കവർസ്റ്റോറി
സുനിൽ ഗുപ്തയുടെ ഫോട്ടോഗ്രഫി

സുനിൽ ഗുപ്‌ത
ജയ തമ്പി, അർജുൻ രാമചന്ദ്രൻ
Published on Jun 08, 2026, 01:36 PM | 6 min read
1953-ൽ ന്യൂഡൽഹിയിൽ ജനിച്ച സുനിൽ ഗുപ്‌ത 1960-‐കളുടെ അവസാനത്തിൽ കൗമാരപ്രായത്തിൽ കാനഡയിലേക്ക് താമസം മാറി. മോൺട്രിയലിലെ കോൺകോർഡിയ യൂണിവേഴ്സിറ്റിയിൽ നിന്ന് കൊമേഴ്‌സിൽ ബിരുദം നേടിയശേഷം അദ്ദേഹം ന്യൂയോർക്കിലേക്ക് പോവുകയും അവിടെ ന്യൂ സ്‌കൂളിൽ ഫോട്ടോഗ്രഫി കോഴ്സിന് ചേരുകയും ചെയ്‌തു. തുടർന്ന് അദ്ദേഹം ബ്രിട്ടനിലെ സറേ ഫാർൺഹാമിലുള്ള വെസ്റ്റ് സറേ കോളേജ് ഓഫ് ആർട്ട് ആൻഡ് ഡിസൈനിൽ നിന്ന് ഡിപ്ലോമ (1981), ലണ്ടനിലെ റോയൽ കോളേജ് ഓഫ് ആർട്ടിൽ നിന്ന് എം എ (1983), ലണ്ടനിലെ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റ്മിൻസ്റ്ററിൽ നിന്ന് "ക്വിയർ മൈഗ്രേഷൻസ് ’(Queer Migrations) എന്ന വിഷയത്തിൽ പിഎച്ച്ഡി (2019) എന്നിവ നേടി. ഗുപ്ത ലണ്ടനിലാണ് താമസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത്. അദ്ദേഹം നിരവധി ഫോട്ടോബുക്കുകൾ നിർമിക്കുകയും ലോകമെമ്പാടും തന്റെ സൃഷ്ടികൾ പ്രദർശിപ്പിക്കുകയും ഒപ്പം ഒരു ക്യൂറേറ്റർ എന്ന നിലയിൽ ശ്രദ്ധ നേടുകയും ചെയ്‌തു.
സുനിൽ ഗുപ്ത
1890 ഡിസംബർ 15-ന് സാമുവൽ ഡി വാറൻ രണ്ടാമനും ലൂയിസ് ബ്രാൻഡൈസും ചേർന്ന് അവരുടെ സുപ്രധാനമായ "സ്വകാര്യതയ്‌ക്കുള്ള അവകാശം’ (The Right to Privacy) എന്ന ലേഖനം ഹാർവാർഡ് ലോ റിവ്യൂവിൽ പ്രസിദ്ധീകരിക്കുമ്പോൾ, അന്ന് ശൈശവാവസ്ഥയിലായിരുന്ന ഒരു മാധ്യമത്തിന്റെ ഭാവി തങ്ങളുടെ ഉൾക്കാഴ്‌ചകളിൽ എത്രത്തോളം പ്രവചിക്കപ്പെട്ടു എന്ന് മുൻകൂട്ടി കാണാൻ ഒരുപക്ഷെ അവർക്കുപോലും കഴിഞ്ഞിട്ടുണ്ടാവില്ല. സാങ്കേതിക മുന്നേറ്റങ്ങൾ, പ്രത്യേകിച്ച് "തൽക്ഷണ ഫോട്ടോഗ്രാഫി’ (instantaneous photography) വഴിയും ബഹുജന പ്രചാരമുള്ള പത്രങ്ങൾ വഴിയും സ്വകാര്യജീവിതത്തിലേക്ക് കടന്നുകയറാൻ സമാനതകളില്ലാത്ത അവസരങ്ങൾ സൃഷ്ടിച്ചു എന്നതായിരുന്നു അവരുടെ വാദം. ആഢ്യരും അഭിജാതരുമായവരുടെ വ്യക്തിജീവിതം, അവരുടെ വിവാഹങ്ങൾ, വിഖ്യാതരുടെ വിരുന്നുമേശകൾ എന്നിവയെക്കുറിച്ചായിരുന്നു വാറനും ബ്രാൻഡൈസിനും ആശങ്കയുണ്ടായിരുന്നത്. ഗോസിപ്പ് പ്രചരിപ്പിക്കുന്ന പത്രപ്രവർത്തകർ ഈ ആളുകൾക്കും പരിപാടികൾക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ട്, ഒരു വ്യക്തിയുടെ "സ്വകാര്യതയ്‌ക്കുള്ള അവകാശം’ നിയന്ത്രിക്കുന്ന നിയമപരമായ ചട്ടക്കൂട് സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് എത്തിച്ചു. അങ്ങനെ സ്വകാര്യതയ്‌ക്കുള്ള അവകാശം എന്ന ആശയം പിറവിയെടുത്തു.
