രൂപക്ക് വീണ്ടും തകർച്ച; തുടർച്ചയായ അഞ്ചാം ദിവസവും ഇടിവ്

പ്രതീകാത്മക എഐ ചിത്രം
മുംബൈ : ആഗോള വിപണിയിലെ അസ്ഥിരതയാലും ഡോളർ കരുത്താർജിച്ചതിനാലും തുടർച്ചയായ അഞ്ചാം ദിവസവും ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും കൂപ്പുകുത്തി. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 11 പൈസ ഇടിഞ്ഞ് 94.27 എന്ന റെക്കോർഡ് താഴ്ചയിലെത്തി. രൂപയുടെ തുടർച്ചയായ തകർച്ച രാജ്യത്ത് വിലക്കയറ്റം രൂക്ഷമാക്കുമെന്ന ആശങ്ക വർധിപ്പിക്കുകയാണ്.
പശ്ചിമേഷ്യൻ സംഘർഷം മൂലം അസംസ്‌കൃത എണ്ണവില വർധിക്കുന്നതും വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് വൻതോതിൽ പണം പിൻവലിക്കുന്നതുമാണ് രൂപക്ക് തിരിച്ചടിയായത്. രൂപയുടെ മൂല്യം ഇടിയുന്നത് രാജ്യത്തേക്കുള്ള ഇറക്കുമതി ചെലവ് വർധിപ്പിക്കും. ഇത് പെട്രോൾ, ഡീസൽ വില വർധനവിനും അതുവഴി നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും കാരണമാകും.
ഡോളറിനെതിരെ 94.16 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച രൂപ, മിനിറ്റുകൾക്കുള്ളിൽ 94.27 ലേക്ക് താഴുകയായിരുന്നു. രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 102 ഡോളറിന് മുകളിൽ തുടരുന്നത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ സമ്മർദത്തിലാക്കുന്നുണ്ട്.
ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വിദേശ ധനകാര്യ സ്ഥാപനങ്ങൾ നിക്ഷേപം പിൻവലിക്കുന്നത് തുടരുന്നതും രൂപയെ തളർത്തുന്നു. ആഗോളതലത്തിലെ സംഘർഷങ്ങൾ മൂലം എണ്ണവില വർധിച്ചതും കറൻസി നിയന്ത്രണങ്ങളിൽ റിസർവ് ബാങ്ക് ഇളവുകൾ വരുത്തിയതും ഉൾപ്പെടെയുള്ള വിവിധ കാരണങ്ങളാൽ ഇന്ത്യൻ രൂപ വലിയ പ്രതിസന്ധിയിലാണെന്ന് ഫോറെക്‌സ് ട്രേഡർമാർ പറയുന്നു.











0 comments