യുപിയിൽ പുലിയുടെ ആക്രമണത്തിൽ ഏഴുവയസുകാരന് ദാരുണാന്ത്യം: ഈ വർഷത്തെ ഏഴാമത്തെ മരണം; പ്രതിഷേധവുമായി നാട്ടുകാർ

പ്രതീകാത്മകചിത്രം
ലഖിംപുർ ഖേരി : ഉത്തർപ്രദേശിലെ മനുഷ്യ- വന്യജീവി സംഘർഷം രൂക്ഷമായ ദുധ്‌വ ബഫർ സോണിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ കുട്ടി കൊല്ലപ്പെട്ടു. ഈ വർഷത്തെ ഏഴാമത്തെ സംഭവമാണിതെന്ന് പ്രദേശവാസികൾ പറഞ്ഞു. ധൗരാഹ്ര വനമേഖലയിലാണ് പുലിയുടെ ആക്രമണത്തിൽ ഏഴുവയസുകാരൻ ശുഭം കൊല്ലപ്പെട്ടത്. ഇസനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ലാൽജിപൂർവ ഗ്രാമത്തിൽ ഞായറാഴ്ച വൈകുന്നേരം കൃഷിയിടം നനയ്ക്കാൻ അച്ഛനൊപ്പം പോകുന്നതിനിടെയാണ് കുട്ടിയെ പുള്ളിപ്പുലി ആക്രമിച്ചത്.
കൃഷിയിടത്തിന് സമീപത്തുള്ള കാട്ടിൽ നിന്ന് ചാടിവന്ന പുള്ളിപ്പുലി കുട്ടിയെ കടിച്ചുകീറി. പിതാവും മറ്റ് ഗ്രാമവാസികളും ബഹളം വെച്ചതിനെത്തുടർന്ന് പുള്ളിപ്പുലി ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ശുഭമിനെ ഖമാരിയ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും മരിച്ചു. പുള്ളിപ്പുലിയെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനുമായി കൂടുകളും ക്യാമറകളും സജ്ജീകരിച്ചെന്നും പ്രത്യേക സംഘങ്ങളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്നും ദുധ്വ ബഫർ സോൺ ഡെപ്യൂട്ടി ഡയറക്ടർ കീർത്തി ചൗധരി പറഞ്ഞു.
ഇതോടെ ദുധ്വ ബഫർ സോണിൽ ഈ വർഷം പുലിയുടെ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി ഉയർന്നു. ഇതിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ആറ് മരണങ്ങളും കടുവയുടെ ആക്രമണത്തിൽ ഒരു മരണവും ഉൾപ്പെടുന്നു. ഈ കാലയളവിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ആറോളം പേർക്ക് പരിക്കേറ്റതായും ഉദ്യോഗസ്ഥർ പറഞ്ഞു.
വനം, റവന്യൂ ഉദ്യോഗസ്ഥർ ഗ്രാമം സന്ദർശിച്ചതായും സന്ധ്യാസമയത്തും രാത്രിയിലും ഒറ്റയ്ക്ക് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് താമസക്കാരോട് നിർദ്ദേശിച്ചതായും സബ് ഡിവിഷണൽ ഓഫീസർ (എസ്ഡിഒ) മനോജ് തിവാരി പറഞ്ഞു. സംഭവത്തെത്തുടർന്ന്, പുള്ളിപ്പുലിയെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് രോഷാകുലരായ ഗ്രാമവാസികൾ ലാജിപൂർവയ്ക്ക് സമീപമുള്ള ഖമാരിയ-ഇസനഗർ റോഡിൽ പ്രതിഷേധ പ്രകടനം നടത്തി.
ധൗരഹ്‌റ ഡെപ്യൂട്ടി എസ്‌പി (ധൗരഹ്‌റ) ഷംഷേർ ബഹാദൂർ സിംഗ്, ധൗരഹ്‌റ, ഖമാരിയ, ഇസനഗർ എന്നിവിടങ്ങളിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി. ധൗരഹ്‌റ ബിജെപി എംഎൽഎ വിനോദ് ശങ്കർ അവസ്തിയും ഗ്രാമം സന്ദർശിച്ചു. ഭരണകൂടത്തിന്റെയും തദ്ദേശ പ്രതിനിധികളുടെയും ഉറപ്പിനെത്തുടർന്ന് പ്രതിഷേധം പിൻവലിച്ചു. പിന്നീട് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.










0 comments