ad
Deshabhimani

ഇറക്കുമതിച്ചെലവ് കുറയുമോ? പുതിയ നീക്കവുമായി കേന്ദ്രം

Import tariff

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Mar 29, 2026, 04:25 PM | 2 min read

ന്യൂഡൽഹി : രൂപയുടെ മൂല്യത്തിനെതിരെ ഡോളർ കുതിച്ചുയരുന്നതും എണ്ണവില സൃഷ്ടിക്കുന്ന ഇരട്ട പ്രഹരവും മറികടക്കാൻ പശ്ചിമേഷ്യൻ രാജ്യങ്ങളുമായുള്ള വ്യാപാരം പ്രാദേശിക കറൻസികളിൽ നടത്താൻ കേന്ദ്ര സർക്കാർ നീക്കം. രണ്ട് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ ഇക്കാര്യം വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നു.


കറൻസി വിനിമയത്തിലുള്ള അധികച്ചെലവ് ഒഴിവാക്കുക എന്നതാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന ലക്ഷ്യം. ഈ നീക്കം വിജയിച്ചാൽ രാജ്യത്തേക്കുള്ള 80 ശതമാനത്തോളം എണ്ണ ഇറക്കുമതിക്ക് അമേരിക്കൻ ഡോളറിന് പകരം പ്രാദേശിക കറൻസിയിൽ പണമടക്കാനാകും.


സർക്കാർ കണക്കുകൾ പ്രകാരം ഒമാൻ, ദുബായ് എന്നിവിടങ്ങളിൽ നിന്നുള്ള വിവിധതരം എണ്ണകളുടേയും ക്രൂഡ് ഓയിലിന്റെയും ഇന്ത്യൻ ബാസ്കറ്റ് വില നിലവിൽ 123.15 ഡോളറാണ്. ഫെബ്രുവരിയിൽ ഇത് 69 ഡോളർ ആയിരുന്നു. ഈ ആഴ്ചയിലാദ്യം ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറിനെതിരെ റെക്കോർഡ് തകർച്ചയായ 94.1 രൂപയിലേക്ക് എത്തിയിരുന്നു. യുഎസ് - ഇസ്രയേൽ സഖ്യം ഇറാനെതിരെ കടന്നാക്രമണം തുടങ്ങുന്നതിന് മുമ്പ് വിനിമയ മൂല്യം 91.3 രൂപയായിരുന്നു.


രൂപയുടെ മൂല്യം ഇടിഞ്ഞതോടെ യുഎസ് ഡോളറിൽ നടത്തുന്ന ഓരോ ഇറക്കുമതി ഇടപാടിനും പ്രത്യേകിച്ച് എണ്ണ ഇറക്കുമതിക്ക് ഇന്ത്യൻ വ്യാപാരികൾക്ക് വൻതുക അധികമായി നൽകേണ്ടി വരുന്നു. പ്രാദേശിക കറൻസിയിൽ ഇറക്കുമതി ഇടപാടുകൾ നടത്തുമ്പോൾ വിനിമയ നിരക്കിൽ ലാഭമുണ്ടാക്കാൻ സാധിക്കും.


സാധാരണയായി രൂപ ഡോളറിലേക്കും, ഡോളർ അവിടുത്തെ പ്രാദേശിക കറൻസിയിലേക്കും, വീണ്ടും തിരിച്ച് ഡോളറിലേക്കും, അതിൽ നിന്ന് രൂപയിലേക്കും മാറ്റുമ്പോൾ ഓരോ ഘട്ടത്തിലും വലിയ തുക ചാർജായി നൽകേണ്ടി വരാറുണ്ട്. ഓരോ വിനിമയത്തിനും ഇടപാട് മൂല്യത്തിന്റെ 1മുതൽ 2 ശതമാനം വരെ ചെലവ് വരുന്നു. അതിനാൽ പ്രാദേശിക കറൻസികളിൽ ഇടപാട് നടത്തിയാൽ 5 മുതൽ 6 ശതമാനത്തോളം തുക ലാഭിക്കാൻ കഴിയും. വലിയ തുകയുടെ ഇടപാടുകൾ നടക്കുമ്പോൾ ഇത് ലാഭകരമാണ്.


റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഇന്ത്യ പ്രാദേശിക കറൻസികളും ദിർഹവുമാണ് ഉപയോഗിക്കുന്നത്. 2025 ഏപ്രിൽ മുതൽ 2026 ജനുവരി വരെയുള്ള കാലയളവിൽ ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ 30.4 ശതമാനവും റഷ്യയിൽ നിന്നായിരുന്നു. ​ഗൾഫ് രാജ്യങ്ങളിൽ നിന്ന് 49 ശതമാനം ഇറക്കുമതി ചെയ്യുന്നുണ്ട്.


എന്നാൽ ഇറക്കുമതി ഇടപാടുകൾക്ക് ഡോളറിനെ ഒഴിവാക്കുന്നത് അമേരിക്കയുടെ പ്രതിഷേധത്തിന് കാരണമായേക്കാം. ഡോളറിന് പകരം മറ്റ് കറൻസികൾ ഉപയോഗിക്കാൻ ശ്രമിക്കുന്ന രാജ്യങ്ങൾക്ക് മേൽ 100 ശതമാനം നികുതി ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കൻ സുപ്രീം കോടതിയുടെ വിലക്കിനാൽ ഈ ഭീഷണി താൽക്കാലികമായി നീക്കിയിട്ടുണ്ടെങ്കിലും, നികുതിയെ രാജ്യങ്ങൾക്കു മേലുള്ള സമ്മർദ തന്ത്രമായി ഉപയോഗിക്കാനുള്ള ട്രംപിന്റെ ഉറച്ച നിലപാട് ഇപ്പോഴും തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home