കണക്ടിങ് തളിപ്പറമ്പ

ബിജു കാർത്തിക്
Published on Aug 10, 2025, 12:00 AM | 3 min read
ഇന്ത്യയിൽ ഏറ്റവും കൂടുതൽ അഭ്യസ്‌ത വിദ്യരുള്ള നാടേതെന്ന് ചോദിച്ചാൽ അതിനൊരുത്തരമേയുള്ളൂ, കേരളം. തൊഴിലന്വേഷകരുടെ എണ്ണത്തിലും കേരളം ഏറെ മുന്നിലാണ്. അതിലേറെപേർ, പ്രത്യേകിച്ച് സ്‌ത്രീകൾ തൊഴിലിന് ശ്രമിക്കാതെ ‘വീട്ടമ്മ’മാരായി ശമ്പളമില്ലാതെ തൊഴിലെടുക്കുന്നു. തൊഴിലിനുവേണ്ടി ശ്രമിക്കുന്നവർക്കിടയിലാകട്ടെ കടുത്ത മത്സരമാണ് താനും. അതിന് പരിഹാരമായാണ് രണ്ടാം പിണറായി സർക്കാരിൽ തദ്ദേശമന്ത്രിയായിരുന്ന എം വി ഗോവിന്ദൻ ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ എന്നപേരിൽ ഒരു പദ്ധതി തുടങ്ങിയത്. തൊഴിൽ, സംരംഭകത്വം, നൈപുണ്യവികസനം എന്നിങ്ങനെ മൂന്ന് ലക്ഷ്യങ്ങളോടെ കേരള നോളജ് ഇക്കോണമി മിഷന് കീഴിലായിരുന്നു ഇത്. അതിന്റെ തുടക്കത്തിൽ സ്വന്തം നിയോജകമണ്ഡലത്തിൽ തളിപ്പറമ്പ് എക്കണോമിക് ഡവലപ്‌മെന്റ് കൗൺസിൽ (ടിഇഡിസി) എന്ന പേരിൽ ജനപ്രതിനിധികൾ, വ്യവസായപ്രമുഖർ, ഉദ്യോഗസ്ഥർ, കുടുംബശ്രീ അംഗങ്ങളൊക്കെ ഉൾപ്പെട്ട ഒരു അനൗദ്യോഗിക സംവിധാനവുമൊരുക്കി. അത് പിന്നീട് മണ്ഡലത്തിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലേക്കും വളർന്ന് തൊഴിൽ സംരംഭകത്വ വികസനപദ്ധതിയായി.
താൽപ്പര്യമുണ്ടോ തൊഴിലുണ്ട്
തൊഴിൽ സംരംഭകത്വ വികസനപദ്ധതി യാഥാർഥ്യമായതോടെ കാര്യങ്ങൾക്ക് വേഗംകൂടി. തദ്ദേശസ്ഥാപനങ്ങളെ ചേർത്ത് രണ്ടോ മൂന്നോ വാർഡിലെ തൊഴിലന്വേഷകരുടെ യോഗം ചേർന്നു. അവരുടെ അടിസ്ഥാന വിവരങ്ങൾ പട്ടികപ്പെടുത്തി. അതിന്റെ ആസൂത്രണത്തിന് ഒരു ടീമിനെ ചുമതലപ്പെടുത്തി. തൊഴിലന്വേഷകരുമായി ബന്ധപ്പെടാനും വിവരങ്ങൾ തേടാനുമായി 13 ടെലികോളേഴ്‌സിനെയും 17 കരിയർ കൗൺസിലർമാരെയും നിയോഗിച്ചു. അങ്ങനെ തൊഴിലന്വേഷകരിലെ 30 പേർക്ക് ആദ്യഘട്ടം ജോലി നൽകി ‘കണക്ടിങ് തളിപ്പറമ്പ’ യാത്ര തുടങ്ങി. മണ്ഡലത്തിന്റെ ഏഴ് പഞ്ചായത്തിലും രണ്ട് നഗരസഭയിലുമായി 2023 അവസാനഘട്ടത്തിൽ 11,546 തൊഴിലന്വേഷകരെ കണ്ടെത്തി. ഉദ്യോഗാർഥികളുടെ യോഗ്യതയ്ക്കും ആവശ്യത്തിനുമനുസരിച്ച് തൊഴിൽ അന്വേഷിച്ച് കണ്ടെത്തി നൽകാനും ബയോഡാറ്റ ഉൾപ്പെടെ തയ്യാറാക്കി നൽകാനും അഭിമുഖത്തിന് അവരെ ഒരുക്കാനുമായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ജോബ് സ്റ്റേഷനുകൾ ആരംഭിച്ചു. ഓരോ ജോബ് സ്റ്റേഷനിലും കമ്യൂണിറ്റി അംബാസിഡർമാരുടെയും കരിയർ കൗൺസലറുടെയും സേവനം ഉറപ്പാക്കി. ഇവർ കേരള നോളജ് ഇക്കോണമി മിഷൻ തൊഴിലന്വേഷകർക്കായി സജ്ജമാക്കിയ ഡിഡബ്ല്യുഎംഎസ് (ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്‌മെന്റ് സിസ്റ്റം) സംവിധാനത്തിലൂടെ ഉദ്യോഗാർഥികളെ കണ്ടെത്തി രജിസ്റ്റർ ചെയ്യിക്കും.
ജോബ് സ്റ്റേഷനുകൾ സജീവമായതോടെ നേരത്തെ സർവേയിലൂടെ തൊഴിലന്വേഷകരായി കണ്ടെത്തിയവരെ ഓരോരുത്തരെയായി ബന്ധപ്പെട്ടു. അതിൽ പ്രതികരിച്ച 8652 പേരിൽ 7276 പേർ ജോലിവേണമെന്ന് ആഗ്രഹിച്ചവരാണ്. കുറച്ചുപേർ പെട്ടെന്ന് ജോലിവേണ്ടെന്നും അറിയിച്ചു. 3380 പേർ ജോലിക്കുവേണ്ടിയുള്ള കരിയർ കൗൺസലിങ് പൂർത്തീകരിച്ച് ജോലിക്ക് സന്നദ്ധരായി. അവർക്കായി രണ്ടുവർഷത്തിനിടെ 37 ജോബ് ഡ്രൈവുകളും രണ്ട് ജോബ്‌ഫെയറുകളും സംഘടിപ്പിച്ചു.
കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിൽ നടന്ന മൂന്നാമത്തെ മെഗാ ജോബ്‌ഫെയറിൽ വിദേശത്തെയും സ്വദേശത്തെയും ഉൾപ്പെടെ ഇരുനൂറിനടുത്ത് പ്രമുഖ കമ്പനികൾ പങ്കെടുത്തു. സംസ്ഥാന സർക്കാരിന്റെ വിജ്ഞാനകേരളം ജനകീയ തൊഴിൽ ക്യാമ്പയിനിന്റെ കൂടി ഭാഗമായി നടന്ന തൊഴിൽമേളയിലെത്തിയത് 8000 ഉദ്യോഗാർഥികളാണ്. 445 തൊഴിൽ വിഭാഗങ്ങളിലായി 35,000ത്തിലധികം ഒഴിവുകളിലേക്ക് അഭിമുഖം നടന്നു. ഒരു ഉദ്യോഗാർഥിക്കുതന്നെ അഞ്ച് തസ്‌തികയിലേക്ക് അപേക്ഷിക്കാമെന്നതിനാൽ ഒരാൾതന്നെ വിവിധ കമ്പനികളുടെ അഭിമുഖത്തിലും പങ്കെടുത്തു. ഇതിൽ 1100 പേർക്ക് ജോലി ലഭിച്ചു. കണ്ണൂർ കെൽട്രോണിൽ 60 പേരെ ഇന്റേൺ ആയും നിയമിച്ചു. വിവിധ കമ്പനികളിലായി മൂവായിരത്തിലേറെപേർ ചുരുക്കപ്പട്ടികയിലും ഇടംനേടി.
