ഡോളർ മുകളിലേക്ക്, രൂപയുടെ മൂല്യം താഴേക്ക്!

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലേക്ക് (REUTERS/Priyanshu Singh)
മുംബൈ : പശ്ചിമേഷ്യയിലെ സമാധാന ചർച്ചകൾ ഫലം കാണാത്തതിനാൽ അസംസ്‌കൃത എണ്ണവില കുതിച്ചുയർന്നു. ഇതോടെ ഏപ്രിൽ 23 വ്യാഴാഴ്ച വ്യാപാരത്തിന്റെ തുടക്കത്തിൽ രൂപയുടെ മൂല്യം 34 പൈസ ഇടിഞ്ഞ് ഡോളറിനെതിരെ 94.12 എന്ന നിലയിലെത്തി. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് രൂപ 94 എന്ന പരിധിക്ക് താഴേക്ക് പോകുന്നത്. ഇതോടെ തുടർച്ചയായ നാലാം ദിവസമാണ് രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടാകുന്നത്.
ആഭ്യന്തര ഓഹരി വിപണിയിലെ വൻതോതിലുള്ള വിറ്റഴിക്കലും ആഗോളതലത്തിൽ അമേരിക്കൻ കറൻസിക്ക് ആവശ്യകത വർധിച്ചതിനാൽ വിദേശ നിക്ഷേപകർ പിൻവാങ്ങുന്നതും രൂപക്ക് വലിയ സമ്മർദമുണ്ടാക്കുന്നുണ്ട്.
ഇന്റർബാങ്ക് വിദേശ വിനിമയ വിപണിയിൽ 94.04ൽ വ്യാപാരം ആരംഭിച്ച രൂപ, പിന്നീട് കൂടുതൽ തകർന്ന് 94.12ലേക്ക് എത്തി. മുൻ ദിവസത്തെ ക്ലോസിംഗ് നിരക്കിനേക്കാൾ 34 പൈസയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തുന്നത്. ബുധനാഴ്ചയും രൂപ 34 പൈസ ഇടിഞ്ഞ് 93.78 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതിന് മുൻപുള്ള രണ്ട് സെഷനുകളിലായി 53 പൈസയുടെ ഇടിവുണ്ടായിരുന്നു.
പശ്ചിമേഷ്യയിലെ യുദ്ധം മൂലമുണ്ടായ ഭൗമരാഷ്ട്രീയ പ്രതിസന്ധികളെത്തുടർന്ന് മാർച്ച് 23നാണ് രൂപ ആദ്യമായി ഡോളറിനെതിരെ 94 എന്ന നിർണായക നിലവാരം മറികടന്നത്. മാർച്ച് 30ന് രൂപയുടെ മൂല്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയായ 95.22ൽ എത്തിയിരുന്നു. പിന്നീട് അമേരിക്ക - ഇറാൻ സമാധാന ചർച്ചകൾ തുടങ്ങിയതോടെ രൂപയുടെ മൂല്യം തിരിച്ചു കയറി.
കഴിഞ്ഞ ആഴ്ചയിൽ വ്യാപാരം അവസാനിക്കുമ്പോൾ രൂപ ഡോളറിനെതിരെ 92.91 എന്ന നിലയിലായിരുന്നു. എന്നാൽ പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ വീണ്ടും ശക്തമായതും ആഗോള ഇന്ധന വിതരണത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് തുറക്കുന്നതിലെ അനിശ്ചിതത്വങ്ങളും രൂപയെ വീണ്ടും സമ്മർദത്തിലാക്കി.
ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില 1.37 ശതമാനം വർധനവോടെ ബാരലിന് 103.31 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം ഇന്ന് നടത്തുന്നത്.
ആഭ്യന്തര ഓഹരി വിപണിയിൽ സെൻസെക്സ് 660.52 പോയിന്റ് (0.83%) ഇടിഞ്ഞ് 77,867.60 എന്ന നിലവാരത്തിലും, നിഫ്റ്റി 163.40 പോയിന്റ് (0.67%) ഇടിഞ്ഞ് 24,214.60 എന്ന നിലവാരത്തിലുമാണ്. എക്സ്ചേഞ്ച് കണക്കുകൾ പ്രകാരം, ബുധനാഴ്ച വിദേശ സ്ഥാപന നിക്ഷേപകർ ഏകദേശം 2,078.36 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇറാനുമായുള്ള വെടിനിർത്തൽ അമേരിക്ക അനിശ്ചിതകാലത്തേക്ക് നീട്ടിയതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. രണ്ടാം ഘട്ട സമാധാന ചർച്ചകൾ താല്കാലികമായി നിർത്തിവച്ചിരിക്കുന്ന സാഹചര്യത്തിലാണിത്. ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ നൽകുന്ന വിവരമനുസരിച്ച് വെടിനിർത്തൽ നീട്ടിയത് അംഗീകരിച്ചിട്ടുണ്ടെങ്കിലും, യുദ്ധം അവസാനിപ്പിക്കാനുള്ള പുതിയ ചർച്ചകളിൽ പങ്കെടുക്കാൻ തയ്യാറാണോയെന്ന് വ്യക്തമാക്കിയിട്ടില്ല.










0 comments