ad
Deshabhimani

കവർസ്റ്റോറി

പോരും പൊൽപ്പിടിയും

പി വി ഷാജി കുമാർ     ഫോട്ടോ: അക്ഷയ്‌ എസ്‌ മേനോൻ
avatar
സജയ്‌ കെ വി

Published on Jun 08, 2026, 12:04 PM | 5 min read

പോര് എന്നാൽ കോഴിപ്പോരും മനുഷ്യപ്പോരുമാണ്; പൊൽപ്പിടിയെന്നാൽ, കാസർകോടൻ ഭാഷയിൽ, മനുഷ്യരുടെയും മൃഗങ്ങളുടെയും ഇണചേരലും. ഈ രണ്ട്‌ കടുംനിറങ്ങളാൽ മനുഷ്യാവസ്ഥയെ അതിന്റെ പ്രാദേശികമായ പ്രതലങ്ങളിൽ ആവിഷ്‌കരിക്കാനുള്ള ശ്രമമാണ് പി വി ഷാജികുമാറിന്റെ ആദ്യനോവലായ "മരണവംശം.'

പി വി ഷാജി കുമാർ     ഫോട്ടോ: അക്ഷയ്‌ എസ്‌ മേനോൻപി വി ഷാജി കുമാർ ഫോട്ടോ: അക്ഷയ്‌ എസ്‌ മേനോൻ

"ഏർക്കാന' എന്ന സാങ്കൽപ്പികദേശത്തെ അരങ്ങാക്കിക്കൊണ്ടുള്ള ആഖ്യാനമാണത്. അത്യുത്തരമലബാറിലെ ഭാഷയും സംസ്‌കാരവും മനുഷ്യരും അവരുടെ ജീവിതശൈലിയും അവരെ ചൂഴ്‌ന്നുനിൽക്കുന്ന പ്രകൃതിഘടകങ്ങളും അനുഷ്‌ഠാനങ്ങളും ദൈവസങ്കൽപ്പങ്ങളുമെല്ലാം ഈ ദേശനിർമിതിയിൽ പങ്കുകൊള്ളുകയും നോവലിസ്റ്റിന്റെ ഭാവനാമൂശയിലേക്ക്‌, വിചിത്രമായ ഒരു ലോഹക്കൂട്ടുപോലെ, വാർന്നുവീഴുകയും ചെയ്യുന്നു. ഈ ദേശപ്പശിമയാണ് നോവലിനെ വിചിത്രത (exoticism)യുടെ ആവരണമണിയിച്ചുകൊണ്ട് അതിനെ മലയാളിക്ക് പൊതുവേ അപരിചിതമായ ഒരു ഭാവനാഭൂമികയുടെ അനുഭവമാക്കി മാറ്റുന്നത്. കാസർകോടൻ മലയാളത്തിന്റെ, അന്യഭാഷാസങ്കരമുള്ള, വിചിത്രതയാണ് അതിലൊന്ന്. സംഭാഷണശകലങ്ങളായും ഒറ്റയൊറ്റപ്പദങ്ങളായും അത് നോവലിലുടനീളം വിന്യസിക്കപ്പെട്ടിരിക്കുന്നു. കേരളത്തിനുള്ളിലെ മറ്റൊരു കേരളത്തിലാണ് ഈ കഥയും കഥാപാത്രങ്ങളും എന്ന തോന്നലിനെ അത് ഗാഢതരമാക്കുന്നു.

"കൂവൽ' (വെള്ളക്കുഴി), "കൊരട്ട' (കശുവണ്ടി), "കിടിയൻ' (പരുന്ത്), "കരക്ക' (തൊഴുത്ത്), "എടാമ്മ്ട്ക്ക്' (ഇടവഴി), "പുതിയെടുക്കൽ' (പുത്തരി), "പുരുവൻ' (പുരുഷൻ), "പീരാംകുടുക്ക' (ചീവീട്) തുടങ്ങിയ വാക്കുകൾ അങ്ങനെ, പുതിയൊരു കാസർകോടൻ പദാവലി സൃഷ്ടിച്ചുകൊണ്ട്, നോവലിൽ ഇടംകണ്ടെത്തുന്നു.