‘വിദേശത്തൊരു ജോലി എന്നത് കൈയെത്തിപ്പിടിക്കാവുന്നതിലും അകലെയുള്ള സ്വപ്‌നമായിട്ടാണ് ഞാൻ കരുതിയത്. വിസ, അതിനുള്ള ചെലവ് ഒക്കെ ആലോചിക്കുമ്പോൾ നടക്കില്ലെന്ന് തന്നെ കരുതി. എന്നാൽ കണക്ടിങ് തളിപ്പറമ്പിൽ ഞാനെത്തിയ ദിവസംതൊട്ട് ആ സ്വപ്‌നം എന്റെ കൈയെത്തും ദൂരെയായി. ചുരുങ്ങിയ ദിവസത്തിൽ ഞാൻ വിദേശത്തുമെത്തി. ബയോഡാറ്റ തയ്യാറാക്കി തന്നും അഭിമുഖത്തിന് പ്രാപ്‌തനാക്കിയും എന്നിലെ ആത്മവിശ്വാസത്തെ ഉണർത്തി. ഇന്നിപ്പോൾ ഞാൻ തരക്കേടില്ലാത്ത ശമ്പളത്തിൽ റാസൽഖൈമയിൽ ഉണ്ട്. നന്ദി ഗോവിന്ദൻ മാഷിന്, എംഎൽഎ ഓഫീസിന്, കണക്ടിങ് തളിപ്പറമ്പിലെ എന്റെ പ്രിയപ്പെട്ടവർക്ക്.’
അർജുൻ
കൊളച്ചേരി, കണ്ണൂർ
ഉറപ്പായും തൊഴിൽ കിട്ടും
മണ്ഡലത്തിലെ ഓരോ ഉന്നത വിദ്യാഭ്യാസ സ്ഥാപനവും കണക്ടിങ് തളിപ്പറമ്പിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. തൊഴിൽ സംസ്‌കാരത്തെക്കുറിച്ചുള്ള അവബോധം ഗ്രാമാന്തരങ്ങളിലേക്ക് പകർന്നുനൽകുന്നത് കോളേജുകളിലെയും ഹയർസെക്കൻഡറി സ്കൂളുകളിലെയും എൻഎസ്‌എസ് കുട്ടികളാണ്. അവർതന്നെ തൊഴിലന്വേഷകരുടെ വിവരങ്ങൾ ശേഖരിച്ച് തൊഴിലിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളിൽ സ്വയം ബോധവൽക്കരണം സാധ്യമാക്കുന്നു. കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജാണ് ഇതിന്റെ കേന്ദ്രമെന്ന് പറയാം. തൊഴിലന്വേഷകർക്ക് പലപ്പോഴും ജോലി സാധ്യതയിൽ വിലങ്ങുതടിയാവുന്ന കമ്യൂണിക്കേഷൻ, ഭാഷാ പ്രശ്‌നങ്ങൾക്കും കണക്ടിങ് തളിപ്പറമ്പ പരിഹാരം കാണുന്നുണ്ട്. ഉദ്യോഗാർഥികളെ അഭിമുഖത്തിന് പരിശീലിപ്പിക്കുകയും ബയോഡാറ്റ തയ്യാറാക്കി നൽകിയും അവരുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം പരിശീലനത്തിലൂടെ വർധിപ്പിച്ചും ആത്മവിശ്വാസമേകുന്നു.
അതിനിടെ വിജഞാനകേരളത്തിന്റെ ഭാഗമായി മുൻ ചീഫ് സെക്രട്ടറി കെ എം അബ്രഹം ഒരിക്കൽ കണ്ണൂർ എൻജിനിയറിങ് കോളേജിലെത്തിയപ്പോൾ കണക്ടിങ് തളിപ്പറമ്പിന്റെ ടീം ലീഡേഴ്‌സുമായി സംസാരിച്ചു. അന്ന് അദ്ദേഹം പകർത്തിയ കാര്യങ്ങളാണ് ഇന്നിപ്പോൾ കേരളത്തിലാകെ തൊഴിൽ നൈപുണിയുമായി ബന്ധപ്പെട്ട് നടക്കുന്ന ജോബ് സ്റ്റേഷനുകളുടെ വിപുലീകരണത്തിൽ എത്തിയത്.
