ad
Deshabhimani

ക്രെഡിറ്റ് കാർഡ് ഉപയോ​ഗിക്കാറുണ്ടോ? ഏപ്രിൽ 1 മുതൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

credit

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Mar 28, 2026, 04:38 PM | 1 min read

മുംബൈ : ആദായനികുതി വകുപ്പിന്റെ പുതിയ പരിഷ്‌കാരങ്ങളുടെ ഭാഗമായി ഏപ്രില്‍ ഒന്നുമുതല്‍ ക്രെഡിറ്റ് കാര്‍ഡ് നിയമങ്ങളില്‍ വലിയ മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ്. ഇടപാടുകള്‍ കൂടുതല്‍ സുതാര്യമാക്കാനും നികുതി വെട്ടിപ്പ് തടയാനും ലക്ഷ്യമിട്ടുള്ള ഈ പരിഷ്‌കാരങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന ഓരോരുത്തരെയും നേരിട്ട് ബാധിക്കും.


ഒരു സാമ്പത്തിക വര്‍ഷത്തില്‍ പത്ത് ലക്ഷം രൂപക്ക് മുകളില്‍ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ നടത്തിയാല്‍ ബാങ്കുകള്‍ അത് ആദായനികുതി വകുപ്പിനെ റിപ്പോര്‍ട്ട് ചെയ്യും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കൂടാതെ വിദേശത്ത് നടത്തുന്ന ഒരു ലക്ഷം രൂപക്ക് മുകളിലുള്ള ക്രെഡിറ്റ് കാര്‍ഡ് ക്യാഷ് പേയ്‌മെന്റുകളും ഇനി മുതല്‍ കര്‍ശന നിരീക്ഷണത്തിലായിരിക്കും. വ്യക്തികളുടെ വാര്‍ഷിക വരവിൽ കവിഞ്ഞ രീതിയിലുള്ള ചെലവാക്കലുകള്‍ കണ്ടെത്താനാണ് ഇതിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്.


അതേസമയം ഉപയോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്ന ചില മാറ്റങ്ങളും പുതിയ നിയമത്തിലുണ്ട്. സാധാരണയായി ഡെബിറ്റ് കാര്‍ഡുകളോ നെറ്റ് ബാങ്കിംഗോ ഉപയോഗിച്ച് മാത്രം അടച്ചിരുന്ന ആദായനികുതി ഇനി മുതല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചും അടക്കാന്‍ സാധിക്കും. കൈവശം പണമില്ലാത്ത അടിയന്തര സാഹചര്യങ്ങളില്‍ നികുതിദായകര്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം.


ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്‌മെന്റുകള്‍ ഇനി മുതല്‍ മേല്‍വിലാസം തെളിയിക്കുന്ന ഔദ്യോഗിക രേഖയായി ഉപയോഗിക്കാം എന്നതാണ് പുതിയ നിയമത്തിന്റെ മറ്റൊരു പ്രത്യേകത. എന്നാല്‍ ഇതിനായി ഉപയോഗിക്കുന്ന സ്റ്റേറ്റ്‌മെന്റിന് മൂന്ന് മാസത്തില്‍ കൂടുതല്‍ പഴക്കം ഉണ്ടാകരുത് എന്ന നിബന്ധനയുണ്ട്.


കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന കോര്‍പ്പറേറ്റ് ക്രെഡിറ്റ് കാര്‍ഡുകളുടെ കാര്യത്തിലും കര്‍ശന നിയന്ത്രണം വരുന്നുണ്ട്. കാര്‍ഡ് കമ്പനി ആവശ്യങ്ങള്‍ക്ക് മാത്രമാണ് ഉപയോഗിക്കുന്നതെങ്കില്‍ നികുതി നല്‍കേണ്ടതില്ല. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ഇത്തരം കാര്‍ഡുകള്‍ ഉപയോഗിച്ചാല്‍ ആ തുക ശമ്പളമായി കണക്കാക്കി ജീവനക്കാരനില്‍ നിന്ന് നികുതി ഈടാക്കും. സാമ്പത്തിക അച്ചടക്കം ഉറപ്പുവരുത്താനും ഡിജിറ്റല്‍ ഇടപാടുകളെ കൂടുതല്‍ ഉത്തരവാദിത്തമുള്ളതാക്കാനും ഈ പുതിയ നികുതി നിയമങ്ങള്‍ സഹായിക്കുമെന്നാണ് ആദായനികുതി വകുപ്പിന്റെ വിലയിരുത്തൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home