സ്വകാര്യതയുടെ പ്രധാന നൈതികഘടകമായിരുന്നു "ഒറ്റയ്‌ക്ക് വിടാനുള്ള അവകാശത്തിന്റെ’ (Right to be let alone), അഥവാ ഒരു വ്യക്തിയുടെ വ്യക്തിത്വത്തെയും ചിത്രത്തെയും വാണിജ്യപരമായ ആവശ്യങ്ങൾക്ക് ദുരുപയോഗം ചെയ്യുന്നതിനെതിരെ നൽകുന്ന നിയമപരമായ സംരക്ഷണം. കമ്പോളത്തിനും ഒളിഞ്ഞുനോട്ടക്കാർക്കും ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്ക് കൈകടത്താൻ അവകാശമില്ലെന്ന് സ്ഥാപിക്കുന്ന ഈ നിയമം ഉണ്ടാകുന്നത് വരേണ്യരുടെ സ്വകാര്യത സംരക്ഷിക്കാൻ വേണ്ടിയായിരുന്നെങ്കിലും അതിന് ദൂരവ്യാപിയായ പ്രത്യാഘാതങ്ങളുണ്ടായി. അങ്ങനെ ഉരുത്തിരിഞ്ഞുവന്ന ഒരു സ്വാഭാവിക അനന്തരഫലമാണ് ഒരു വ്യക്തിയുടെ പ്രസിദ്ധീകരണാവകാശം (Right of Publicity). ഇത് സ്വകാര്യതയുടെ അവകാശത്തിൽ അന്തർലീനമായി കിടന്നിരുന്ന ഒരു വശത്തിന്റെ നിയമപരമായ പ്രകാശനമായിരുന്നു‐ ലളിതമായി പറഞ്ഞാൽ, ഈ അവകാശം ഒരു വ്യക്തിക്ക് സ്വന്തം ചിത്രത്തിന്മേലും വ്യക്തിത്വത്തിന്മേലും ഉടമസ്ഥാവകാശം നൽകുന്നു. അവയെ എങ്ങനെ, എവിടെ വിളംബരം ചെയ്യണമെന്ന തീരുമാനം ആ വ്യക്തിയുടേതാണ്. ദക്ഷിണ കൊറിയൻ നിയമം ഈ യുക്തിയെ അതിന്റെ ഏറ്റവും കർശനമായ തലത്തിൽ പരിഗണിക്കുന്നു: ഒരാളുടെ സമ്മതമില്ലാതെ അവരുടെ ചിത്രങ്ങൾ പകർത്താൻ അവിടെ അനുവാദമില്ല, അത് ഒരു പൊതുസ്ഥലത്താണെങ്കിൽ പോലും. അത്തരത്തിൽ സ്ട്രീറ്റ് ഫോട്ടോഗ്രഫിയുടെ ഒരു വലിയ ഭാഗം പ്രായോഗികമായി ഈ രാജ്യത്ത് നിരോധിതമാണ്.
