ad
Deshabhimani

ട്രെയിൻ ടിക്കറ്റ് റദ്ദാക്കൽ മുതൽ പാൻ കാർഡ് നിയമം വരെ; ഏപ്രിൽ ഒന്നു മുതൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Income Tax

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Mar 29, 2026, 10:04 PM | 3 min read

ന്യൂഡൽഹി : പുതിയ സാമ്പത്തിക വർഷം ആരംഭിക്കുമ്പോൾ നിരവധി പരിഷ്കാരങ്ങളാണ് നിലവിൽ വരുന്നത്. ആദായി നികുതി, പാൻകാർഡ് നിയമങ്ങൾ, ബാങ്കിങ് പരിഷ്കാരങ്ങൾ, ശമ്പളക്കാർക്കുള്ള ആനുകൂല്യങ്ങൾ, യാത്ര കാര്യങ്ങൾ തുടങ്ങി ഏപ്രിൽ ഒന്നു മുതൽ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്.


ഏറ്റവും പ്രധാനപ്പെട്ടത് ആറ് പതിറ്റാണ്ട് പഴക്കമുള്ള ആദായ നികുതി നിയമം 1961ന് പകരം പുതിയ ആദായ നികുതി നിയമം 2025 പ്രബല്യത്തിൽ വരുമെന്നതാണ്.


ആദായ നികുതി നിയമം 2025


നികുതി നടപടികൾ കൂടുതൽ എളുപ്പമാക്കുന്നതിനായാണ് പരിഷ്കരിച്ച ആദായ നികുതി നിയമം 2025 നിലവിൽ വരുന്നത്. സങ്കീർണ്ണതകൾ ഒഴിവാക്കാൻ നിയമങ്ങളുടെ എണ്ണം 399ൽ നിന്ന് 190 ആയും, ടാക്‌സ് ഫോമുകൾ 511ൽ നിന്ന് 333 ആയും വെട്ടിക്കുറച്ചു. സാമ്പത്തിക വർഷം (Financial Year), അസസ്‌മെന്റ് വർഷം (Assessment Year) എന്നിങ്ങനെയുള്ള ആശയക്കുഴപ്പങ്ങൾ ഇനി ഉണ്ടാകില്ല. പകരം 'ടാക്‌സ് ഇയർ' എന്ന ഏകീകൃത സംവിധാനം നിലവിൽ വരും. ഏപ്രിൽ ഒന്നു മുതൽ പഴയ ആദായ നികുതി ഫോമുകൾക്ക് പകരം പുതിയവ നിലവിൽ വരും.


  • ശമ്പളക്കാർക്കുള്ള ടിഡിഎസ് സർട്ടിഫിക്കറ്റിനായുള്ള പഴയ ഫോം 16 ഇനിമുതൽ ഫോം 130 ആയിരിക്കും.


  • ശമ്പളത്തിന് പുറമെയുള്ള വരുമാനത്തിനുള്ള ടിഡിഎസ് സർട്ടിഫിക്കറ്റിനായുള്ള പഴയ ഫോം 16A ഇനിമുതൽ ഫോം 131 ആയിരിക്കും.


  • നിക്ഷേപ വിവരങ്ങൾ തൊഴിലുടമയ്ക്ക് നൽകാനുള്ള പഴയ ഫോം 12BB ഇനിമുതൽ ഫോം 124 ആയിരിക്കും.


  • വാർഷിക നികുതി വിവരങ്ങൾ (AIS) നൽകുന്നതിനുള്ള പഴയ ഫോം 26AS ഇനിമുതൽ ഫോം 168 ആയിരിക്കും.


ഫോം 130-നെ കുറിച്ചുള്ള പ്രധാന വിവരങ്ങൾ:


  • തൊഴിലുടമകൾ ജൂൺ 15നകം ഇത് നൽകണം.


  • ഇത് ഒരു സിസ്റ്റം ജനറേറ്റഡ് രേഖയായിരിക്കും, TRACES പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്യണം.


  • ഈ ഫോമിന് പാർട്ട് A (തൊഴിലുടമയുടെയും ജീവനക്കാരന്റെയും വിവരങ്ങൾ), പാർട്ട് B (നികുതി വിവരങ്ങൾ), പാർട്ട് C (നികുതി കണക്കാക്കൽ) എന്നിങ്ങനെ മൂന്ന് ഭാ​ഗങ്ങളുണ്ടാകും.


പാൻ നിയമങ്ങളിലെ മാറ്റങ്ങൾ


പാൻ കാർഡിന് അപേക്ഷിക്കുന്നതിനും പുതുക്കുന്നതിനും നിയമങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇനി മുതൽ ജനന തിയതി തെളിയിക്കാൻ ആധാർ മാത്രം മതിയാകില്ല. എസ്എസ്എൽസി സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ് എന്നിവയിലേതെങ്കിലും നൽകേണ്ടി വരും.


പാൻ കാർഡിലെ പേര് ആധാറിലെ പേരുമായി കൃത്യമായി ചേരണം.

പാൻ കാർഡിൽ നിന്ന് പിതാവിന്റെ പേര് നീക്കും. ആധാറിലെ വിവരങ്ങൾ അടിസ്ഥാനമാക്കുകയും ചെയ്യും.


10 ലക്ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങൾ, അഞ്ച് ലക്ഷത്തിന് മുകളിലുള്ള വാഹനം വാങ്ങൽ, 20 ലക്ഷത്തിന് മുകളിലുള്ള വസ്തു ഇടപാടുകൾ എന്നിവക്ക് പാൻ കാർഡ് നിർബന്ധമാകും.