തെയ്യങ്ങളും ദൈവങ്ങളും മനുഷ്യലോകത്തിന്റെ സാക്ഷികളും പങ്കാളികളുമാകുന്ന ഒരു സ്ഥലരാശി കൂടിയാണ് ഏർക്കാന. നോവലിലേക്കുള്ള പ്രവേശകമായി എഴുതപ്പെട്ടിട്ടുള്ള "മാനവെട്ടം' എന്ന ഗദ്യഖണ്ഡത്തിൽത്തന്നെ ഏർക്കാനയിലേക്കുള്ള രമണിയുടെ പുറപ്പാടിനു സാക്ഷിയായി "ചനിയറു' എന്നും "കൊറഗജ്ജ' എന്നും പേരായ തെയ്യമുണ്ട്, ആ യാത്രയുടെ അവസാനത്തിലും. കൽക്കൊട്ടിയായ- കല്ലിൽ ശിൽപ്പങ്ങൾ കൊത്തുന്നയാൾ- കൊരമ്പ കൊത്തിയെടുത്ത ദൈവവിഗ്രഹങ്ങളാണ് ഏർക്കാനയെ ദൈവനിബിഡമാക്കുന്ന മറ്റൊരതീതസാന്നിധ്യം. സവർണതയും ബ്രാഹ്‌മണപൗരോഹിത്യവും കയ്യൊഴിഞ്ഞ ആ ദൈവവിഗ്രഹങ്ങൾ, കൊരമ്പയുടെ മരണശേഷം, മഴവെള്ളം കുത്തിയൊലിച്ച് പല വഴിക്കായി. പലരും അവരെ പലയിടങ്ങളിൽ കുടിയിരുത്തി. പക്ഷിയുടെ രൂപമുള്ളതുകൊണ്ട് "ഉപ്പൂപ്പൻ' എന്നു പേരിട്ട് കുട്ടികൾ- (ഇതേ കുട്ടികൾ മുതിർന്നാണ് പിന്നീട് നോവലിലെ പ്രധാന കഥാപത്രങ്ങളായി മാറുന്നത്-) കുടിയിരുത്തിയ ഒരു ചെറുദൈവം ചന്ദ്രന്റെയും കൂട്ടരുടെയും കാടുകയറിയുള്ള ആദ്യത്തെ മരംമുറിക്കലിന്‌ സാക്ഷിയാകുന്ന സന്ദർഭം നോവലിലുണ്ട്. പക്ഷിയുടെ ഛായയുള്ള ദൈവമായതുകൊണ്ട് കാട്ടിലെ പക്ഷികൾ തങ്ങളുടെ സങ്കടങ്ങൾ അതിനോടാണത്രേ കരഞ്ഞുപറഞ്ഞിരുന്നത്. എന്നിട്ടും പക്ഷിക്കൂടുകളും പക്ഷിക്കുഞ്ഞുങ്ങളുമുള്ള മരങ്ങൾ മഴുക്കൊത്തേറ്റു വീണപ്പോൾ ശിലാരൂപിയായ ഉപ്പൂപ്പൻ നിസ്സഹായനായി-‐ ദൈവമാണെങ്കിലും വെറുമൊരു കൽക്കഷ്‌ണം മാത്രമായ ഒന്നിന്റെ നിസ്സഹായതയായിരുന്നു അത്! താനത്തെ ചെറിയ പോതി എന്ന ദൈവമാണ് നോവലിലെ പ്രധാന സ്‌ത്രീകഥാപാത്രങ്ങളിലൊരാളായ "കുഞ്ഞമ്മാറി'ന്റെ വ്യക്തിഗതമായ അഴലുകൾക്കുള്ള ആലംബം. സ്‌മൃതിഭ്രംശത്തിന്റെ ഒരു രാത്രിയിൽ ചെറിയ പോതിയോടൊപ്പം കാട്ടുവള്ളികളുടെ ഊഞ്ഞാലിൽ ആകാശം തൊട്ടു മടങ്ങുന്നുകൂടിയുണ്ട് കുഞ്ഞമ്മാർ.


