ad
Deshabhimani

മോദി ഭരണത്തിൽ സമസ്ത മേഖലയിലും തകർച്ചയെന്ന് അമേരിക്കൻ ഗവേഷക പഠനം

modi
വെബ് ഡെസ്ക്

Published on Aug 27, 2026, 09:48 PM | 3 min read

ന്യൂഡൽഹി: ‘മിനിമം ഗവൺമെന്റ്, മാക്സിമം ഗവേണൻസ്’, ‘ഗുജറാത്ത് മോഡൽ’ തുടങ്ങിയ വാഗ്ദാനങ്ങളുമായി 2014ൽ അധികാരത്തിലെത്തിയ നരേന്ദ്ര മോദിയുടെ പത്തുവർഷത്തെ ഭരണത്തിൽ ഇന്ത്യയ്ക്ക് ലഭിച്ചതെന്ത്? ഭരണനിർവഹണം മുതൽ ജനാധിപത്യ സ്വാതന്ത്ര്യങ്ങളും ആളോഹരി വരുമാനവും വരെ പരിശോധിച്ച പുതിയ അമേരിക്കൻ ഗവേഷക പഠനത്തിന്റെ ഉത്തരം ബിജെപിക്ക് ഒട്ടും ആശ്വാസകരമല്ല. പരിശോധിച്ച പത്ത് ഭരണസൂചികകളിലും ഇന്ത്യ പിന്നോട്ടുപോയെന്നും സാമ്പത്തികമായി കൈവരിക്കാമായിരുന്ന വളർച്ചയിൽനിന്ന് രാജ്യം ഗണ്യമായി താഴെയായെന്നുമാണ് ടെക്സാസ് ടെക് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരായ കെവിൻ ഗ്രിയറും റോബിൻ ഗ്രിയറും കണ്ടെത്തിയിരിക്കുന്നത്. മോദി ഭരണത്തെ ഗവേഷകർ വിശേഷിപ്പിക്കുന്നത് തന്നെ ‘തകർന്ന വാഗ്ദാനങ്ങളുടെ കഥ’ എന്നാണ്.


‘പ്രോമിസസ്, പ്രോമിസസ്: ഗവേണൻസ് ആൻഡ് ഗ്രോത്ത് ഇൻ ഇന്ത്യ അണ്ടർ മോദി ആൻഡ് ദ ബിജെപി’ എന്ന പഠനത്തിലാണ് 2014 മുതൽ 2023 വരെയുള്ള ഇന്ത്യയുടെ പ്രകടനം വിലയിരുത്തിയത്. 2014ന് മുമ്പുള്ള മൂന്ന് പതിറ്റാണ്ടിൽ ഇന്ത്യയുമായി സമാനമായ വളർച്ച പാത പിന്തുടർന്ന 5 രാജ്യങ്ങളുടെ (എത്യോപ്യ, ചൈന, ബംഗ്ലാദേശ്, പാകിസ്ഥാൻ, ഫിലിപ്പീൻസ്) വിവരങ്ങൾ കൂട്ടിയിണക്കി ‘സാങ്കൽപ്പിക ഇന്ത്യ’ (Synthetic India) എന്നൊരു താരതമ്യ മാതൃക ഗവേഷകർ സൃഷ്ടിച്ചു. മോദി സർക്കാർ അധികാരത്തിലെത്തിയില്ലെങ്കിൽ പഴയ വളർച്ചാ നിരക്ക് തുടർന്ന ഒരു ഇന്ത്യ ഇന്ന് എവിടെ എത്തിനിൽക്കുമായിരുന്നു എന്ന് കണക്കാക്കാനാണ് ഈ മാതൃക ഉപയോഗിച്ചത്.


