Deshabhimani

ഷി,ട്രംപ്,പുടിൻ ത്രികക്ഷി ചര്‍ച്ച ഇന്ന്, ആകാംക്ഷയോടെ ലോകം

Xi-Trump-Putin trilateral meeting
വെബ് ഡെസ്ക്

Published on Nov 19, 2026, 10:48 AM | 1 min read

ഷെൻഷെൻ:ആഗോള രാഷ്ട്രീയത്തിൽ നിര്‍ണായകമായേക്കാവുന്ന ത്രികക്ഷി ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്ലാദിമിര്‍ പുടിൻ എന്നിവർ ചൈനയിലെത്തി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായി ചേര്‍ന്നുള്ള ചരിത്രപരമായ ത്രികക്ഷി ചര്‍ച്ച ഇന്ന് ഇന്ത്യൻ സമയം 12 മണിയോടെ ആയിരിക്കും.


ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ (APEC) ഉച്ചകോടിയുടെ തുടര്‍ച്ചയായാണ് മൂന്ന് നേതാക്കളും തമ്മിലുള്ള പരസ്പര ചര്‍ച്ചയ്ക്ക് വേദി ഒരുങ്ങുന്നത്. ഇന്നലെ ഉച്ചകോടിയുടെ സ്വാഗത വിരുന്നിൽ മൂന്ന് നേതാക്കളും പരസ്പരം കണ്ടിരുന്നു. ഇന്ന് രാവിലെ ട്രംപും പുടിനും തമ്മിൽ ഉഭയകക്ഷി ചര്‍ച്ച നടത്തിയതായും റിപ്പോര്‍ടുകള്‍ ഉണ്ട്. ബുധനാഴ്ച ഷി ജിൻപിങ്ങും വ്ലാദിമിര്‍ പുടിനും തമ്മിൽ ചര്‍ച്ച നടത്തിയിരുന്നു.


മുഖ്യ വിഷയങ്ങള്‍


റഷ്യ-യുക്രെയ്ൻ യുദ്ധം, ഇറാനിലെ സംഘർഷം, ആണവ നിരായുധീകരണം, ആഗോള വ്യാപാരം, നിർമ്മിത ബുദ്ധി എന്നിവയാണ് ചർച്ചയിലെ പ്രധാന വിഷയങ്ങളെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒരു മണിക്കൂറിൽ താഴെ മാത്രമായിരിക്കും ഈ ചർച്ച നീണ്ടുനിൽക്കുകയെന്ന് അറിയിച്ചിട്ടുണ്ട്.



സമാധാന പ്രതീക്ഷ


ഉച്ചകോടിക്കിടെ നടക്കുന്ന ഈ കൂടിക്കാഴ്ചയിൽ ആഗോള സമാധാനം, വൻശക്തി രാജ്യങ്ങൾ തമ്മിലുള്ള തന്ത്രപരമായ സ്ഥിരത എന്നിവ ചർച്ച ചെയ്യുമെന്ന് ചൈന അറിയിച്ചു. ഫെബ്രുവരിയിൽ യുഎസ്-റഷ്യ ആണവായുധ കരാർ അവസാനിച്ച സാഹചര്യത്തിൽ ആണവ നിരായുധീകരണവും, ഇറാൻ യുദ്ധവും ഉച്ചകോടിയിൽ ചർച്ചയാകുമെന്ന് യു എസ് വ്യക്തമാക്കി.


ഇതിനിടെ ഷെൻഷെനിൽ വെച്ച് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നുമായും ഒറ്റയ്ക്ക് ചർച്ചകൾ നടത്താൻ ആഗ്രഹിക്കുന്നതായി ട്രംപ് അറിയിച്ചിരുന്നു. പുടിനുമായി ആദ്യ വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. കിം ജോങ് ഉനും ചര്‍ച്ചകളുടെ ഭാഗമാവും എന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോർട് ചെയ്യുന്നത്.


പുതിയ ആശങ്കകള്‍

കാനഡയും യൂറോപ്യൻ നാറ്റോ സഖ്യകക്ഷികളുമായുള്ള അമേരിക്കയുടെ ബന്ധത്തിൽ വിള്ളലുകൾ വീണിരിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഇതിനിടയിലാണ് ട്രംപ് അമേരിക്കയുടെ പ്രധാന എതിരാളികളായ ചൈനീസ്, റഷ്യൻ നേതാക്കളുമായി വേദി പങ്കിടുന്നത്. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ചൊവ്വാഴ്ച ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തുകയും പരസ്പരമുള്ള ഇറക്കുമതി തീരുവകൾ കുറയ്ക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു.


Related News



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home