ഗോൾഡ് മോണിറ്റൈസേഷൻ സ്കീം പരിഷ്കരിക്കുന്നു; സ്വർണം ഡിജിറ്റൽ ആസ്തിയാക്കാം

പ്രതീകാത്മക എഐ ചിത്രം
ന്യൂഡൽഹി : ഇന്ത്യയിലെ വീടുകളിൽ നിഷ്ക്രിയമായി കിടക്കുന്ന സ്വർണം ഔദ്യോഗിക സാമ്പത്തിക വ്യവസ്ഥയുടെ ഭാഗമാക്കാൻ ഗോൾഡ് മോണിറ്റൈസേഷൻ സ്കീമിൽ (ജിഎംഎസ്) സമഗ്രമായ മാറ്റങ്ങൾ വരുന്നു. പദ്ധതി കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഡിജിറ്റലാക്കുന്നതിനുമായി ഇന്ത്യൻ ജ്വല്ലറി വ്യവസായത്തിന്റെ പ്രധാന സംഘടനയായ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ഓഫ് ഇന്ത്യ (ജിജെസി) സമർപ്പിച്ച നിർദേശങ്ങൾ ധനമന്ത്രാലയവും റിസർവ് ബാങ്കും പരിശോധിച്ചുവരികയാണ്.
വീടുകളിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണാഭരണങ്ങളും നാണയങ്ങളും ബിസ്കറ്റുകളും ഡിമെറ്റീരിയലൈസ്ഡ് രൂപത്തിൽ ബാങ്കുകളിൽ സൂക്ഷിക്കാൻ പുതിയ ഡിജിറ്റൽ സംവിധാനത്തിലൂടെ സാധിക്കും. ഇതിലൂടെ സ്വർണം വിൽക്കാതെ തന്നെ നിക്ഷേപകർക്ക് ആദായം നേടാൻ അവസരം ലഭിക്കും. പലിശ ലഭിക്കാത്ത ആസ്തികളെ പലിശ ലഭിക്കുന്ന നിക്ഷേപമാക്കി മാറ്റാനും അതുവഴി വ്യക്തിഗത സാമ്പത്തിക പോർട്ട്‌ഫോളിയോ മികച്ചതാക്കാനം ഈ പദ്ധതി സഹായിക്കും.
ഡിജിറ്റൽ ഇടപാട് രേഖകൾ, സ്വർണത്തിന്റെ കൈമാറ്റം ട്രാക്ക് ചെയ്യാനുള്ള സംവിധാനം, കർശനമായ കെവൈസി (KYC) മാനദണ്ഡങ്ങൾ, ഓഡിറ്റ് മെക്കാനിസം എന്നിവ ഉൾപ്പെടുത്തി സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാനാണ് പുതിയ നിർദേശങ്ങളിലൂടെ ലക്ഷ്യമിടുന്നത്. വീടുകളിൽ വെറുതെ കിടക്കുന്ന സ്വർണം കാര്യക്ഷമമായി വിനിയോഗിച്ചാൽ സ്വർണ ഇറക്കുമതിയിലുള്ള അമിത ആശ്രയം കുറക്കാനും രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി നിയന്ത്രിക്കാനും ഇത് വലിയൊരളവിൽ സഹായിക്കുമെന്ന് ജിജെസി വിലയിരുത്തുന്നു.
ജ്വല്ലറികളെ നിയന്ത്രിതമായ ഡിജിറ്റൽ സംവിധാനവുമായി ബന്ധിപ്പിക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ വിശ്വാസ്യത ലഭിക്കുമെന്നും ഇന്ത്യയുടെ മാക്രോ ഇക്കണോമിക് സ്ഥിരതയ്ക്ക് ഇത് കരുത്തുപകരുമെന്നും ജിജെസി ചെയർമാൻ രാജേഷ് റോക്ഡെയും വൈസ് ചെയർമാൻ അവിനാഷ് ഗുപ്തയും പദ്ധതിയുടെ പ്രാധാന്യം വ്യക്തമാക്കി. പദ്ധതി നടപ്പിലാക്കുന്നതിനായി നിയന്ത്രണ ഏജൻസികളുമായും വ്യവസായ പങ്കാളികളുമായും ചർച്ചകൾ തുടരുകയാണെന്ന് കൗൺസിൽ അറിയിച്ചു.










0 comments