ഭരണസൂചികകളിൽ വലിയ തകർച്ച


ഒരൊറ്റ മേഖലയിലോ ഒന്നോ രണ്ടോ സൂചികകളിലോ ഒതുങ്ങുന്നതല്ല തകർച്ച. തിരഞ്ഞെടുപ്പ് ജനാധിപത്യം, ഉദാര ജനാധിപത്യം, രാഷ്ട്രീയ അഴിമതി, അഭിപ്രായസ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, സംഘടനാ സ്വാതന്ത്ര്യം, നിയമത്തിനു മുന്നിലുള്ള തുല്യത, നിയമത്തിന്റെ തുല്യ സംരക്ഷണം, ഭരണകൂടത്തിന്മേലുള്ള നിയമനിർമാണ-നീതിന്യായ നിയന്ത്രണങ്ങൾ എന്നിവയടക്കം പരിശോധിച്ച പത്ത് ഭരണസൂചികകളിലും യഥാർത്ഥ ഇന്ത്യ, സാങ്കൽപ്പിക മാതൃകയേക്കാൾ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. പത്ത് സൂചികകളിൽ പകുതിയും താരതമ്യ മാതൃകയെക്കാൾ 45 ശതമാനത്തിലധികം പിന്നിലായിരുന്നു.


ഏറ്റവും കടുത്ത ഇടിവുകളിലൊന്ന് മതസ്വാതന്ത്ര്യത്തിലാണ്. 2014ന് മുമ്പ് യഥാർത്ഥ ഇന്ത്യയും താരതമ്യ മാതൃകയും ഏകദേശം ഒരേ പാതയിലായിരുന്നെങ്കിലും മോദി അധികാരത്തിലെത്തിയശേഷം ഇവയ്ക്കിടയിലെ അന്തരം കുത്തനെ വർധിച്ചു. പഠനകാലാവധിയുടെ അവസാനത്തിൽ 2013ലെ ഇന്ത്യയുടെ നിലവാരം അടിസ്ഥാനമാക്കിയുള്ള വ്യത്യാസം 168.7 ശതമാനമായിരുന്നുവെന്ന് ഗവേഷകർ കണക്കാക്കുന്നു. അഭിപ്രായസ്വാതന്ത്ര്യത്തിലും ചിത്രം കടുത്തതാണ്. സാങ്കൽപ്പിക മാതൃകയെക്കാൾ 56.2 ശതമാനം താഴെയായിരുന്നു ഇന്ത്യ.


തിരഞ്ഞെടുപ്പ് ജനാധിപത്യ സൂചികയിൽ 60.2 ശതമാനവും ഉദാര ജനാധിപത്യ സൂചികയിൽ 69.1 ശതമാനവും പിന്നാക്കം രേഖപ്പെടുത്തി. നിയമത്തിനു മുന്നിലുള്ള തുല്യതയിൽ 30.4 ശതമാനം, സംഘടനാ സ്വാതന്ത്ര്യത്തിൽ 29.6 ശതമാനം, നിയമത്തിന്റെ തുല്യ സംരക്ഷണത്തിൽ 26.1 ശതമാനം എന്നിങ്ങനെയും വിടവ് രേഖപ്പെടുത്തി.


രാഷ്ട്രീയ അഴിമതി വർദ്ധിച്ചു


2014ലെ തെരഞ്ഞെടുപ്പിൽ മോദിയും ബിജെപിയും ഏറ്റവും ശക്തമായി ഉയർത്തിയ വിഷയങ്ങളിലൊന്നായിരുന്നു അഴിമതി. എന്നാൽ രാഷ്ട്രീയ അഴിമതിയിലും പഠനത്തിന്റെ കണ്ടെത്തൽ സർക്കാരിന് തിരിച്ചടിയാണ്. സാങ്കൽപ്പിക ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യത്തെ രാഷ്ട്രീയ അഴിമതി സൂചിക 46.8 ശതമാനം മോശമായതായി ഗവേഷകർ കണ്ടെത്തി. അഴിമതിക്കെതിരെ പ്രചാരണം നടത്തി അധികാരത്തിലെത്തിയ ഭരണകാലത്ത് തന്നെ രാഷ്ട്രീയ അഴിമതിയുടെ സൂചിക ഉയർന്നുവെന്നാണ് പഠനം നിരീക്ഷിക്കുന്നത്.


