എണ്ണവില ഇടിഞ്ഞു ഓഹരിസൂചിക കുതിച്ചു

തെഹ്‌റാൻ: യുഎസും ഇറാനും തമ്മിൽ സമാധാനക്കരാറിൽ ധാരണയായെന്ന വാർത്തകൾ പുറത്തുവന്നതോടെ ആഗോള സാമ്പത്തിക രംഗത്ത് വൻ ഉണർവ്. ക്രൂഡ് ഓയിൽ വിലയിൽ ഇടിവ് രേഖപ്പെടുത്തിയപ്പോൾ, ലോകമെമ്പാടും ഓഹരി വിപണികൾ നേട്ടത്തോടെ കുതിച്ചുയർന്നു. യുഎസ്, യൂറോപ്പ്, ഏഷ്യൻ വിപണികളിലെ ഓഹരിസൂചികകൾ വലിയ മുന്നേറ്റമാണ് നടത്തിയത്. യുദ്ധകാലത്ത് ബാരലിന് 120 ഡോളർ വരെ ഉയർന്ന ബ്രെന്റ് ക്രൂഡ് വില തിങ്കളാഴ്‌ച 82.84 ഡോളറിലേക്ക് താഴ്ന്നു. ഇന്ധനവില കുറയുന്നത് ആഗോളതലത്തിൽ ഉത്പാദന, ഗതാഗത ചെലവുകൾ കുറയ്ക്കുമെന്നതിനാൽ പണപ്പെരുപ്പം നിയന്ത്രണവിധേയമാകുമെന്നാണ് പ്രതീക്ഷ.
യുദ്ധത്തിന് മുൻപ് ബാരലിന് 70 ഡോളറിൽ താഴെയായിരുന്ന ബ്രെന്റ് ക്രൂഡ് വില ഏപ്രിലിൽ 120 ഡോളറിനടുത്തെത്തി. സമാധാനക്കരാർ വാർത്ത പുറത്തുവന്നതോടെ തിങ്കളാഴ്ച വില കുത്തനെ ഇടിഞ്ഞു. മുൻപ് ടണ്ണിന് 1,840 ഡോളർ വരെ ഉയർന്ന വിമാന ഇന്ധനവില ഇപ്പോൾ 1,033 ഡോളറായി കുറഞ്ഞു.
നിലവിലെ കരാർ 60 ദിവസത്തേക്ക് മാത്രമുള്ളതാണെന്നും, അതിനുശേഷം ഇറാൻ പുതിയ നികുതി വ്യവസ്ഥകൾ കൊണ്ടുവരുമോ എന്നതിൽ വ്യക്തതയില്ലെന്നും ചൂണ്ടിക്കാട്ടുന്നു. പൂർണമായ വെടിനിർത്തൽ ഉണ്ടായാൽ, പ്രതിദിനം 26 ടാങ്കറുകൾ കടന്നുപോകുന്ന പഴയ അവസ്ഥയിലേക്ക് വർഷാവസാനത്തോടെ തിരിച്ചെത്തിയേക്കും. എണ്ണവില വരുംദിവസങ്ങളിൽ വില 80 ഡോളറിന് താഴേക്ക് പോയേക്കാമെങ്കിലും, വർഷാവസാനത്തോടെ 85 ഡോളറിനടുത്ത് നിലയുറപ്പിക്കാനാണ് സാധ്യത. എണ്ണവില കുറയുന്നത് ആഗോള ഭക്ഷ്യവിപണിക്ക് ആശ്വാസമാകും. അന്താരാഷ്ട്രതലത്തിൽ വിപണനം നടത്തുന്ന രാസവളങ്ങളുടെ മൂന്നിലൊന്നും ഹോർമുസിലൂടെയാണ് കടന്നുപോകുന്നത്.










0 comments