റിവേഴ്സ് ഗിയറിൽ പൊന്ന്; ഒറ്റയടിക്ക് 1880 രൂപ കുറഞ്ഞു

കൊച്ചി: സ്വർണ പ്രേമികൾക്കൊരു ആശ്വസ വാർത്ത. സംസ്ഥാനത്ത് ഇന്ന് സ്വർണത്തിന്റെ വില കുത്തനെ കുറഞ്ഞു. രണ്ടായിരത്തോളം രൂപയാണ് ഇന്ന് കേരളത്തിൽ സ്വർണത്തിന് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 235 രൂപ കുറഞ്ഞ് 11980 രൂപയിലെത്തി. പവൻ വിലയിൽ 1880 രൂപ കുറഞ്ഞു. 22 കാരറ്റ് ഒരു പവന് 95,840 രൂപയാണ് വില.
ആഗോള വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യത്തിലുണ്ടായ വ്യതിയാനങ്ങളുമാണ് ആഭ്യന്തര വിപണിയിലും സ്വർണവില ഇടിയാൻ കാരണമായതെന്നാണ് വിലയിരുത്തൽ. സ്വർണവില വീണ്ടും ഒരു ലക്ഷത്തിന് താഴെ ആയതോടെ വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങാനിരിക്കുന്ന സാധാരണക്കാർക്ക് ആശ്വാസമാണ്.
വരും ദിവസങ്ങളിലും വിലയിൽ ചാഞ്ചാട്ടം തുടരാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു. അന്താരാഷ്ട്ര വിപണിയിലെ പ്രവണതകൾക്ക് പിന്നാലെ കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ സ്വർണവില തുടർച്ചയായി താഴുകയായിരുന്നു. ക്രൂഡ് ഓയിൽ വില, ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ സ്വർണവിലയെ ബാധിക്കുന്ന ഘടകങ്ങളാണ്.
ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അതിനാൽ തന്നെ ആഗോള വിപണിയിലെ ചെറിയ മാറ്റങ്ങൾ പോലും സ്വർണവിലയിൽ പ്രതിഫലിക്കാറുണ്ട്. കേരളത്തിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് സ്വർണത്തിന് വില നിശ്ചയിക്കുന്നത്. സ്വർണത്തിന്റെ ആവശ്യമനുസരിച്ച് വില കൂട്ടുന്നതും കുറയ്ക്കുന്നതും ഇത്തരം അസോസിയേഷനുകളാണ്.









0 comments