തെയ്യങ്ങളും പൂരക്കളിയും കൊണ്ട് അങ്കനം ചെയ്യപ്പെട്ട ജീവിതമാണ് ഏർക്കാനയിലെ മനുഷ്യരുടേത്. "മാണിയോളങ്കര താനത്തു മറത്തുകളി നടന്ന രാത്രി കുഞ്ഞമ്മാറിന്റെ ജീവിതം തല കുത്തനെ മറിഞ്ഞു' (പേജ് 72), "തലവേദനിക്കുന്നെന്നു പറഞ്ഞ്, നളിനി വൈരജാതൻ തെയ്യത്തിന്റെ കുളിച്ചുതോറ്റം കഴിയുംമുമ്പ് ജാനകിയോടു ചൂട്ടും വാങ്ങിയിറങ്ങി' (പേജ് 101) എന്നിങ്ങനെ നോവലിൽ പലയിടത്തായി നമ്മൾ വായിക്കുന്നു. "തട്ടും തെയ്യം' പോലെയുള്ള കാസർകോടൻ തെയ്യങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ ആവർത്തിച്ചു കടന്നുവരുമ്പോഴും "പൂരക്കളി'യാണ് നോവലിന്റെ ഭ്രമണാധാരം (pivot).

ബുക്ക്‌

"ദൈവം കൊന്നുകളഞ്ഞ കാമത്തെ തിരിച്ചുവിളിച്ച ഓർമയാണ് ഞങ്ങൾക്ക് പൂരം. പൂരക്കളി പൂരത്തിന്റെ കളിയും' എന്ന് നോവലിനെഴുതിയ മുൻകുറിപ്പിൽ ഷാജികുമാർ പൂരക്കളിയെ നിർവചിക്കുന്നു. പൂരക്കളിക്ക്‌ പാടുന്ന പൂരമാലയിലെ പതിനെട്ടു നിറങ്ങളെന്നോണം പതിനെട്ടധ്യായങ്ങളെ വിന്യസിക്കുന്നതിനുള്ള വിശദീകരണം മാത്രമല്ല ഇത്. ദൈവം ചുട്ടുകരിച്ച കാമനെ ‐- കാമത്തെ- ജീവിപ്പിക്കുന്ന അനുഷ്‌ഠാനമാണ് പൂരക്കളി എന്നതിന് കേവലം ഘടനാവിന്യാസത്തിൽ കവിഞ്ഞ പ്രാധാന്യം ഈ നോവലിനെ സംബന്ധിച്ചുണ്ട്. രതിസമൃദ്ധമായ ആഖ്യാനങ്ങളിലൂടെയും ഉപാഖ്യാനങ്ങളിലൂടെയും നോവലിസ്റ്റ് മുന്നോട്ടുവയ്‌ക്കുന്ന ഒരു ജീവിതദർശനത്തിന്റെ ഭാഗമാണത്; ഹിംസയും പകയും മരണവും ജീവിതത്തിനുമേൽ കോയ്‌മ നടത്തുമ്പോഴും മനുഷ്യർ ജീവിക്കുന്നതും അതിജീവിക്കുന്നതും കാമനയുടെ (libido) സ്വച്ഛന്ദലീലയിലൂടെയാണ് എന്ന ദർശനമാണത്. കാമം വെറിയായും പ്രണയമായും രൂപാന്തരപ്പെടുന്ന സന്ദർഭങ്ങൾ നോവലിൽ കാണാം. കാമത്താൽ പരസ്‌പരം അടുക്കുകയും ജീവിതാനന്ദത്തിന്റെ ചില "മുന്തിയ മാത്ര'കളെങ്കിലും സ്വന്തമാക്കുകയും ചെയ്യുന്നവരാണ് പല കഥാപാത്രങ്ങളും. സാമ്പ്രദായികാർഥത്തിലുള്ള വഴിവിട്ട ബന്ധങ്ങളിൽപ്പോലും അവർ നിർവൃതി കണ്ടെത്തുന്നു. നോവലിലെ കരുത്തും കാതലുമുറച്ച കഥാപാത്രങ്ങളിലൊരാളായ കുഞ്ഞമ്മാറും അവരുടെ പുത്രഭാര്യയായ മാധവിയും തമ്മിലുള്ള ഒരു സംഭാഷണം നോവലിലെ നാലാമധ്യായമായ നാലാം നിറത്തിൽ നമ്മൾ വായിക്കുന്നുണ്ട്. മാധവിക്ക് കോമൻ നായർ എന്ന ജന്മിയുമായുള്ള അവിഹിതവേഴ്‌ചയാണ് സംഭാഷണവിഷയം.


