ad
Deshabhimani

ചെറുകിട ആണവ റിയാക്ടർ യാഥാര്‍ത്ഥ്യമാക്കി അമേരിക്ക, ദുരന്ത ബാധ്യതയില്ലാതെ വിപണി തുറന്നു നൽകി നരേന്ദ്ര മോദി സര്‍ക്കാര്‍

micro

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 08, 2026, 02:18 PM | 4 min read

വാഷിംഗ്ടൺ/ന്യൂഡൽഹി: ആഗോള ആണവോർജ്ജ രംഗത്ത് പുതിയ ചുവട് വെച്ച് അമേരിക്ക. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വിപണി ലക്ഷ്യമാക്കി സ്വകാര്യ കമ്പനി വികസിപ്പിച്ച ചെറുകിട ആണവ റിയാക്ടർ വിജയകരമായി പ്രവർത്തനസജ്ജമായി. 'അൻ്റാരസ് ന്യൂക്ലിയർ' എന്ന സ്വകാര്യ കമ്പനി നിർമ്മിച്ച 'മാർക്ക്-0' എന്ന ഡെമോൺസ്ട്രേഷൻ റിയാക്ടറാണ് ക്രിട്ടിക്കൽ ഘട്ടം കടന്നത്. നിശ്ചിത സമയത്തിനും ഒരു മാസം മുൻപേ, ജൂൺ 4-ഓടെ 'ഫസ്റ്റ് ക്രിട്ടിക്കാലിറ്റി' കൈവരിച്ചതായി കമ്പനി അറിയിച്ചു.


ചെറുകിട റിയാക്ടറുകൾ വിപണിയിൽ എത്തിക്കുന്നതിന്റെ ഭാഗമായി അമേരിക്കൻ ഭരണകൂടം നേരത്തെ തന്നെ വിപണി രാജ്യങ്ങളിലെ ആണവ നിയന്ത്രണ നിയമങ്ങളിൽ ഇടപെട്ട് തുടങ്ങിയിരുന്നു. ഇവയിൽ മുഖ്യമായി ലക്ഷ്യം വെക്കുന്ന വിപണി രാജ്യമാണ് ഇന്ത്യ. നരേന്ദ്ര മോദി സര്‍ക്കാര്‍ യു എസ് സമ്മര്‍ദ്ദത്തിന് കീഴ്പ്പെട്ട് നേരത്ത തന്നെ നിയന്ത്രണ നിയമങ്ങളിൽ ഇളവുകൾ വരുത്തി.


നേരത്തെ വാതിൽ തുറന്ന് ഇന്ത്യ


കഴിഞ്ഞ ഡിസംബറിൽ ഇന്ത്യ പാസാക്കിയ 'ശാന്തി' ആക്ട് (Sustainable Harnessing and Advancement of Nuclear Energy for Transforming India - SHANTI Act) ഇതിൽ നിർണ്ണായകമായി. അമേരിക്കൻ ആണവ താത്പര്യങ്ങളാണ് ആണവോ‍ര്‍ജ നിയന്ത്രണ നിയമം നേര്‍പ്പിച്ചതിന് പിന്നിലെന്ന് നേരത്തെ തന്നെ വിമര്‍ശനങ്ങൾ ഉയര്‍ന്നിരുന്നു. ആണവ കമ്പനി നിര്‍മ്മാണം പൂര്‍ത്തിയാക്കുക പോലും ചെയ്യുന്നതിന് മുൻപ് മാര്‍ക്കറ്റ് തുറക്കുന്നത് തന്ത്രപരമായി ഉറപ്പാക്കി.


