മഴ തുടരുന്നു, ഒഴിയാതെ വെള്ളക്കെട്ട്

മഴയെ തുടർന്ന് ഇരുവശവും മലിനജലം നിറഞ്ഞ ട്രാക്കിലൂടെ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന യാത്രക്കാർ
കൊച്ചി
ജില്ലയിൽ വിവിധയിടങ്ങളിൽ ശനിയാഴ്ചയും പരക്കെ മഴ ലഭിച്ചു. കോർപറേഷന്റെ മഴക്കാലപൂർവ ശുചീകരണപ്രവർത്തനങ്ങൾ താളംതെറ്റിയതിനു പിന്നാലെ കാലവർഷംകൂടി എത്തിയതോടെ നഗരത്തിലെ ജനങ്ങൾക്ക് ദുരിതം ഇരട്ടിയായി.
മാലിന്യംനിറഞ്ഞ കാനകളും തോടുകളും വൃത്തിയാക്കാതെ ഒഴുക്ക് നിലച്ചതും കഴിഞ്ഞദിവസങ്ങളിൽ പെയ്ത മഴയും നഗരത്തെ വെള്ളക്കെട്ടിലാക്കി. പ്രധാന റോഡുകളിലും ഇടറോഡുകളിലും വെള്ളക്കെട്ട് രൂക്ഷമായത് യാത്രക്കാരെ വലച്ചു. മലിനജലം റോഡിൽ കെട്ടിക്കിടക്കുന്നതുമൂലം പകർച്ചവ്യാധികൾ പടർന്നുപിടിക്കാനും സാധ്യതയേറെയാണ്. മഴമുന്നറിയിപ്പുകൾ അവഗണിച്ച കോർപറേഷൻ, മുൻകരുതൽനടപടികൾ സ്വീകരിക്കാത്തതും സ്ഥിതി ഗുരുതരമാക്കി.
മഴയെത്തുടർന്ന് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലെ ട്രാക്കിൽ മലിനജലം കെട്ടിക്കിടക്കുകയാണ്. ഫോർട്ട്‌കൊച്ചി കോക്കേഴ്സ് തിയറ്ററിന്റെ പിൻവശത്തെ മതിലും മഴയിൽ ഇടിഞ്ഞുവീണു. മാലിന്യം തിങ്ങിനിറഞ്ഞിരുന്ന ഭാഗമാണ് നിലംപൊത്തിയത്. തൃക്കാക്കര സഹകരണ ആശുപത്രിക്കുസമീപം മെട്രോ റെയിൽ പദ്ധതിയുടെ ഭാഗമായി മണ്ണിട്ട് നികത്തുന്ന ഭൂമിയിൽ മഴയെത്തുടർന്ന് വെള്ളക്കെട്ട് രൂക്ഷമാണ്. പെരിയാറിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഭൂതത്താൻകെട്ട് ഡാമിന്റെ രണ്ട് ഷട്ടറുകളിലൂടെ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്.









0 comments