"നീ വേറൊരുത്തന്റൊപ്പരം പോന്ന്ണ്ടെങ്കില് അത് എന്റെ അമ്പാടിക്ക് സ്‌നേഹിക്കാൻ അറ്യാത്തോണ്ടാ... അത് നിന്റെ തെറ്റല്ല മാധവീ...' എന്ന് കുഞ്ഞമ്മാർ. ഇവിടംകൊണ്ടും നിർത്താതെ കുഞ്ഞമ്മാർ തുടരുന്നു-:

"എനി ഓന് അറിയാന്ന് വെച്ചോ, എന്നിറ്റ് പോയാലും അതും നെന്റെ തെറ്റല്ല. ഓന്റേം തെറ്റല്ല. ചെല ഇഷ്ടങ്ങളുടെ തെറ്റും ശരിയൊന്നും നിശ്ചയിക്കാൻ നമ്മൊ ആരുമല്ല മാധവീ... പിന്നെ ഇതില് തെറ്റ് ശരിയെന്നൊന്നും ഇല്ല...!'

അവിഹിതത്തെ വിഹിതമാക്കുകയും സദാചാരം എന്ന ദുർബലമായ ചിറകുകളുള്ള ശലഭത്തെ ഊറ്റമിയന്ന സത്യസന്ധതയുടെ കൊടുങ്കാറ്റുനിറഞ്ഞ വാക്കുകളാൽ കശക്കിയെറിയുകയും ചെയ്യുന്ന വാക്കുകളാണ് കുഞ്ഞമ്മാറിന്റേത്. ഒരു സ്‌ത്രീ മറ്റൊരു സ്‌ത്രീയെയും കാമം എന്ന ജീവിതപരമാർഥത്തെയും നടുക്കുന്ന നിർമമതയോടുകൂടി മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന സന്ദർഭമാണിത്. പൂരമാലയിലെ കാമപൂജയുടെ പാട്ടുപോലെ അത് ഉച്ചത്തിൽ മുഴങ്ങുന്നു. മാധവിയുടെ ജാരനായ കോമൻ നായർ പക്ഷേ സ്വാർഥനും ക്രൂരനും അതികാമിയുമാണ്. അയാളുടെ കാമത്തിൽ കാമം മാത്രമേയുള്ളൂ, സ്‌നേഹത്തിന്റെയോ പ്രണയത്തിന്റെയോ കണിക പോലുമില്ല. ഈ ഇരുണ്ട ആസക്തിയെ എങ്ങനെയാണ് ന്യായീകരിക്കുകയും മനസ്സിലാക്കുകയും ചെയ്യുക? മറ്റൊരു കൊടുംനടുക്കം സമ്മാനിച്ചുകൊണ്ട് കുഞ്ഞമ്മാർ തുടരുന്നു-:

"കോമൻ വെഷാണെന്ന് എനക്കറിയാ... നെനക്കും അറിയാം. അതു നെന്നെ ബിതുങ്ങാതെ നീ നോക്കിക്കോ... ഓനാരോടും സ്‌നേഹൂല്ലണേ... സുഗത്തിന് അതൊരു കൊയപ്പാന്നോന്ന് ചോയിച്ചാൽ എനക്കറീലാ...' സ്‌നേഹം തൊട്ടുതീണ്ടാത്ത കാമവും ആനന്ദപ്രദമാകുന്നു. മനുഷ്യാവസ്ഥയോളം ഭാരിച്ച ഒരു പ്രഹേളികയാണത്. കുഞ്ഞമ്മാർ എന്ന കഥാപാത്രം അസാമാന്യമായ ഔന്നത്യം കൈവരിക്കുകയും നോവൽ ദാർശനികമായി ആഴപ്പെടുകയും ചെയ്യുന്ന സന്ദർഭമാണിത്. ദൈവം കൊന്നുകളഞ്ഞ കാമത്തെ ജീവിപ്പിക്കുക എന്ന പൂരക്കളിയുടെ അനുഷ്‌ഠാനപരമായ പൊരുളിനു തന്നെയാണ് ഇവിടെയും ഊന്നൽ. കാമം ജയിക്കുന്നിടത്തൊക്കെ മരണത്തിനും മടുപ്പിനും മേൽ ജീവിതം ജയിക്കുന്നു. ഈ ജയത്തിന്റെ പക്ഷം ചേർന്നാണ് നോവലിന്റെയും നോവലിസ്റ്റിന്റെയും നില; അതിന്റെ ഭയാനകമായ ആഴങ്ങളെയും പാതാളവെളിച്ചങ്ങളെയും അഭിമുഖീകരിച്ചു കൊണ്ടുതന്നെ.