ഒരു റിയാക്ടറിനുള്ളിൽ സ്വയം നിയന്ത്രിതമായ ആണവ ശൃംഖലാപ്രവർത്തനം (Self-sustaining nuclear chain reaction) ആരംഭിക്കുന്ന സുപ്രധാന ഘട്ടമാണ് ക്രിട്ടിക്കാലിറ്റി. ഇത് പൂര്‍ത്തീകരിക്കുന്നതോടെ ഊര്‍ജ ഉത്പാദന സജ്ജത തെളിയിക്കപ്പെടുകയാണ്. ആണവ മേഖലയിൽ കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി പുതിയ സാങ്കേതികവിദ്യകൾ പരീക്ഷിക്കാതിരുന്ന അമേരിക്ക ഈ രംഗത്ത് പുതിയ കച്ചവടത്തിന് ഒരുങ്ങി ഇറങ്ങിയിരിക്കയാണ്. ഈ നേട്ടം ഒരു 'രണ്ടാം ആണവ നവോത്ഥാനത്തിന്റെ' തുടക്കമായാണ് അമേരിക്കയിലെ ആണവമേഖലയിലെ വിദഗ്ധർ അവകാശപ്പെടുന്നത്. റഷ്യയോടും ഫ്രാൻസിനോടും മത്സരച്ച് ചെറുകിട റിയാക്ടര്‍ വിപണി വഴി സമ്പദ് ഘടനയുടെ തളര്‍ച്ച മാറ്റുകയാണ് ലക്ഷ്യം.


അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികമായ ജൂലൈ 4-നകം പുതിയ ആണവ ശേഷി തെളിയിക്കാൻ പോകുന്ന മൂന്ന് ചെറുകിട റിയാക്ടറുകളിൽ ആദ്യത്തേതാണ് ഇപ്പോൾ ക്രിട്ടിക്കലായിട്ടുള്ള അൻ്റാരസിന്റേത്. വെസ്റ്റിംഗ്ഹൗസിന്റെ '-ഇവിൻസി' (-eVinci), റേഡിയന്റിന്റെ 'കലൈഡോസ്' (Kaleidos) എന്നിവയാണ് മറ്റ് രണ്ട് റിയാക്ടറുകൾ. ഇവ തൊട്ടു പിന്നാലെ റെഡിയാവും.


"ശാന്തി" യിലെ ഇളവും

അശാന്തിയുടെ കച്ചവടവും


ഡിസംബറിൽ ശാന്തി നിയമം പാസാക്കിയതോടെ അതുവരെ പൂർണ്ണമായും സർക്കാർ നിയന്ത്രണത്തിലായിരുന്ന ആണവോർജ്ജ മേഖല ഇന്ത്യ സ്വകാര്യ കമ്പനികൾക്കായി തുറന്നുകൊടുത്തു. ഇതിലെ ഏറ്റവും ക്രൂരമായ വശം ബാധ്യതാ നിയമങ്ങളിലെ മാറ്റമാണ്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസൃതമായി എന്ന വിശേഷണത്തോടെ റിയാക്ടർ വിതരണക്കാരുടെ ബാധ്യതകളിൽ ഇളവ് വരുത്തി. ഓപ്പറേറ്റർമാരുടെ ബാധ്യതയ്ക്ക് പരിധി നിശ്ചയിക്കുകയും ചെയ്തു. ഇത് വിദേശ നിക്ഷേപകരെ ആകർഷിക്കാൻ സഹായിക്കും എന്നാണ് വാദം.


ചുരുക്കത്തിൽ ആണവ റിയാക്ടര്‍ പൊട്ടിത്തെറിച്ചാലും വികിരണം ചോര്‍ന്ന് ദുരന്തങ്ങൾ ഉണ്ടായാലും നിര്‍മ്മാണ കമ്പനിക്ക് ബാധ്യതയില്ല. ഇത്തരം നിലയങ്ങൾ പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്ക് നിയന്ത്രിത ബാധ്യത മാത്രം എന്നാക്കി.


