Deshabhimani

വൈദ്യുതി ലൈൻ പൊട്ടിവീണ് ദമ്പതികൾ ഷോക്കേറ്റ് മരിച്ചു; മകനും മരുമകൾക്കും പൊള്ളലേറ്റു

electric shock
വെബ് ഡെസ്ക്

Published on Nov 19, 2026, 11:09 AM | 1 min read

രാജ്കോട്ട്: 11-കെവി വൈദ്യുതി ലൈൻ പൊട്ടിവീണ് വയോധിക ദമ്പതികൾ ഷോക്കേറ്റ് മരിച്ചു. രാജ്കോട്ട് താലൂക്കിലെ ഹലേന്ദ ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുള്ള കൃഷിയിടത്തിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. ഗണ്ട വാവ്ദിയ (71), ഭാര്യ കാന്ത (70) എന്നിവരാണ് മരിച്ചത്. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മകനും മരുമകൾക്കും പൊള്ളലേറ്റു.


രാജ്കോട്ട്-അത്കോട്ട് റോഡിന് സമീപമുള്ള തങ്ങളുടെ കൃഷിയിടത്തിൽ ജോലി ചെയ്യുകയായിരുന്ന ദമ്പതികളുടെ ദേഹത്തേക്ക് തൂണുകൾക്കിടയിലൂടെ കടന്നുപോകുന്ന ഹൈ-ടെൻഷൻ കമ്പി പൊട്ടിവീഴുകയായിരുന്നു. ശക്തമായ വൈദ്യുതാഘാതമേറ്റ് ഗുരുതരമായി പൊള്ളലേറ്റ ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.


ദമ്പതികളുടെ നിലവിളി കേട്ട് തൊട്ടടുത്ത വയലിൽ ജോലി ചെയ്യുകയായിരുന്ന മകൻ ഹസ്മുഖും ഭാര്യ ദയയും ഓടിയെത്തി. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇരുവർക്കും ഷോക്കേൽക്കുകയും പൊള്ളലേൽക്കുകയും ചെയ്തു. സമീപത്തുണ്ടായിരുന്ന കർഷകത്തൊഴിലാളികളും നാട്ടുകാരും ചേർന്ന് ഹസ്മുഖിനെയും ദയയെയും രാജ്കോട്ട് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ആജി ഡാം പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരും പശ്ചിം ഗുജറാത്ത് വിജ് കമ്പനി ലിമിറ്റഡ് ഉദ്യോഗസ്ഥരും ജീവനക്കാരും സ്ഥലത്തെത്തി.

മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് തുടർനടപടികൾ ആരംഭിച്ചു.


ദുരന്തത്തിന് പിന്നാലെ, വൈദ്യുതി ലൈൻ പൊട്ടിവീണതിനെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും, ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടായതായി തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. രണ്ട് സഹോദരന്മാരിൽ മൂത്തയാളായ ഗണ്ട വാവ്ദിയയ്ക്ക് നാല് ആൺമക്കളും നാല് പെൺമക്കളുമുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home