ഓഹരികള്‍ വിദേശ കമ്പനികള്‍ക്ക് വിൽക്കാൻ കേന്ദ്ര നീക്കം; ഡിസംബര്‍ മൂന്നിന് ബാങ്ക് പണിമുടക്ക്

ന്യൂഡൽഹി: ഐഡിബിഐ ബാങ്ക് ഓഹരികള്‍ കനേഡിയൻ കമ്പനിയായ ഫെയര്‍ഫാക്സ് ഫിനാൻഷ്യൽ ഹോള്‍ഡിങ്ങിന് വിൽക്കാനുള്ള നീക്കത്തിനെതിരെ പ്രമുഖ ബാങ്ക് യൂണിയനുകള്‍. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA), ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ (AIBOA), ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (BEFI) എന്നീ സംഘടനകളാണ് സംയുക്തമായി പണിമുടക്ക് പ്രഖ്യാപിച്ചു. ഡിസംബര്‍ മൂന്നിനാണ് പണിമുടക്ക്.
ഈ മാസം ആദ്യം ഐഡിബിഐ ജീവനക്കാർ നടത്തിയ ദ്വിദിന പണിമുടക്കിന് പിന്നാലെയാണ് ബാങ്ക് ജീവനക്കാര്‍ ഒരുമിച്ചുള്ള സമരപ്രഖ്യാപനം. യുണൈറ്റഡ് ഫോറം ഓഫ് ഐഡിബിഐ ഓഫീസേഴ്സ് ആൻഡ് എംപ്ലോയീസ് ഡിസംബര്‍ മൂന്നിന് പ്രഖ്യാപിച്ച പണിമുടക്കിൽ ഐക്യപ്പെട്ടാണ് സംയുക്ത പ്രതിഷേധം.
വില്പന എന്തിനെന്നതിൽ വിശദീകരണമില്ല
നിലവിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന ഐ.ഡി.ബി.ഐ ബാങ്കിന് ഏകദേശം 3.50 ലക്ഷം കോടി രൂപയുടെ നിക്ഷേപവും 2.50 ലക്ഷം കോടി രൂപയുടെ വായ്പകളുമടക്കം ആകെ 6 ലക്ഷം കോടി രൂപയുടെ ബിസിനസുണ്ട്. ബാങ്ക് ഫെയർഫാക്സിന് വിൽക്കുന്നതോടെ ഈ 'സ്വദേശി ബാങ്ക്' ഒരു 'വിദേശി ബാങ്കായി' മാറുമെന്നും, ബാങ്കിനെ വിദേശ നിക്ഷേപകർക്ക് വിൽക്കാനുള്ള തീരുമാനം തികച്ചും അനാവശ്യമാണെന്നും യൂണിയനുകൾ ചൂണ്ടിക്കാട്ടി.
പൊതുമേഖലാ പങ്കാളിത്തം വിറ്റൊഴിയുന്നു
നിലവിൽ കേന്ദ്ര സർക്കാരിനും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്കും കൂടി ഐ.ഡി.ബി.ഐ ബാങ്കിൽ 94 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. ഇതിൽ 60 ശതമാനം ഓഹരികളാണ് ഫെയർഫാക്സിന് വിൽക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
രാജ്യത്തെ ബാങ്കുകളിലുള്ള 250 ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപം ജനങ്ങളുടെ സമ്പാദ്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിനും പുരോഗതിക്കും വേണ്ടി ഉപയോഗിക്കേണ്ട ഈ സാമൂഹിക മൂലധനം സ്വകാര്യ വ്യക്തികൾക്ക് കൈമാറുന്നതിന് തുല്യമാണ് ബാങ്ക് സ്വകാര്യവൽക്കരണമെന്നും യൂണിയൻ നേതാക്കൾ ചൂണ്ടികാട്ടി.








0 comments