ്യത്തിന്റെ ഇറക്കുമതി ചെലവ് കുത്തനെ കൂട്ടും. ഡോളർ ശക്തിപ്പെടുന്നതും വിദേശ നിക്ഷേപകർ കൂട്ടത്തോടെ ഓഹരികൾ വിറ്റഴിക്കുന്നതും രൂപയുടെ മേൽ വരും ദിവസങ്ങളിലും സമ്മർദ്ദമുണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.










0 comments