ഫ്രണ്ട്‌സ് ആന്റ് ലവേഴ്‌സ് കമിങ് ഔട്ട്’ സീരീസിൽ നിന്ന് ഫോട്ടോ: സുനിൽ ഗുപ്‌ത
സ്വകാര്യമായ കാര്യങ്ങൾക്ക് നിയമപരമായ സംരക്ഷണം നൽകുന്നത് മറ്റൊരു വിഷയമാണ്. എന്നാൽ അതേസമയം പൊതുവായതിന്റെ പരമ്പരാഗതമായ സംരക്ഷണം തീർത്തും വ്യത്യസ്‌തമായ മറ്റൊന്നാണ്. ചരിത്രത്തിലുടനീളം, വാറനെയും ബ്രാൻഡൈസിനെയും അലട്ടിയിരുന്ന പ്രശ്‌നത്തിന് നേർവിപരീതം അനുഭവിച്ച ചില വിഭാഗങ്ങളുണ്ടായിരുന്നു: അവരുടെ കാര്യങ്ങളിൽ പൊതുമണ്ഡലത്തിന് ഉണ്ടായിരുന്നത് തികഞ്ഞ താൽപ്പര്യമില്ലായ്‌മയാണ്. പൊതുമണ്ഡലത്തിൽ നിന്നുള്ള ഒരുതരം രഹസ്യമായ ഭ്രഷ്ടിന്റെ (excommunication) ബാധ അവരെ പിന്തുടർന്നു. പൊതുമണ്ഡലത്തിൽ നിന്ന് സ്വകാര്യതയിലേക്കൊരു നാടുകടത്തലാണ് അവർക്ക് സംഭവിച്ചത്. അവരിൽ പലരും സമൂഹത്തിന് നിരുപദ്രവകാരികളായിരുന്നു. ഈ ഭ്രഷ്ട് കൽപ്പിക്കപ്പെട്ട വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം, ചോദ്യം അവരുടെ പൊതുമണ്ഡലത്തിലുള്ള വിളംബരാവകാശത്തെക്കുറിച്ചായിരുന്നു.
1970-‐കളിൽ, സുനിൽ ഗുപ്ത എന്ന യുവ ഇന്ത്യൻ ഫോട്ടോഗ്രാഫർ ഈ അവകാശം പ്രയോഗിച്ചുകൊണ്ട് മോൺട്രിയലിലെ തെരുവുകളിലിറങ്ങി. ആ കാലത്തുതന്നെയാണ് താൻ ഒരു സ്വവർഗാനുരാഗിയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞതും ഒപ്പം തന്നെപ്പോലെ നിരവധി ആളുകൾ എല്ലായിടത്തും ഉണ്ടെന്നും അദ്ദേഹം കണ്ടെത്തിയതും. പിന്നീട്, ന്യൂയോർക്കിൽ ക്വിയർ സംസ്‌കാരത്തിന്റെ ചരിത്രപരമായ കേന്ദ്രമായ ക്രിസ്റ്റഫർ സ്ട്രീറ്റ് (Christopher Street) അദ്ദേഹം പര്യവേക്ഷണം ചെയ്‌തു. എന്നാൽ ലണ്ടനിലെത്തിയപ്പോൾ ഒരു ഞെട്ടിക്കുന്ന അനുഭവം അദ്ദേഹത്തെ കാത്തിരുന്നു. ആ നഗരമാകെ ശ്വാസംമുട്ടിക്കുന്ന ഒന്നായി അനുഭവപ്പെട്ടു. "സ്വവർഗാനുരാഗികളെല്ലാം ഒളിവിലായിരുന്ന പോലെയായിരുന്നു അവിടം’, എന്നദ്ദേഹം പറയുന്നു.
അതിനിടെ, ന്യൂയോർക്കിൽ ആയിരിക്കുമ്പോൾ സുനിൽ ഗുപ്ത ഫോട്ടോഗ്രഫി പഠിച്ചിരുന്നു. അദ്ദേഹത്തിന്റെ കൃതികൾ കൈകാര്യം ചെയ്യുന്ന വിഷയങ്ങളിൽ ഒരു ഒതുക്കം കൈവരിച്ചിരുന്നെങ്കിലും രൂപത്തിലും ഘടനയിലും അവ ഒരുതരം അയഞ്ഞഭാവം പുലർത്തിയിരുന്നു. ഓരോ ഫോട്ടോയുടെ ഫ്രെയിമിങ്ങും ഒരു ചട്ടലംഘനം പോലെയായിരുന്നു, ഒന്നുകിൽ വല്ലാതെ അടുപ്പിച്ച് അല്ലെങ്കിൽ വല്ലാതെ വിശാലമായി ക്രോപ് ചെയ്യപ്പെട്ട ചിത്രങ്ങൾ. ഹൊറൈസൺ ചെരിഞ്ഞിരിക്കാം. ആർട്ട് ഗാലറിയിൽ പ്രദർശിപ്പിക്കാൻ പാകമായവയാണെങ്കിൽ പോലും ഈ ചിത്രങ്ങൾ എല്ലാംതന്നെ ഒരു ഫാമിലി ആൽബത്തിലും കാണാൻ കഴിയുന്നവയാണ്.
