ഇസ്രയേൽ-ഇറാൻ സംഘർഷം; ഡോളറിനെതിരെ രൂപയുടെ മൂല്യം 95.35 ലേക്ക് ഇടിഞ്ഞു

മുംബൈ: പശ്ചിമേഷ്യയിൽ ഇസ്രയേലും ഇറാനും തമ്മിലുള്ള ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ വീണ്ടും ശക്തമായതോടെ ആഗോള വിപണിയിലെ തിരിച്ചടി ഇന്ത്യൻ രൂപയെയും ബാധിച്ചു. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചയുടൻ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 17 പൈസ ഇടിഞ്ഞ് 95.35 എന്ന നിരക്കിലെത്തി.
ആഗോള വിപണിയിൽ ഡോളർ കരുത്താർജ്ജിച്ചതും അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയർന്നതുമാണ് ആഭ്യന്തര കറൻസിക്ക് തിരിച്ചടിയായത്. ഇസ്രയേലിന് നേരെ ഇറാൻ ഒന്നിലധികം തവണ മിസൈൽ ആക്രമണം നടത്തിയതിനെത്തുടർന്ന് പശ്ചിമേഷ്യൻ മേഖല വീണ്ടും യുദ്ധഭീതിയിലായിരിക്കുകയാണ്.
ഇതേത്തുടർന്ന് അന്താരാഷ്ട്ര എണ്ണ വിപണിയിലെ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിൽ വില ഒറ്റയടിക്ക് 3.43 ശതമാനം വർധിച്ച് ബാരലിന് 96.28 യുഎസ് ഡോളറിലെത്തി. എണ്ണവിലയിലുണ്ടായ ഈ പെട്ടെന്നുള്ള വർദ്ധനവ് ഇന്ത്യൻ വിപണിയിലും നിക്ഷേപകർക്കിടയിലും ആശങ്ക പരത്തിയിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച വിദേശ മൂലധന ഒഴുക്ക് വർദ്ധിപ്പിക്കുന്നതിനും ഫോറെക്സ് ലിക്വിഡിറ്റി ശക്തമാക്കുന്നതിനുമായി റിസർവ് ബാങ്ക് ചില നിർണായക നടപടികൾ പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്ന് വെള്ളിയാഴ്ച രൂപയുടെ മൂല്യം 56 പൈസ ഉയർന്ന് 95.18-ൽ വ്യാപാരം അവസാനിപ്പിച്ചിരുന്നു.
എന്നാൽ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഈ നേട്ടം നിലനിർത്താൻ രൂപയ്ക്കായില്ല. അതേസമയം, ആറ് പ്രധാന കറൻസികൾക്കെതിരെയുള്ള ഗ്രീൻബാക്കിന്റെ കരുത്ത് അളക്കുന്ന ഡോളർ സൂചിക 0.42 ശതമാനം ഉയർന്ന് 95.33-ൽ എത്തി.
ആഗോള വിപണിയിലെ തളർച്ച ഇന്ത്യൻ ഓഹരി വിപണിയെയും ശക്തമായി ബാധിച്ചു. പ്രാരംഭ വ്യാപാരത്തിൽ ബിഎസ്ഇ സെൻസെക്സ് 724.95 പോയിന്റ് ഇടിഞ്ഞ് 73,518.39 ലും എൻഎസ്ഇ നിഫ്റ്റി 222.45 പോയിന്റ് തകർന്ന് 23,138.60 ലും എത്തി.










0 comments