ad
Deshabhimani

കളിയാവേശത്തിന്റെ 
പന്തുരുട്ടി നാടും നഗരവും

world cup football

ലോകകപ്പ് ഫുട്ബോൾ ആവേശത്തിന്റെ ഭാഗമായി എറണാകുളം കലൂരിലെ ഗൃഹോപകരണ വില്പനശാലക്കു മുൻപിൽ വച്ചിരിക്കുന്ന അർജന്റീനൻ ഫുട്ബോൾ താരം ലയണൽ മെസിയുടെ കട്ട് ഔട്ട്

avatar
സ്വന്തം ലേഖകൻ

Published on Jun 07, 2026, 04:10 AM | 1 min read

കൊച്ചി


മെക്സിക്കോയിൽ ലോകകപ്പ്‌ ഫുട്‌ബോൾ കിക്കോഫിന്‌ മണിക്കൂറുകൾമാത്രം ശേഷിക്കെ ആഘോഷങ്ങളുടെ നെറുകയിലേക്ക്‌ കളിയാവേശത്തിന്റെ പന്തുരുട്ടി നാടും നഗരവും. മെസിയും നെയ്മറും റൊണാൾഡോയും മാസ് കാട്ടുന്ന മാസ്‌മരനിമിഷങ്ങളെ അവിസ്‌മരണീയ കാഴ്‌ചകളാക്കാൻ ഭീമൻ എൽഇഡി സ്ക്രീനുകളും ഓപ്പൺ സ്റ്റേഡിയങ്ങളുമാണ് വിവിധയിടങ്ങളിൽ ഉയരുന്നത്.


നഗരഹൃദയത്തിൽ ആരാധകകൂട്ടായ്മകളുടെ നേതൃത്വത്തിലാണ് കൂറ്റന്‍ സ്ക്രീനുകള്‍ ഒരുക്കുന്നത്.

കലൂർ ജെഎല്‍എന്‍ സ്റ്റേഡിയം പരിസരത്തും കാക്കനാട് സ്പോർട്സ് കഫേകളിലും കളി കാണാൻ എത്തുന്നവർക്കായി തിയറ്റർ അനുഭവം ഒരുക്കാനുള്ള ആലോചനയിലാണ്. തീരദേശ മേഖലകളായ ചെല്ലാനം, വൈപ്പിൻ, ഞാറക്കൽ ഭാഗങ്ങളിലും ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലും പ്രാദേശിക ഫുട്ബോൾ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഭീമൻ എൽഇഡി സ്ക്രീനുകള്‍ ഉയരും. തൃപ്പൂണിത്തുറ, ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ പ്രാദേശിക മൈതാനങ്ങളിലും കവലകളിലും പ്രൊജക്ടറുകൾ ഉപയോഗിച്ച് കളി കാണാൻ സൗകര്യമുണ്ടാകും.


നഗരത്തിലെ വലിയ മാളുകളിലും ബിഗ് സ്ക്രീൻ സംവിധാനമുണ്ടാകും. ടൂര്‍ണമെന്റിലെ പ്രധാന മത്സരങ്ങള്‍ പ്രത്യേക അനുമതിയോടെ തിയറ്ററുകളിലും പ്രദര്‍ശിപ്പിക്കാറുണ്ട്. എൽഇഡി സ്ക്രീനുകളും പ്രൊജക്ടറുകളും സ്ഥാപിച്ച് ലൈവ് സ്ക്രീനിങ്ങിനുള്ള തയ്യാറെടുപ്പുകൾ വിവിധയിടങ്ങളിൽ പുരോഗമിക്കുന്നു. അർധരാത്രിയിലെ മത്സരങ്ങൾ കാണാൻ വൻ ജനക്കൂട്ടം ഒഴുകിയെത്തുമെന്ന്‌ ആരാധകകൂട്ടായ്മ ഉറപ്പുപറയുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home