ഫാമിലി ആൽബം ‐ ആ ആശയം സുനിൽ ഗുപ്തയുടെ കൃതികളെക്കുറിച്ച് വളരെയധികം കാര്യങ്ങൾ വിശദീകരിക്കുന്നു. സ്വയം സ്വവർഗാനുരാഗിയാണെന്ന് വെളിപ്പെടുത്തിയതോടെ അദ്ദേഹം പരമ്പരാഗത കുടുംബത്തിൽനിന്ന് അകലുകയും ഒപ്പം പുതിയൊരു കുടുംബത്തിലേക്ക് പ്രവേശിക്കുകയും ചെയ്‌തു. ക്വിയറുകളുടെ ഈ ‘കുടുംബത്തിൽ' വ്യത്യസ്‌തമായ ബന്ധങ്ങളാണ് ഉണ്ടായിരുന്നത്: അതിൽ സുഹൃത്തുക്കൾ, പ്രണയിതാക്കൾ, അവരുടെ വീടുകൾ, ഏതെങ്കിലും തരത്തിലുള്ള സ്വതന്ത്ര കൂട്ടായ്‌മകൾ എന്നിവയെല്ലാം ഉൾപ്പെടുന്നു. അവരെല്ലാവരും ഗുപ്തയുടേതിന് സമാനമായ ഒരു പാതയിലൂടെയാണ് കടന്നുപോയത്: സ്വയം വെളിപ്പെടുത്തുന്നതിലൂടെ അവർ ലോകത്തിന്റെ ഒരുവശത്തുനിന്ന് മറുവശത്തേക്ക് വലിച്ചെറിയപ്പെട്ടു. എന്നാൽ ഗുപ്തയ്‌ക്ക് ഒരുതരത്തിൽ വിപരീത അനുഭവമായിരുന്നു: കുടിയേറ്റം കാരണം ലോകത്തിന്റെ ഒരറ്റത്തുനിന്ന് മറ്റൊരറ്റത്തേക്ക് വലിച്ചെറിയപ്പെട്ടതിനാലാണ് അദ്ദേഹത്തിന് സ്വയം വെളിപ്പെടുത്താൻ സാധിച്ചത്.
‘ലവേഴ്‌സ്: ടെൻ ഇയേഴ്സ് ഓൺ...’ ഫോട്ടോ: സുനിൽ ഗുപ്‌ത
ഈ പുതിയ കുടുംബം ഗുപ്തയുടെ കൃതികളിൽ ആവർത്തിച്ചുവരുന്ന ഒരു പ്രമേയമായി നിലനിൽക്കുന്നു. അത്തരത്തിലെ സീരീസുകളിൽ ഒന്നാണ് ‘ഫ്രണ്ട്സ് ആൻഡ് ലവേഴ്‌സ് കമിങ് ഔട്ട്' (Friends and Lovers Coming Out). സഹോദരന്മാരും അമ്മാവന്മാരും, സഹോദരിമാരും അമ്മായിമാരും ഈ ഉല്ലാസവാനായ യുവാവിന്റെ ഉത്സാഹഭരിതമായ ക്യാമറയ്‌ക്ക് വേണ്ടി പോസ് ചെയ്യുന്ന, മുൻകൂട്ടി ആസൂത്രണം ചെയ്യാത്തതും ആകസ്മികമെന്ന് തോന്നുന്നതുമായ ഈ ഷോട്ടുകളിൽ നിർവ്യാജമാം വിധം ‘ഗേ' സ്വഭാവം വ്യക്തമാണ്. ‘ഗേ' എന്ന ഇംഗ്ലീഷ് വാക്കിന് സ്വവർഗാനുരാഗം എന്നതിനോടൊപ്പം ആമോദം എന്ന അർഥവുമുണ്ട്.
