രൂപയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച; ഡോളറിനെതിരെ 95.29 ആയി കൂപ്പുകുത്തി

മുംബൈ: രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ പെട്ടെന്നുള്ള വർദ്ധനവിനെ തുടർന്ന് രൂപയ്ക്ക് വൻ തിരിച്ചടി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 10 പൈസ ഇടിഞ്ഞ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 95.29 ൽ എത്തി.
വിദേശ മൂലധനത്തിന്റെ വൻതോതിലുള്ള ഒഴുക്കും ആഗോള വിപണിയിലെ അനിശ്ചിതാവസ്ഥയുമാണ് രൂപയ്ക്ക് വിനയായത്. ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ച് വിപണിയിൽ 95.23 എന്ന നിലവാരത്തിലാണ് രൂപ ഇന്ന് വ്യാപാരം ആരംഭിച്ചത്.
എന്നാൽ ഡോളർ കൂടുതൽ ശക്തമായതോടെ ഒരു ഘട്ടത്തിൽ മൂല്യം 95.29 ലേക്ക് താഴുകയായിരുന്നു. കഴിഞ്ഞ ദിവസം ഡോളറിനെതിരെ 95.19 എന്ന നിലയിലായിരുന്നു രൂപ വ്യാപാരം അവസാനിപ്പിച്ചിരുന്നത്. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നതാണ് രൂപയുടെ മൂല്യത്തകർച്ചയ്ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 0.23 ശതമാനം വർദ്ധിച്ച് 81.21 യുഎസ് ഡോളറിലെത്തി. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങളിലൊന്നായ ഇന്ത്യയ്ക്ക് എണ്ണവിലയിലുണ്ടാകുന്ന നേരിയ വർദ്ധനവ് പോലും കറന്റ് അക്കൗണ്ട് കമ്മി വർദ്ധിക്കുന്നതിനും രൂപയുടെ മൂല്യം ഇടിയുന്നതിനും കാരണമാകാറുണ്ട്.
കൂടാതെ, ആഭ്യന്തര ഓഹരി വിപണിയിൽ നിന്നുള്ള വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകരുടെ പിന്മാറ്റവും രൂപയെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. വിപണി നിരീക്ഷകരുടെ കണക്കനുസരിച്ച് വരും ദിവസങ്ങളിലും ക്രൂഡ് ഓയിൽ വില ഉയർന്ന നിലയിൽ തുടരുകയാണെങ്കിൽ രൂപയുടെ മൂല്യം ഇനിയും ഇടിയാൻ സാധ്യതയുണ്ട്.
അതേസമയം, രൂപയുടെ മൂല്യം അമിതമായി ഇടിയുന്നത് തടയാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വിപണിയിൽ ഇടപെട്ടേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. രൂപയുടെ മൂല്യത്തകർച്ച രാജ്യത്തെ ഇറക്കുമതി ചെലവ് വർദ്ധിപ്പിക്കുന്നതിനും അതുവഴി ആഭ്യന്തര വിപണിയിൽ വിലക്കയറ്റത്തിന് കാരണമാകുമെന്നും ആശങ്കയുണ്ട്.









0 comments