വൈരജാതൻ തെയ്യംവൈരജാതൻ തെയ്യം

കോമൻ നായർ സമ്മാനിച്ച കൊറഗത്തിയെ യുവാവായ ചന്ദ്രൻ പ്രാപിക്കുന്ന സന്ദർഭം നോവലിലുണ്ട്. നീലനിറമുള്ള കാട്ടുപൂക്കൾ കൊടുത്ത് അവളുടെ കുഞ്ഞിന്റെ കരച്ചിലടക്കിയ ശേഷമാണ് അവൻ ഒരില്ലിക്കാടിന്റെ മറവിൽവച്ച് ആ തിന്മയുടെ ആനന്ദമനുഭവിച്ചത്. "നീലനിറമുള്ള കാട്ടുപൂക്കൾ' എന്നു പേരിട്ടിരിക്കുന്ന ഈ നോവൽഖണ്ഡം ഇങ്ങനെയാണവസാനിക്കുന്നത്-:

"പിറ്റേന്ന് തലക്കുന്നു കയറിയപ്പോൾ ചന്ദ്രൻ ഇല്ലിക്കാട്ടിലേക്കു നോക്കി. ഇല്ലിക്കാട് അഴിഞ്ഞുലഞ്ഞിരുന്നു. കാട്ടുപൂക്കൾ എവിടെയുമുണ്ടായിരുന്നില്ല.' പ്രഹേളികാസൗന്ദര്യമുള്ള കാവ്യാത്മകതയുടെ മുഹൂർത്തമാണിത്. തിന്മയാൽ ദത്തെടുക്കപ്പെട്ടവനായിരുന്നു ചന്ദ്രൻ; അയാളിലെ അകളങ്കിതസ്വത്വത്തിന്റെ മാഞ്ഞുപോകലിനോടൊപ്പമായിരുന്നോ, തിന്മയുടെ മന്ത്രവാദത്താലെന്നോണം, മനോഹരമായ ആ നീലിച്ച കാട്ടുപൂക്കളും തിരോഭവിച്ചത്? ധ്വന്യാത്മകതയാൽ കവിത സൃഷ്ടിക്കുകയും അതിനെ മനുഷ്യാവസ്ഥയെക്കുറിച്ചുള്ള ആരായലിന്റെ സന്ദിഗ്ദ്ധതകൊണ്ട് അലങ്കരിക്കുകയും ചെയ്യുന്നു ഇത്തരം നോവൽസന്ദർഭങ്ങൾ.


പൂരമാലയിലെ പതിനെട്ടു നിറങ്ങൾ, ഇതിഹാസഭാവനയിലെ പതിനെട്ടു പർവങ്ങളുമായി കണ്ണി ചേർന്നുകൊണ്ടു സൃഷ്ടിക്കുന്ന അധികമാനവും "മരണവംശ'ത്തിനുണ്ട്. പകയും പ്രതികാരവും നാശവും കൊണ്ടു നെയ്‌ത മഹാഭാരതാഖ്യാനത്തെ ഒരു കാസർകോടൻ പ്രാദേശികാഖ്യാന (regional fiction)മായി മാറ്റിയെഴുതുകയാണ് നോവലിസ്റ്റ്. ഒപ്പം, ഇതിഹാസത്തിൽനിന്നു സ്വായത്തമായ ഉപാഖ്യാനസമൃദ്ധിയുടെ ആഖ്യാനതന്ത്രവും അയാൾ അവലംബിക്കുന്നു. ഒരു കഥയല്ല, ഒരുപാട് കഥകളുടെയും കഥാപാത്രങ്ങളുടെയും തൂർമയാണ് "മരണവംശം.' പ്രധാനകഥാപാത്രങ്ങളായ ഭാസ്‌കരനും ചന്ദ്രനും നളിനിയും ആഖ്യാനത്തിൽ പ്രവേശിക്കുന്നതിനു മുമ്പുതന്നെ അരങ്ങൊഴിഞ്ഞവരും അല്ലാത്തവരുമായ നിരവധി കഥാപാത്രങ്ങളെ നോവലിന്റെ ആദ്യാധ്യായങ്ങളിൽ നമ്മൾ കാണുന്നു (മൂന്നാം നിറത്തിലാണ് ഈ മൂവരുടെയും കടന്നുവരവ്). കൊരമ്പയും കൊട്ടനും കൃഷ്‌ണനും കോമനും നാരായണനുമൊക്കെയുണ്ട് അക്കൂട്ടത്തിൽ (കോമൻമാർ തന്നെ രണ്ടു പേരുണ്ട്; കള്ളൻ കുഞ്ഞിക്കോമനും കുഞ്ഞമ്മാറിന്റെ ഭർത്താവായിരുന്ന കോമനും). തങ്ങളുടേതു മാത്രമായ സ്വഭാവമുദ്രകളിലൂടെയും അനുഭവരാശികളിലൂടെയും അവരെ പരസ്‌പരം വ്യാവർത്തിപ്പിക്കാനും അവിസ്‌മരണീയരാക്കാനും നോവലിസ്റ്റിനു സാധിക്കുന്നു.