ഭോപ്പാൽ ദുരന്തത്തിന് ഉത്തരവാദിയായ യുണിയൻ കാര്‍ബൈഡ് രക്ഷപെട്ടത് പോലെ തലമുറകളെ ദുരന്തത്തിന് ഇരയാക്കിയാലും ഒരു ബാധ്യതയും ഇല്ലാതെ രക്ഷപെടാം. ആണവ റിയാക്ടര്‍ നിര്‍മാണ കമ്പനിക്ക് ശാന്തി വഴി ബാധ്യത ഇളവ് മുൻകൂര്‍ തന്നെ മോദി സര്‍ക്കാര്‍ വാഗ്ദാനം നൽകി. വിദേശ നിക്ഷേപകരെ ആകർഷിക്കാൻ സഹായിക്കും എന്ന ഒറ്റ പോയിന്റിലാണ് ഇതിന് വേണ്ടിയുള്ള ലോബിയിങ് നേരത്തെ തന്നെ തുടങ്ങി വെച്ചത്. പാരമ്പര്യേതര ഊര്‍ജ മാര്‍ഗ്ഗങ്ങളിൽ ചെലവ് കുറഞ്ഞത് എന്ന വാദമായിരുന്നു. ഇത് ശരിവെക്കുന്നവര്‍ തന്നെ ദുരന്ത ബാധ്യതകളിൽ മുൻകൂര്‍ ഇളവ് പ്രഖ്യാപിച്ചത് എന്തിനെന്ന ചോദ്യത്തിന് ഉത്തരം നൽകുന്നില്ല.


"യുറേനിയം/തോറിയം ഖനനം, ആണവ അവശിഷ്ടങ്ങളുടെ സംസ്കരണം തുടങ്ങിയ തന്ത്രപ്രധാനമായ മേഖലകൾ ഇന്ത്യൻ സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ തന്നെ തുടരും" എന്നത് മാത്രമാണ് ഇതിലെ സുരക്ഷാ മുൻകരുതൽ. ഇടയിൽ, ആണവ അവശിഷ്ടങ്ങൾ കൈകാര്യം ചെയ്യുന്നത് സൗജന്യ പ്രഖ്യാപനം പോലെ അതത് രാജ്യങ്ങളുടെ തലയിൽ തന്നെ കെട്ടിവെച്ചിട്ടുമുണ്ട്.


എന്താണ് മൈക്രോ റിയാക്ടറുകൾ


പഴയകാലത്തെ ഭീമാകാരമായ ആണവനിലയങ്ങളിൽ നിന്ന് വ്യത്യസ്തമായി നൂറ് കിലോവാട്ട് മുതൽ 1.2 മെഗാവാട്ട് വരെ മാത്രം വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ളവയാണ് മൈക്രോ റിയാക്ടറുകൾ. ഇവ ഫാക്ടറികളിൽ നിർമ്മിച്ച്, വിമാനങ്ങളിൽ കയറ്റി ലോകത്തിന്റെ ഏത് കോണിലും എത്തിച്ച് സ്ഥാപിക്കാൻ സാധിക്കും. വൈദ്യുതി ഉത്പാദനത്തിന് പുറമെ, വ്യവസായങ്ങൾക്ക് ആവശ്യമായ ഉയർന്ന താപനിലയിലുള്ള നീരാവി (High-temperature steam) ഉത്പാദിപ്പിക്കാനും, ഹൈഡ്രജൻ നിർമ്മാണത്തിനും ഇവ ഉപയോഗിക്കാം. ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങൾക്കും അമേരിക്ക ഇത്തരം റിയാക്ടറുകൾ ലക്ഷ്യമിടുന്നുണ്ട്.


രാജ്യത്തെ തന്നെ വലിയ പദ്ധതിയായ ഇടുക്കി ജലവൈദ്യുത പദ്ധതി വഴി 130 മെഗാവാട്ടിന്റെ 6 ടർബൈനുകളുപയോഗിച്ച്, 780 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്.