ബാങ്കിങ് മേഖലയിലെ പരിഷ്കാരങ്ങൾ


ഡിജിറ്റൽ തട്ടിപ്പുകൾ തടയുന്നതിനായി ആർബിഐ പുതിയ നടപടികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഏപ്രിൽ ഒന്നു മുതൽ എല്ലാ ഡിജിറ്റൽ ഇടപാടുകൾക്കും ഒടിപിക്ക് പുറമെ പാസ് വേർഡ്, പിൻ അല്ലെങ്കിൽ ബയോമെട്രിക് വിവരങ്ങൾ കൂടി ആവശ്യമായി വരും.


എച്ച്ഡിഎഫ്സി പോലുള്ള ബാങ്കുകൾ യുപിഐ അധിഷ്ഠിത എടിഎം പിൻവലിക്കലുകൾ സൗജന്യ പരിധിയിൽ ഉൾപ്പെടുത്തും. പരിധി കഴിഞ്ഞാൽ ഒരു ഇടപാടിന് 23 രൂപയും ജിഎസ്ടിയും ഈടാക്കുമെന്നും അറിയിച്ചിട്ടുണ്ട്.


പിഎൻബി ചില ഡെബിറ്റ് കാർഡുകളുടെ ദിവസേനയുള്ള പരിധി കുറച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപയിൽ നിന്ന് 50,000 രൂപയായും പ്രീമിയം കാർഡുകൾക്ക് 1.5 ലക്ഷത്തിൽ നിന്ന് 75,000 രൂപയായും പരിധി മാറും.


ശമ്പളക്കാരുടെ ആനുകൂല്യങ്ങൾ


പഴയ നികുതി വ്യവസ്ഥയിൽ തുടരുന്നവർക്ക് കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. എച്ച് ആർ എയിൽ 50 ശതതമാനം നികുതി ഇളവ് ലഭിക്കുന്ന മെട്രോ നഗരങ്ങളുടെ പട്ടികയിൽ അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ്, പുണെ എന്നിവ കൂടി ചേർത്തിട്ടുണ്ട്. നേരത്തെ മുംബൈ, ഡൽഹി, കൊൽക്കത്ത ചെന്നൈ എന്നിവ മാത്രമായിരുന്നു.


കുട്ടികളുടെ വിദ്യാഭ്യാസ ചെലവിനുള്ള അലവൻസ് പ്രതിമാസം 100 രൂപയിൽ നിന്ന് 3000 രൂപയാക്കി. ഹോസ്റ്റൽ ചെലവ് പരിധി പ്രതിമാസം 300 രൂപയിൽ നിന്ന് 9000 രൂപയായും ഉയർത്തിയിട്ടുണ്ട്. ഇനി മുതൽ പ്രതിദിനം 200 രൂപ വരെയുള്ള മീൽ കാർഡുകൾക്ക് നികുതി നൽകേണ്ടതില്ല. നേരത്തെ ഇത് 50 രൂപയായിരുന്നു.


അതേസമയം വാർഷിക കോർപ്പറേറ്റ് ഗിഫ്റ്റ് വൗച്ചറുകളുടെ നികുതി രഹിത പരിധി 5000 രൂപയിൽ നിന്ന് 15000 രൂപയാക്കി ഉയർത്തി. കമ്പനി നൽകുന്ന വാഹനങ്ങളുടെ നികുതി മൂല്യവും പുതുക്കിയിട്ടുണ്ട്. 1.6 ലിറ്റർ വരെ എൻജിൻ ശേഷിയുള്ള കാറുകൾക്ക് പ്രതിമാസം 8000 രൂപയും വലിയ വാഹനങ്ങൾക്ക് 10000 രൂപയുമാണ് നികുതി ബാധ്യത.


യാത്രയുമായി ബന്ധപ്പെട്ട മാറ്റങ്ങൾ


റെയിൽവേയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ പരിഷ്കാരം ട്രെയിൻ പുറപ്പെടുന്നതിന് എട്ട് മണിക്കൂർ മുമ്പ് ടിക്കറ്റ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല എന്നതാണ്. നേരത്തെ ഇത് 4 മണിക്കൂർ ആയിരുന്നു. എട്ട് മുതൽ 24 മണിക്കൂർ മുമ്പ് റദ്ദാക്കിയാൽ 50% റീഫണ്ട് ലഭിക്കും.


അതേപോലെ വിദേശ യാത്രാ പാക്കേജുകൾക്കുള്ള ടിസിഎസ് (TCS) 5 ശതമാനത്തിൽ നിന്നും 20 ശതമാനത്തിൽ നിന്നും രണ്ട് ശതമാനമായി കുറച്ചിട്ടുണ്ട്.


ദേശീയപാതയിലൂടെ സ്ഥിരമായി യാത്ര ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട പുതിയ മാറ്റവുമുണ്ട്. ഫാസ്ടാഗിന്റെ വാർഷിക പാസ് നിരക്ക് 3,000 രൂപയിൽ നിന്ന് 3,075 രൂപയായി ഉയർത്തി.


പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ആ​ഗോള ഇന്ധനവിലയെ ബാധിച്ചതിനാൽ എൽപിജി, സിഎൻജി, പിഎൻജി എന്നിവയുടെ വിലയിൽ ഏപ്രിൽ ഒന്നിന് മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home