ad
Deshabhimani

ഓണം കളറാക്കി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'; 100 കോടി ക്ലബ്ബിൽ

Bathlahem

മമിത ബൈജു, നിവിൻ പോളി (ഇടത്) ബത്‌ലഹേം കുടുംബ യൂണിറ്റ് പോസ്റ്റർ (വലത്)| Photo: Social Media

വെബ് ഡെസ്ക്

Published on Aug 27, 2026, 09:55 PM | 1 min read

തിരുവനന്തപുരം : നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തിയ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചു. ആഗസ്റ്റ് 21ന് തീയേറ്ററുകളിലെത്തിയ ചിത്രം 6 ദിവസങ്ങൾക്കുള്ളിലാണ് ഈ നേട്ടം കൈവരിച്ചത്. ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രം ഈ ഓണം സീസണിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിക്കഴിഞ്ഞു. ട്രാക്കർമാരുടെ കണക്കുകൾ പ്രകാരം നിലവിൽ ചിത്രം 110 കോടിയിലധികം കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്.


ഒരു വർഷത്തിനിടെ നിവിൻ പോളിയുടെ രണ്ടാമത്തെ 100 കോടി ചിത്രമാണിത്. മുൻ ചിത്രം 'സർവം മായ'യ്ക്ക് ശേഷം ബെത്‌ലഹേം കുടുംബ യൂണിറ്റും വിജയിച്ചതോടെ ബോക്‌സ് ഓഫീസിൽ നിവിൻ പോളി വൻ തിരിച്ചുവരവാണ് നടത്തിയത്. 'പ്രേമലു'വിന്റെ വൻ വിജയത്തിന് ശേഷം ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രം കുടുംബ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.


ഏറ്റവും വേഗത്തിൽ 100 കോടി ക്ലബ്ബിൽ എത്തുന്ന മലയാള ചിത്രങ്ങളുടെ നിരയിലേക്കാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റും' എത്തിയത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമിച്ച ചിത്രം കൂടിയാണിത്.


ആഷ്‌ലി (മമിത ബൈജു), തന്നേക്കാൾ 12-13 വയസ്സ് പ്രായക്കൂടുതലുള്ള അയൽവാസി ജസ്റ്റിൻ (നിവിൻ പോളി) എന്നിവരുടെ പ്രണയവും അയൽപക്കത്തെ രസകരമായ സംഭവങ്ങളുമാണ് ചിത്രം പ്രമേയമാക്കുന്നത്. ഗിരീഷ് എഡിയും കിരൺ ജോസിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.


സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രീന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകൾ സെപ്റ്റംബർ 4ന് റിലീസ് ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home