കാലക്രമേണ, സുനിൽ ഗുപ്ത ക്യാമറയോട് ഒരു കുട്ടിയുടേതിന് സമാനമായ സമീപനം വികസിപ്പിച്ചെടുക്കുകയോ അല്ലെങ്കിൽ അങ്ങനൊന്ന് കണ്ടെത്തുകയോ ചെയ്‌തതായി തോന്നുന്നു. ലോകത്തെക്കുറിച്ചുള്ള കൗതുകത്താൽ നയിക്കപ്പെട്ട്, തനിക്ക് പൂർണമായി മനസ്സിലാകാത്ത കാര്യങ്ങൾ സൂക്ഷ്മമായി പരിശോധിക്കാൻ അദ്ദേഹം ക്യാമറ ഉപയോഗിച്ചു. ഈ പരിമിതമായ അർഥത്തിൽ, ക്യാമറ അദ്ദേഹത്തിന് പേനയ്‌ക്കും പെയിന്റ് ബ്രഷിനും സമാന്തരമായി നിലകൊള്ളുന്നതിനുപകരം, മൈക്രോസ്‌കോപ്പിന്റെയോ ടെലിസ്‌കോപ്പിന്റെയോ തലത്തിലാണ് നിലനിൽക്കുന്നത്. അങ്ങനെയാണ് ‘ലവേഴ്‌സ്: ടെൻ ഇയേഴ്സ് ഓൺ' (Lovers: Ten Years On) എന്ന പരമ്പര ചിത്രീകരിച്ചിരിക്കുന്നത്. സ്വന്തം വേർപിരിയൽ മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെ, ദീർഘകാലമായി ഒരുമിച്ചുകഴിയുന്ന സ്വവർഗാനുരാഗികളായ ദമ്പതികളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി ചെയ്‌ത ഒരു പരമ്പരയാണത്.
"പിന്നീട്, ഈ വിഭാഗം ആളുകളെ എയ്ഡ്‌സ് ശക്തമായി ബാധിച്ചു’, ഗുപ്ത എഴുതുന്നു. ഗുപ്തയ്‌ക്ക് തന്നെ എച്ച്ഐവി രോഗബാധ സ്ഥിരീകരിച്ചു. രോഗത്തെക്കുറിച്ച് ഭയപ്പെടുത്തുന്ന അജ്ഞത നിലനിന്നിരുന്ന കാലഘട്ടമായിരുന്നു അത്. അടുത്ത ആളുകളെ ഈ വാർത്ത അറിയിക്കുന്നത് പ്രയാസകരമായിരുന്നു; രോഗവിവരം അറിഞ്ഞയുടൻ ഉപേക്ഷിച്ചത് അദ്ദേഹത്തിന്റെ പ്രണയിതാവായിരുന്നു. ഈ പുതിയ കുടുംബത്തിനും അതിന്റേതായ പിരിമുറുക്കങ്ങൾ, ബലഹീനതകൾ, അപകടാവസ്ഥകൾ, സ്വാർഥത എന്നിവ ഉണ്ടായിരുന്നു; അത് ഒരു ആദർശപരമായ കുടുംബമായിരുന്നില്ല, വ്യത്യസ്‌തമായിരുന്നു എന്നേയുള്ളൂ. ചിത്രങ്ങൾക്ക് പിറകെ ചിത്രങ്ങളിലായി, നമുക്ക് ഈ കുടുംബത്തിന്റെ നിയമങ്ങൾ ജീവൻ വച്ചതായി കാണാം; അടുപ്പത്തിന്റെയും ലൈംഗികതയുടെയും നിമിഷങ്ങൾ മുതൽ, ആരവമുയർത്തുന്നതും വർണാഭമായതുമായ ഉത്സവാഘോഷ സ്വഭാവം വരെ.