ഇന്ത്യയെ ലക്ഷ്യമിട്ട് അമേരിക്ക


വൻകിട റിയാക്ടറുകളായ AP-1000-കൾക്ക് പുറമെ, ഇത്തരം ചെറുകിട മോഡുലാർ റിയാക്ടറുകൾ ഇന്ത്യയ്ക്ക് വിൽക്കാൻ അമേരിക്കൻ കമ്പനികൾക്ക് വലിയ താല്പര്യമുണ്ടെന്ന് ന്യൂക്ലിയർ എനർജി ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ മരിയ കോർസ്നിക് ഇതിനിടെ പറഞ്ഞിരുന്നു. ഇതിന് അനുസൃതമായാണ് അമേരിക്കൻ സാങ്കേതികവിദ്യയ്ക്ക് അനുകൂലമായി ഇന്ത്യയും ആണവ നയങ്ങളിൽ ചരിത്രപരമായ മാറ്റങ്ങൾ വരുത്തിയത്. രാജ്യത്തിന്റെ ഈ രംഗത്തെ സ്വന്തം പദ്ധതികൾ നിലനിൽക്കെയാണിത്.


micro nuclear plants


നിലവിൽ ഇന്ത്യയുടെ ആണവോർജ്ജ ഉത്പാദന ശേഷി വെറും 9 ജിഗാവാട്ട് മാത്രമാണ്. എന്നാൽ 2047-ഓടെ ഇത് 100 ജിഗാവാട്ടായി ഉയർത്താനാണ് രാജ്യം ലക്ഷ്യമിടുന്നത്. സിമന്റ്, ഇരുമ്പ് തുടങ്ങിയ വൻകിട വ്യവസായങ്ങൾക്ക് ആവശ്യമായ ഊർജ്ജം കണ്ടെത്താൻ വൻകിട റിയാക്ടറുകൾക്കൊപ്പം ചെറുകിട റിയാക്ടറുകളും ഉപയോഗിക്കും. ഇതിനായി സ്വയം പര്യാപ്തമായ സാങ്കേതിക തികവിലേക്ക് രാജ്യത്തെ സന്തം ശാത്രഗവേഷകര്‍ നയിക്കുന്ന ഘട്ടമാണ്.


കച്ചവടും സ്വയം ശേഷി കൈവരിക്കുമ്പോൾ


വരും വർഷങ്ങളിൽ ആഗോള ഊർജ്ജ ഭൂപടത്തെ മാറ്റിമറിക്കാൻ പോകുന്ന ഒന്നാകും ചെറുകിട ആണവ സാങ്കേതികവിദ്യ. ഇതിനായി മൂന്ന് തരത്തിലുള്ള റിയാക്ടറുകൾ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചു വരികയാണ്.


200 മെഗാവാട്ട് ശേഷിയുള്ള BSMR (Bharat Small Modular Reactor റിയാക്ടർ, വലിപ്പം കുറഞ്ഞ മറ്റൊരു മോഡുലാർ റിയാക്ടർ 55 MWe SMR. ശുദ്ധമായ ഹൈഡ്രജൻ ഉത്പാദനത്തിനായി മാത്രം പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ള 5 MWth ഹൈ ടെംപറേച്ചർ ഗ്യാസ് കൂൾഡ് റിയാക്ടർ എന്നിവയാണിവ. ഇതിനിടയിലാണ് തിടുക്കപ്പെട്ടുള്ള വിപണി തുറക്കലും അമേരിക്കൻ താത്പര്യങ്ങളുടെ കടന്നു വരവും സംഭവിക്കുന്നത്.


അമേരിക്ക അവിടെ നിയപ്രകാരം നിലനിന്നിരുന്ന റെഗുലേറ്ററി തടസ്സങ്ങൾ നീക്കി അവരുടെ ഡിപ്പാർട്ട്മെന്റ് ഓഫ് എനർജിക്ക് ഇത്തരം കച്ചവട അനുമതി നൽകാനുള്ള അധികാരം നൽകിയതും ഇന്ത്യയിൽ 'ശാന്തി' നിയമം വഴി ബാധ്യതയില്ലാതെ വാതിൽ തുറന്നു നൽകിയതും അടുത്തടുത്താണ്. ഇരുരാജ്യങ്ങളിലെയും സ്വകാര്യ കമ്പനികൾ തമ്മിലുള്ള ആണവ വ്യാപാരത്തിന് നേരത്തെ തന്നെ വഴി തുറന്നു വെച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home