പൂരക്കളിപൂരക്കളി

വൈചിത്ര്യങ്ങളുടെ ആകരമാണ് "മരണവംശ'ത്തിൽ നമ്മൾ കണ്ടുമുട്ടുന്ന ഓരോ കഥാപാത്രവും; മനുഷ്യാവസ്ഥയുടെ ദീനവും സങ്കീർണവും ഹ്ലാദ-വിഷാദസങ്കുലവുമായ നാടകത്തിൽ തങ്ങളുടെ വേഷം അഭിനയിച്ചു തീർക്കുന്നവർ. അവരിൽച്ചിലർ, കൊരമ്പയെപ്പോലെ, ആർക്കും വേണ്ടാത്ത ദൈവരൂപങ്ങൾ കൊത്തുന്നു. ചമിണിയനെപ്പോലെ ചിലർ തോക്കുകളുണ്ടാക്കുന്നു. കൊട്ടനെയും വെള്ളുങ്ങനെയും പോലുള്ളവർ അതുപയോഗിച്ച്‌ നായാടുകയോ ഒടുവിൽ സ്വന്തം പ്രാണനു നേരേ തിരിച്ചുപിടിക്കുകയോ ചെയ്യുന്നു. പരസ്‌പരം പകയുടെ തീ തുപ്പുന്ന ആയുധമായിരുന്നു ഭാസ്‌കരനും ചന്ദ്രനും അത്. തോക്ക്, ഭാസ്‌കരന്റെ ജീവിതത്തിലേക്ക്‌ പ്രവേശിച്ചതിന്റെ വിശദമായ വിവരണങ്ങൾ തന്നെ നോവലിലുണ്ട്; അവന്റെ ജീവിതത്തിലേക്കുള്ള ഹിംസയുടെ തിരനോട്ടമായിരുന്നു അത് എന്ന അധികാർഥദീപ്തിയോടെ. കൊട്ടന്റെയും കുഞ്ഞമ്മാറിന്റെയും പോരുകോഴികളെക്കുറിച്ചുള്ള ആഖ്യാനവും അത്തരത്തിലൊന്നാണ്. അർജുനന്റെ മകനായ ഇരാവാന്റെ ദുർമരണത്തിൽ നിന്നാണ് പോരുകോഴികളുടെ പിറവി എന്ന കൽപ്പനയാൽ സ്ഥാപിക്കപ്പെടുന്ന ഇതിഹാസബന്ധത്തിലൂടെ അതിന്റെ വ്യാപ്തി വർധിപ്പിക്കുന്നുമുണ്ട് നോവലിസ്റ്റ്. ഇത്തരത്തിൽ ധ്വനിസുഭഗമായ ആഖ്യാനസന്ദർഭങ്ങൾ നോവലിൽ വേറെയുമുണ്ട്; ചന്ദ്രന്റെ സഹോദരനായ അരവിന്ദൻ കൂട്ടിലിട്ട്‌ വളർത്തുന്ന കിടിയ-പരുന്തിനെക്കുറിച്ചുള്ള പരാമർശങ്ങൾ എന്നപോലെ.

അമ്പതുകൾ തൊട്ടുള്ള കേരള രാഷ്‌ട്രീയത്തിലെയും ഇന്ത്യൻ രാഷ്‌ട്രീയത്തിലെയും നിർണായകസന്ധികളെ കഥാഗതിയുമായി ചേർത്തു നെയ്യുന്ന ഘടനയാണ് നോവലിന്റേത്. മാന്ത്രികനായി ഏർക്കാനയിലേക്കും സതിയുടെ ജീവിതത്തിലേക്കും പ്രവേശിക്കുന്ന ജനനെ അടിയന്തരാവസ്ഥയും കോമൻനായരുടെ കുടിലതയും ചേർന്ന് എന്നേക്കുമായി മായ്ച്ചുകളഞ്ഞതായി നമ്മൾ നോവലിൽ വായിക്കുന്നു.