ഒരു കുടുംബ ആൽബത്തിന് അനുയോജ്യമായ രീതിയിൽ, സുനിൽ ഗുപ്തയുടെ കൃതികൾ പോർട്രെയ്റ്റുകളാൽ നിറഞ്ഞതാണ്. ചിത്രം ഒരു പോർട്രെയ്റ്റ് അല്ലെങ്കിൽപ്പോലും, ആ രംഗത്തേക്ക് നോക്കുന്ന ഗുപ്തയുടെ കണ്ണുകളെക്കുറിച്ച് കാഴ്‌ചക്കാരന് കൃത്യമായ ബോധ്യമുണ്ടാകും. സ്വാഭാവികതയെ തടസ്സപ്പെടുത്താത്തവിധം നിരീക്ഷിക്കാനോ (fly on the wall effect) അല്ലെങ്കിൽ നിസ്സംഗമായ ഒരു നോട്ടം (gaze) സൃഷ്ടിക്കാനോ അദ്ദേഹം ശ്രമിക്കുന്നില്ല. ചില പോർട്രെയ്റ്റുകളിൽ, മുഷിപ്പിക്കുന്ന ഒരു ദുർഗ്രാഹ്യത കാണാം. ക്യാമറയ്‌ക്കും ഫോട്ടോഗ്രാഫർക്കും പിടികൊടുക്കാതെ തുടരുന്ന ഒരാളുടെ ആന്തരിക ലോകത്തെ പകർത്താൻ ശ്രമിക്കുന്നതിന്റെ ഫലമാകാം അത്. ‘ലവ്, അൺഡിറ്റക്റ്റബിൾ’ (Love, Undetectable) "ചികിത്സയില്ലാത്ത വൈറസിനോട് പോരാടുന്ന തന്റെ സ്‌നേഹമില്ലാത്ത ജീവിതത്തെക്കുറിച്ചുള്ള’ ഒരു ആത്മപരിശോധനയായി ചിത്രീകരിച്ച ഒരു പരമ്പരയാണ്. ഗുപ്ത തന്റെ ചിന്തകളെ ചിത്രങ്ങളിലേക്ക് പകർത്താൻ പാടുപെടുന്നതുപോലെ അതിന്റെ ഘടനയിൽ സംഘർഷത്തിന്റെ സൂചനകൾ പ്രതിഫലിക്കുന്നു.
ഗുപ്തയുടെ കുടുംബം അദ്ദേഹത്തെ സ്വീകരിച്ചില്ല എന്നത് അതിശയകരമല്ല; താൻ ജനിച്ച കുടുംബത്തിൽ നിന്നുള്ള ഒറ്റപ്പെടലിൽ ഗുപ്തയ്‌ക്ക് തന്നെ അത്ഭുതമുണ്ടായിരുന്നോ എന്ന് സംശയമാണ്. 1980-‐കളിൽ പോലും, "സാംസ്‌കാരിക ലോകത്ത് ഒരു ഗേ ഇന്ത്യൻ പുരുഷൻ ഉണ്ടായിരുന്നില്ല’ എന്ന് ഗുപ്ത പറയുന്നു. പാശ്ചാത്യ ലോകത്ത് ക്വിയർ സംസ്‌കാരം ശബ്ദമുയർത്താൻ തുടങ്ങിയിരുന്നു. എന്നാൽ പൊതുമണ്ഡലം ഇപ്പോഴും സ്വവർഗസാമൂഹികതയിൽ (Homosocial) ഒതുങ്ങിയിരുന്നു. ഈവ് കോസോഫ്‌സ്‌കി സെഡ്‌ജ്‌വിക് (Eve Kosofsky Sedgwick) പ്രചരിപ്പിച്ച ഈ ആശയം, സ്വവർഗ ലൈംഗിക ബന്ധങ്ങളോടുള്ള വെറുപ്പോടെയുള്ള ഏകപക്ഷീയ സ്വവർഗ സൗഹൃദങ്ങളുടെ ആധിപത്യത്തെ സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ സ്വവർഗസാമൂഹികത എന്നത് സ്വവർഗലൈംഗികതയ്‌ക്ക് വിപരീതമായിരുന്നു. മാത്രമല്ല, രണ്ടാമത്തേത് പൊതുമണ്ഡലത്തിൽനിന്ന് ബഹിഷ്‌കരിക്കപ്പെടുകകൂടി ചെയ്‌തു. ചില സന്ദർഭങ്ങളിൽ അത് വളരെ വ്യക്തമായിരുന്നു: സ്വയം വിളംബരം ചെയ്യാനുള്ള സ്വവർഗാനുരാഗികളുടെ അവകാശം മാർഗരറ്റ് താച്ചറുടെ കൺസർവേറ്റീവ് സർക്കാർ ബ്രിട്ടനിൽ നിയമവിരുദ്ധമാക്കി. ക്വിയർ സംസ്‌കാരത്തിന് ഇത് ഒരു വെല്ലുവിളിയായിരുന്നു, എങ്കിലും വൈകാതെ ആ വെല്ലുവിളിയെ മറികടന്നു ഒന്നര പതിറ്റാണ്ടിന് ശേഷം ഈ നിയമം റദ്ദാക്കപ്പെട്ടു.
