ചെറുകിട വായ്പക്കാരോടുള്ള അനീതി പുറത്ത്; സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ആർടിഐ വിവരങ്ങൾ പുറത്ത്

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ| Photo: Money Life
പൂനെ : വൻകിട വായ്പ കുടിശ്ശികക്കാരോടും ചെറുകിട വായ്പക്കാരോടും പൊതുമേഖലാ ബാങ്കുകൾ കാണിക്കുന്ന ഇരട്ടത്താപ്പ് വെളിപ്പെടുത്തി സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ വിവരാവകാശ രേഖകൾ. വിവരാവകാശ പ്രവർത്തകനായ വിവേക് വേലങ്കറിന് ബാങ്ക് നൽകിയ മറുപടിയിലാണ് ആയിരക്കണക്കിന് കോടി രൂപയുടെ വായ്പ കുടിശ്ശിക വരുത്തിയ വൻകിടക്കാരുടെ പേരുവിവരങ്ങൾ പുറത്തുവിടാൻ ബാങ്ക് വിസമ്മതിക്കുന്നതും ഞെട്ടിക്കുന്ന കണക്കുകളും വ്യക്തമാകുന്നത്.
2016-17 മുതൽ 2025-26 വരെയുള്ള 10 സാമ്പത്തിക വർഷങ്ങളിൽ 100 കോടി രൂപയ്ക്ക് മുകളിൽ വായ്പയെടുത്ത വൻകിടക്കാരിൽ നിന്ന് 26,701.55 കോടി രൂപയുടെ വായ്പയാണ് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എഴുതിത്തള്ളിയത്. എന്നാൽ ഇതിൽ 3,874.41 കോടി രൂപ (ഏകദേശം 14.5%) മാത്രമാണ് ബാങ്കിന് വീണ്ടെടുക്കാനായത്. അതായത് 85 ശതമാനത്തിലധികം തുകയും തിരികെ ലഭിച്ചില്ല. 2018-19 സാമ്പത്തിക വർഷത്തിൽ മാത്രം 7,002.58 കോടി രൂപ എഴുതിത്തള്ളിയതിൽ 761.01 കോടി രൂപ മാത്രമാണ് തിരിച്ചുപിടിച്ചത്.
അതേസമയം, 1 കോടി രൂപയ്ക്ക് താഴെ വായ്പയെടുത്ത ചെറുകിടക്കാരുടെ കാര്യത്തിൽ സ്ഥിതി വ്യത്യസ്തമാണ്. ഇതേ കാലയളവിൽ 6,774.23 കോടി രൂപ എഴുതിത്തള്ളിയ ബാങ്ക് 5,004.28 കോടി രൂപയും (ഏകദേശം 74%) തിരികെ പിടിച്ചു. വൻകിട വായ്പക്കാരുടെ വിവരങ്ങളും എൻസിഎൽടി (നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ) വഴി ഇളവുകൾ അനുവദിച്ചവരുടെ വിവരങ്ങളും ആവശ്യപ്പെട്ടപ്പോൾ മൂന്നാം കക്ഷിയുടെ വിവരങ്ങളാണെന്ന് ചൂണ്ടിക്കാട്ടി നൽകാൻ ബാങ്ക് തയ്യാറായില്ല.
വായ്പ തിരിച്ചടവിൽ ബാങ്ക് വെട്ടിക്കുറച്ച ആകെ തുകയെക്കുറിച്ചുള്ള ചോദ്യത്തിന് 'വ്യക്തതയില്ല' എന്ന മറുപടിയാണ് ലഭിച്ചത്. ചെറുകിട വായ്പക്കാരുടെ പേരുകൾ പത്രങ്ങളിൽ നൽകി വീടുകൾ വരെ ലേലം ചെയ്യുന്ന ബാങ്കുകൾ, വൻകിടക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് വിവേക് വേലങ്കർ ആരോപിച്ചു. റിസർവ് ബാങ്കും ധനമന്ത്രാലയവും ഇതിന് മൗനാനുമതി നൽകുകയാണെന്നും ബോർഡ് ഓഫ് ഡയറക്ടർമാർക്കെതിരെ നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.










0 comments