പി വി ഷാജികുമാർ പി വി ഷാജികുമാർ

"ഇന്ദിരാഗാന്ധീന മായ്ച്ചുകളയുന്ന ഇന്ദ്രജാലം കാണിച്ചതിനാ ഓനെ അറസ്റ്റു ചെയ്‌തത്' എന്നതുപോലുള്ള ഗ്രാമീണമായ കിംവദന്തികളിൽ അക്കാലത്തിന്റെ രാഷ്‌ട്രീയവും അതിന്റെ കരാളതയുമത്രയും ഒരു നേർത്ത ഫലിതത്തിന്റെ കനക്കുറവോടെ സംഗ്രഹിക്കുന്നുമുണ്ട് നോവലിസ്റ്റ്. കോമൻ നായരുടെ വലതുപക്ഷരാഷ്‌ട്രീയം ചന്ദ്രനെയും മേലത്തിൽ ഭാസ്‌കരന്റെ ഇടതുപക്ഷരാഷ്‌ട്രീയം ഭാസ്‌കരനെയും തങ്ങളുടെ കൂടെക്കൂട്ടുന്നതോടെ വ്യക്തികൾ തമ്മിലുള്ള പോരിൽ രാഷ്‌ട്രീയം കലരുന്നതും രാഷ്‌ട്രീയം ഹിംസയുടെ രാഷ്‌ട്രീയമായി മാറുന്നതും അതിന്റെ ദാരുണമായ ഗർഹണീയതയോടെ പ്രത്യക്ഷപ്പെടുന്നുണ്ട് നോവലിൽ. തിന്മയുടെ മൂർത്തിയാണ് നോവലിലെ കോമൻ നായർ എന്ന കഥാപാത്രം; അയാളുടെ പാപവാസനകളുടെയും അതിൽ ആഹുതി ചെയ്യപ്പെട്ട മനുഷ്യരുടെയുംകൂടി കഥയാകുന്നു "മരണവംശം.' സ്‌ത്രീജീവിതത്തിന്റെ ദൈന്യവും ഇരപ്പെടലും നിസ്സഹായതയും അവരുടെ കാമനകളുടെ സ്വാതന്ത്ര്യപ്രഖ്യാപനങ്ങളെന്ന പോലെ, നോവലിലെ പ്രധാനപ്പെട്ട ഒരു പ്രമേയധാരയാകുന്നു. ചത്തും കൊന്നും ഒടുങ്ങുന്ന മനുഷ്യപരമ്പയാണ് "മരണവംശ'ത്തിലേത്. അതിനാൽ മരണവംശമെന്നത് ഒരു മനുഷ്യനിർവചനം കൂടിയായി മാറുന്നു.


അടിസ്ഥാനപരമായി ഒരു "മരണവംശ'മാണല്ലോ മനുഷ്യവംശം! അതിൽ രതിവാസന (eros)യും മൃത്യുന്മുഖത (thanatos)യും പരസ്‌പരം പോരടിച്ചു നിൽക്കുന്നു. രതിയുടെയും ജീവിതത്തിന്റെയും പ്രണയത്തിന്റെയും ഉണർത്തുപാട്ടായ പൂരമാലയുടെ ഗദ്യപല്ലവികൾ ആലപിച്ചുകൊണ്ട് ഈ പോരിൽ മനുഷ്യനോടും അവന്റെ കാമനകളുടെ ചൈതന്യത്തോടും ചേർന്നുനിൽക്കുകയാണ് "മരണവംശം' എഴുതിയ നോവലിസ്റ്റ്. ചെറുപ്പക്കാരനായ എഴുത്തുകാരന്റെ ആദ്യനോവൽ എന്ന നിലയിലും "പൾപ്പ് ഫിക്ഷ'നിലേക്ക്‌ ചായുന്ന മലയാളനോവലിന്റെ ദിശാസൂചികളെ വീണ്ടും നേർവഴിക്കു നയിക്കാനുള്ള മികച്ച സർഗാത്മകപരിശ്രമമെന്ന നിലയിലും ആഴത്തിലുള്ള വായനകളും ചർച്ചകളും ആവശ്യപ്പെടുന്നുണ്ട് "മരണവംശം' എന്ന പുതുനോവൽ .



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home