വിദ്യാസമ്പന്നരും ഊർജസ്വലരുമായ ആളുകൾക്കിടയിൽ ക്വിയർ സമൂഹം ഇടപഴകുന്നതിനിടയിൽ വ്യാപിച്ചുകിടന്നിരുന്ന പ്രതിഷേധ സംസ്‌കാരം സുനിൽ ഗുപ്തയെ ആഴത്തിൽ സ്വാധീനിച്ചു. എങ്കിലും അദ്ദേഹത്തിന്റെ സൃഷ്ടികൾ ഈ സാമൂഹിക- വ്യക്തിപരമായ അന്വേഷണത്തിൽ മാത്രം ഒതുങ്ങിനിന്നില്ല. ഈ കാലയളവിലുടനീളം, അദ്ദേഹം കമീഷൻ ചെയ്‌ത പ്രൊജക്‌റ്റുകൾ വിവിധ വിഷയങ്ങൾ സജീവമായും ധാരാളമായും ഏറ്റെടുത്തിരുന്നു. വാണിജ്യപരമായ ഫോട്ടോഗ്രഫിയുമായി ബന്ധപ്പെട്ട ക്രമരാഹിത്യവും അനിശ്ചിതത്വവും ഉണ്ടായിരുന്നിട്ടും, കണ്ടെത്താൻ കഴിയുന്ന എല്ലാ ഇടങ്ങളിലും കുടുംബം എന്ന ആശയം ഒരു ചരടുപോലെ തിളങ്ങി നിന്നു. കുടുംബം എന്ന ആശയത്തിന്റെ ഈ വിപുലീകരണം, അതിരുകളില്ലാതെ ദക്ഷിണേഷ്യൻ ഫോട്ടോഗ്രഫിയെ ഒരുമിച്ച് കൊണ്ടുവരാൻ ഗുപ്ത ഏറ്റെടുത്ത ഒരു ക്യൂറേറ്റോറിയൽ പ്രൊജക്റ്റിലും ഉൾക്കൊണ്ടിരുന്നു എന്ന് പറയാൻ ഞാൻ ധൈര്യപ്പെടുന്നു.
"ആദ്യത്തെ യഥാർഥ വിപ്ലവകരമായ പുനരുൽപ്പാദനോപാധി’യായ ഫോട്ടോഗ്രഫി ആധുനിക സോഷ്യലിസത്തിനൊപ്പമാണ് ചരിത്രവേദിയിൽ എത്തിയത് എന്ന് വാൾട്ടർ ബെഞ്ചമിൻ നിരീക്ഷിക്കുന്നുണ്ട്. പിന്നീടുണ്ടായ ഫോട്ടോഗ്രഫി ഉപകരണങ്ങളുടെ വ്യാവസായിക ഉൽപ്പാദനവും അതുവഴി ഉപഭോക്തൃ വിപണിയിൽ അതിന്റെ ലഭ്യതയും സ്വവർഗസാമൂഹികതയുടെ തളർച്ചയും ഒന്നിച്ചായിരുന്നു. ഒരു തത്വചിന്തകന്റെ മനസ്സ് ഈ ബന്ധത്തെ അനിവാര്യമായ ഒന്നായി കണക്കാക്കിയേക്കാം. എന്നാൽ ഇത് യഥാർഥത്തിൽ കലാകാരന്മാരുടെ കഠിനാധ്വാനത്തിന്റെ ഫലമായിരുന്നു. അമേരിക്കൻ മാസികയായ ‘ദി ന്യൂയോർക്കറി'ന് നൽകിയ അഭിമുഖത്തിൽ ഗുപ്ത, തന്റെയും തന്റെ സമകാലികരുടെയും തിരിച്ചറിവിനെ രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ്, "എല്ലാം ഫോട്ടോഗ്രാഫ് ചെയ്യപ്പെടേണ്ടതുണ്ട്, അത് ചെയ്യാൻ പോകുന്ന തലമുറ ഞങ്ങളായിരുന്നു.’
ഈ അനുഭവങ്ങളുടെ പ്രക്ഷുബ്ധത സുനിൽ ഗുപ്തയുമായി സംസാരിക്കുമ്പോൾ പ്രകടമല്ല. എങ്കിലും അദ്ദേഹത്തിന്റെ ആത്മവിശ്വാസം നിറഞ്ഞ ശാന്തത ജീവിതാനുഭവങ്ങളിൽനിന്ന് മുളയെടുക്കുന്നതാണെന്ന് പറയാൻ കഴിയും.










0 comments