എന്തുകൊണ്ട്
കുടുംബത്തിൽ ഒരാൾക്ക് തൊഴിൽ ലഭിക്കുമ്പോൾ രക്ഷപ്പെടുന്നതും മുന്നേറുന്നതും ആ കുടുംബം മാത്രമല്ല, നാടുംകൂടിയാണ്. അനേകം കുടുംബങ്ങൾക്ക് ജോലി ലഭിക്കുമ്പോൾ അതിലൂടെ സാമൂഹ്യമുന്നേറ്റമുണ്ടാകുന്നു. അത്തരം സാമൂഹ്യമുന്നേറ്റമാണ് നാടിന്റെ പുരോഗതിയുടെ അടിത്തറ. നാടിന്റെ സർവതോന്മുഖമായ പുരോഗതി ആത്യന്തികമായി മണ്ഡലത്തിലെ എല്ലാവിധ സാമൂഹ്യ ഇടപെടലിലും പ്രതിഫലിക്കും. എല്ലാവരും എപ്പോഴും സന്തോഷമുള്ളവരായിരിക്കണമെങ്കിൽ ഓരോ കുടുംബത്തിലും മികച്ച വരുമാനം ഉണ്ടാകണമെന്ന വലിയ ദാർശനികതയാണ് ഇതിന്റെ അടിസ്ഥാനം. ഹാപ്പിനെസ് എന്നത് മികച്ച ജോലിയും അതിനാെത്ത വരുമാനവും ചേരുമ്പോൾ ഉണ്ടാകുന്ന സന്തോഷമാണെന്നും അതാണ് ഹാപ്പിനെസ് ഇൻഡക്‌സിലേക്കുള്ള ആദ്യ ചുവടുവയ്‌പ് എന്നുമറിയുന്ന ഒരു ജനപ്രതിനിധിയുടെ ഭാവനാപൂർണമായ കാഴ്‌ചപ്പാടിന്റെ പ്രതിഫലനമായി കണക്ടിങ് തളിപ്പറമ്പ മാറുന്നത് അങ്ങനെയാണ്.
മൂന്നുവർഷംമുമ്പ് ഇങ്ങനെയൊരു ആശയം മുന്നോട്ടുവയ്ക്കുമ്പോൾ നെറ്റിചുളിച്ചവരുണ്ട്. എംഎൽഎ തൊഴിൽ നൽകുന്നതെങ്ങനെ, കമ്പനികളിലേക്ക് ശുപാർശ കത്ത് നൽകലാകും എന്നൊക്കെ പറഞ്ഞവരുണ്ട്. അവരോട് ഇത്രയേ പറയാനുള്ളൂ ഒരു വർഷം കഴിയുമ്പോഴേക്ക് ഞങ്ങൾ മണ്ഡലത്തിൽ ആയിരത്തിമുന്നൂറിലേറെപേർക്ക് തൊഴിൽ നൽകി. വരുംവർഷത്തിൽ ചുരുങ്ങിയത് 5000 പേർക്ക് തൊഴിൽ നൽകും. ഞങ്ങൾ തുടങ്ങിവച്ച ജോബ് സ്റ്റേഷനുകളും പദ്ധതിയും ഇന്ന് കേരളമാകെ പടർന്നിട്ടുണ്ട്. ഇനി ഇത് ലോകത്തിലേക്ക് പടരും. കണക്ടിങ് തളിപ്പറമ്പിൽ ലോകത്തെയാകെ ഞങ്ങൾ കൂട്ടിച്ചേർക്കും. ഇതാണ് ഞങ്ങടെ തളിപ്പറമ്പ് മാതൃക, ഇതാണ് കേരള മാതൃക. ഇതാണ് തൊഴിലിലൂടെ ഞങ്ങൾ പണിതുയർത്തുന്ന നവലോകം.’
എം വി ഗോവിന്ദൻ എംഎൽഎ









0 comments