ആളോഹരി വരുമാനത്തിൽ 1,000 ഡോളറിന്റെ കുറവ്


ജനാധിപത്യ സൂചികകളിലെ തിരിച്ചടിക്കൊപ്പം സാമ്പത്തിക രംഗത്തും ‘മോദി മോഡൽ’ പ്രതീക്ഷിച്ച നേട്ടം നൽകിയില്ലെന്നാണ് പഠനം പറയുന്നത്. 2023 ആയപ്പോഴേക്കും യഥാർത്ഥ ഇന്ത്യയുടെ ആളോഹരി വരുമാനം സാങ്കൽപ്പിക ഇന്ത്യയെക്കാൾ ഏകദേശം 10 ശതമാനം താഴെയായിരുന്നു. അതായത്, 2014ന് മുമ്പുള്ള വളർച്ചാപാത നിലനിന്നിരുന്നെങ്കിൽ ഒരു ശരാശരി ഇന്ത്യക്കാരന്റെ വാർഷിക വരുമാനത്തിൽ ഏകദേശം 1,000 ഡോളറിന്റെ (ഏകദേശം 83,000 രൂപയിലധികം) വർദ്ധനവ് ഉണ്ടായേനെ.


തങ്ങളുടെ കണ്ടെത്തലുകൾ കൃത്യമാണോ എന്ന് ഉറപ്പുവരുത്താൻ മറ്റ് രാജ്യങ്ങളെ അടിസ്ഥാനമാക്കി ഗവേഷകർ നടത്തിയ സമാന്തര പുനഃപരിശോധനകളിലും (Placebo test) ഇന്ത്യയിലുണ്ടായ ഈ ഇടിവ് അസാധാരണമായി വലുതായിരുന്നുവെന്ന് തെളിഞ്ഞു. ജനാധിപത്യം, മതസ്വാതന്ത്ര്യം തുടങ്ങിയവ വിലയിരുത്താൻ അന്താരാഷ്ട്ര 'വി-ഡെം' (V-Dem) ഡാറ്റയും സാമ്പത്തിക കണക്കുകൾക്ക് 'പെൻ വേൾഡ് ടേബിളും' (Pen World Table 11.0) ആണ് ഗവേഷകർ ഉപയോഗിച്ചത്.


തിരഞ്ഞെടുപ്പ് ജയങ്ങൾക്ക് കാരണം പ്രതിപക്ഷ ഭിന്നത


ഇത്രയും തിരിച്ചടികൾ പഠനം കണ്ടെത്തുമ്പോഴും ബിജെപി എങ്ങനെ തുടർച്ചയായി തെരഞ്ഞെടുപ്പുകൾ ജയിച്ചു എന്ന ചോദ്യവും ഗവേഷകർ ഉയർത്തുന്നു. ഇന്ത്യയിലെ 'ഏറ്റവും കൂടുതൽ വോട്ട് നേടുന്നയാൾ വിജയിക്കുന്ന' (First-past-the-post) തെരഞ്ഞെടുപ്പ് രീതിയും പ്രതിപക്ഷത്തിന്റെ വിഭജനവുമാണ് ബിജെപിക്ക് വൻ രാഷ്ട്രീയ നേട്ടമായത്. ഭരണത്തിലെത്താൻ ഭൂരിപക്ഷം വോട്ടർമാരുടെയും പിന്തുണ ആവശ്യമില്ലെന്നതാണ് ഈ രീതിയുടെ പ്രത്യേകത. അതേസമയം ‘നല്ല ഭരണം’ എന്നതിനെ മോദി അനുകൂലികൾ വ്യത്യസ്തമായ അളവുകോലുകൾ വെച്ചാകാം കാണുന്നത് എന്നും പഠനം നിരീക്ഷിക്കുന്നു.


2014ൽ മികച്ച ഭരണവും അതിവേഗ സാമ്പത്തിക വളർച്ചയും വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ മോദി ഭരണത്തിന് കീഴിൽ, പത്ത് വർഷത്തിന് ശേഷം ജനാധിപത്യ സ്ഥാപനങ്ങളിലും പൗരസ്വാതന്ത്ര്യങ്ങളിലും ആളോഹരി സാമ്പത്തിക പ്രകടനത്തിലും ഇന്ത്യ കൈവരിക്കാമായിരുന്ന നിലയിൽനിന്ന് ബഹുദൂരം പിന്നോട്ടുപോയെന്നാണ് ടെക്സാസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ നിഗമനം. പഠനം നിലവിൽ പ്രമുഖ റിസർച്ച് നെറ്റ്‌വർക്കായ 'എസ്എസ്ആർഎൻ' (SSRN)-ൽ വർക്കിങ് പേപ്പറായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home