ad
Deshabhimani

രാജ്യാന്തരവിപണിയിൽ കയറ്റിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല

gold
വെബ് ഡെസ്ക്

Published on Jun 02, 2026, 12:20 PM | 1 min read

കൊച്ചി : രാജ്യാന്തര വിപണിയിൽ കയറ്റിറക്കങ്ങളുണ്ടായെങ്കിലും സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലത്തെ വിലയായ 1,14,560ൽ തന്നെയാണ് ഇന്നും വ്യാപാരം നടക്കുന്നത്. ​ഗ്രാമിന് 14,320 രൂപയാണ് വില. ഇന്നലെ പവന് 600 രൂപയോളം കുറഞ്ഞിരുന്നു. 24 കാരറ്റിന് പവന് 1,24,976 രൂപയും ​ഗ്രാമിന് 15,622 രൂപയും 18 കാരറ്റിന് പവന് 93,736 രൂപയും ​ഗ്രാമിന് 11,717 രൂപയുമാണ് വില. പണിക്കൂലിയും ജിഎസ്ടിയുമടക്കം ഒരു പവന് ഒന്നര ലക്ഷത്തിനടുത്ത് വില വരും. ആഭരണങ്ങൾ മാറുന്നതിനനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസമുണ്ടാകും.


പവന് വലിയ രീതിയിലുള്ള മാറ്റമില്ലെങ്കിലും നേരിയ ആശ്വാസം നൽകുന്ന ഇടിവാണ് വിപണിയിലുണ്ടായത്. പശ്ചിമേഷ്യൻ സംഘർഷങ്ങളാണ് നിലവിൽ സ്വർണവിലയെ പ്രധാനമായി സ്വാധീനിക്കുന്നത്. ഇതിനെത്തുടർന്ന് രാജ്യാന്തരതലത്തിൽ എണ്ണവിലയിലുണ്ടാകുന്ന മാറ്റങ്ങൾ സ്വർണവിലയെയും ബാധിക്കുന്നുണ്ട്. വരും ദിവസങ്ങളിലും സ്വർണം, വെള്ളി വിലകളിൽ വലിയ ഉയർച്ചതാഴ്ചകൾ തുടരാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധർ അഭിപ്രായപ്പെടുന്നു. വിവാഹ സീസണിലെ വിലയിടിവ് വിപണിക്കും ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.


സ്വർണാഭരണങ്ങൾ വാങ്ങുന്നതിന് പകരമായി ഡിജിറ്റൽ ഗോൾഡ്, ഗോൾഡ് മ്യൂച്ച്വൽ ഫണ്ടുകൾ തുടങ്ങിയ ബദലുകൾക്ക് ഇപ്പോൾ ആവശ്യക്കാരേറെയാണ്. സ്വർണം ആഭരണമായി കൈവശം വെക്കുന്നതിലെ സുരക്ഷാ പ്രശ്നങ്ങളും സൂക്ഷിക്കാനുള്ള പ്രയാസവുമാണ് പലരെയും ഡിജിറ്റൽ ഗോൾഡിലേക്ക് ആകർഷിക്കുന്നത്. പണിക്കൂലി നൽകേണ്ടതില്ല എന്നതും വിൽക്കുമ്പോൾ മൂല്യം കുറയില്ല എന്നതും ഇതിന്റെ പ്രധാന സവിശേഷതയാണ്.


ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില. പിന്നീട് ഏറിയും കുറഞ്ഞും തുടർന്ന സ്വർണവില, മാർച്ച് 23ന് ഒരുലക്ഷത്തിന് താഴേക്കും പതിച്ചു. മെയ് മാസത്തെ ഏറ്റവും ഉയർന്ന വില 1,23,120 ആണ്. വെള്ളിക്ക് ​ഗ്രാമിന് 290 രൂപയും കിലോ​ഗ്രാമിന് 2,90,000 രൂപയുമാണ് വില.


ജൂണിലെ സ്വർണവില


ജൂൺ 1 : 1,14,560

ജൂൺ 2 : 1,14,560




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home